സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ സ്ട്രോബെറി ക്വിക് മയക്കുമരുന്ന് മിഠായി…? പ്രചരിക്കുന്നത് വെറും കിംവദന്തി…

False സാമൂഹികം

സ്കൂള്‍ വിദ്യാര്‍ഥികളില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിക്കുന്നതായി ലോകത്ത് പലയിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. സ്കൂള്‍ കുട്ടികളുടെ ഇടയില്‍ വിതരണം മിഠായിയുടെ രൂപത്തിലുള്ള മയക്കുമരുന്നിന്‍റെ ചിത്രമാണിത് എന്ന മുന്നറിയിപ്പുമായി ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്.

പ്രചരണം 

“സ്ട്രോബെറി ക്വിക്ക്” എന്നറിയപ്പെടുന്ന നിറമുള്ളതും രുചിയുള്ളതുമായ ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ മയക്കുമരുന്ന് വ്യാപാരികൾ കുട്ടികൾക്ക് വിൽക്കുന്നുണ്ടെന്ന് അവകാശപ്പെട്ടാണ് പോസ്റ്റില്‍ വിവരണം നല്‍കിയിരിക്കുന്നത്. മയക്കുമരുന്ന് വ്യാപകമാണെന്നും കുട്ടികളെ ശ്രദ്ധിക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെടുന്നുവെന്നും വിവരണത്തില്‍ പറയുന്നു. സ്കൂളുകളിൽ പുതിയ മയക്കുമരുന്ന്…
നിങ്ങൾക്ക് സ്കൂളിൽ കുട്ടികൾ ഇല്ലെങ്കിൽപ്പോലും ഈ സന്ദേശം മറ്റുള്ളവരിലേക്ക് പങ്കിടുക. എല്ലാ മാതാപിതാക്കളും ഈ മയക്കുമരുന്നിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. **’സ്ട്രോബെറി ക്വിക്’** എന്ന് അറിയപ്പെടുന്ന ഈ പുതിയ മയക്കുമരുന്ന് (ക്രിസ്റ്റൽ മെത്ത്) സ്കൂൾ മൈതാനങ്ങളിൽ കുട്ടികൾക്കിടയിൽ വിതരണം ചെയ്യപ്പെടുന്നുണ്ട്. ഇത് **സ്ട്രോബെറി പോപ്പ് റോക്ക്സ്** (വായിൽ പൊട്ടിത്തെറിക്കുന്ന മിഠായി) പോലെ കാണപ്പെടുകയും സ്ട്രോബെറി പഴത്തിന്റെ മണമുണ്ടാക്കുകയും ചെയ്യുന്നു. ഇത് മിഠായി എന്ന് തെറ്റിദ്ധരിച്ച് കുട്ടികൾ കഴിച്ചതിന് ശേഷം ആപത്തുകരമായ അവസ്ഥയിൽ ആശുപത്രിയിലേക്ക് എത്തിക്കപ്പെടുന്നു.

ചോക്ലേറ്റ്, പീനട്ട് ബട്ടർ, കോള, ചെറി, ഗ്രേപ്പ്, ഓറഞ്ച് തുടങ്ങിയ സ്വാദുകളിലും ഈ മരുന്ന് ലഭ്യമാണ്. **അതിനാൽ, നിങ്ങളുടെ കുട്ടികളോട് ഇതുപോലുള്ള മിഠായി പരിചയമില്ലാത്തവരിൽനിന്നോ സ്നേഹിതനിൽനിന്നോ പോലും സ്വീകരിക്കാതിരിക്കാനും, അവർക്ക് ഇത് ലഭിച്ചാൽ ഉടൻ തന്നെ ഒരു ടീച്ചർ അല്ലെങ്കിൽ പ്രിൻസിപ്പൽക്ക് അറിയിക്കാനും പഠിപ്പിക്കുക.**

ഈ സന്ദേശം നിങ്ങൾക്ക് കഴിയുന്നത്ര ആളുകളിലേക്ക് പങ്കിടുക. എല്ലാവരുടെയും സുരക്ഷയ്ക്കായി ശ്രദ്ധാപൂർവ്വം നടപടി എടുക്കുക”

FB postarchived link

എന്നാല്‍ തെറ്റായ പ്രചാരമാണ് ഇതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇങ്ങനെ

ഞങ്ങൾ ഒരു കീവേഡ് അന്വേഷണം നടത്തിയപ്പോള്‍ സ്നോപ്സ് എന്ന  വസ്തുതാ പരിശോധനാ മാധ്യമം പതിറ്റാണ്ടുകൾക്ക് മുമ്പ് യുഎസ്എ പോലുള്ള രാജ്യങ്ങളിൽ ഈ അവകാശവാദം പ്രചരിച്ചപ്പോൾ പൊളിച്ചിരുന്നു എന്ന് കണ്ടെത്തി.

2007 ന്റെ തുടക്കത്തിൽ, “സ്ട്രോബെറി ക്വിക്ക്” എന്നറിയപ്പെടുന്ന മധുരമുള്ളതും രുചിയുള്ളതുമായ മെത്താംഫെറ്റാമൈൻ മിഠായികളെക്കുറിച്ച് മുന്നറിയിപ്പുകൾ പ്രചരിച്ചിരുന്നു. 2007 ജനുവരിയിൽ യുഎസ്എയിലെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിലാണ് പ്രചരണത്തിന്‍റെ തുടക്കം. കുട്ടികളെ മിഠായിയാണെന്ന് തെറ്റിദ്ധരിപ്പിച്ചേക്കാം എന്ന പരിഭ്രാന്തി ഈ കിംവദന്തികള്‍ സൃഷ്ടിച്ചു.

സ്ട്രോബറി ക്വിക്കിനെക്കുറിച്ചുള്ള ആ മുൻകരുതൽ പ്രസ്താവനകൾക്കും പ്രചാരണങ്ങൾക്കും പിന്നാലെ യുഎസിലെ വാർത്താ മാധ്യമങ്ങൾ നിയമപാലകരോട് ഇതിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. കിംവദന്തികൾ അടിസ്ഥാനരഹിതമാണെന്ന് മാധ്യമങ്ങൾ വ്യക്തമാക്കി. മിഠായിയുടെ രൂപവും രുചിയും അനുകരിച്ച് വിപണിയിലെത്തിക്കുന്ന മിഠായികൾ കുട്ടികള്‍ക്കിടയില്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മയക്കുമരുന്ന് മാഫിയകൾ മനഃപൂർവ്വം കുട്ടികളെ ലക്ഷ്യമിടുന്നുവെന്ന് പരിഭ്രാന്തി സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നല്ലാതെ പ്രചരണത്തിന് യാതൊരു അടിസ്ഥാനവുമില്ല. 

2010-ൽ DEA (ഡ്രഗ്സ് എൻഫോഴ്‌സ്‌മെന്‍റ് അഡ്മിനിസ്ട്രേഷൻ, യുഎസ്എ) വക്താവ് നിരീക്ഷിച്ചത് “സ്ട്രോബെറി ക്വിക്ക്” എന്നത് കിംവദന്തി അല്ലാതെ മറ്റൊന്നുമില്ല” എന്നാണ്. വിഷയവുമായി ബന്ധപ്പെട്ട് മറ്റൊരു വസ്തുതാ പരിശോധനാ വെബ്സൈറ്റ് ലേഖനം വായിക്കാം. 

സ്ട്രോബെറി ക്വിക് എന്ന മിഠായിയുടെ പേരില്‍ പ്രചരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ തെറ്റാണെന്നും സത്യമല്ലെന്നും വ്യക്തമാക്കി 2025 ജനുവരി 31-ന്, അരുണാചൽ സ്റ്റേറ്റ് പോലീസ് ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇത് വെറും ഇന്‍റര്‍നെറ്റ് തട്ടിപ്പ് മാത്രമാണെന്നും പ്രസ്താവനയില്‍ പറയുന്നു. 

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ വൈറൽ ചിത്രം മെത്താംഫെറ്റാമൈനല്ല, മറിച്ച് “ടെഡി ബിയർ” എക്സ്റ്റസി എന്ന ടാബ്‌ലെറ്റാണ് എന്നു കണ്ടെത്തി.

ടെഡി ബിയർ എക്സ്റ്റസി കഴിച്ച ശേഷം സ്കൂൾ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെക്കുറിച്ച് ചില യുകെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജമൈക്ക പോലുള്ള കരീബിയൻ രാജ്യങ്ങളിൽ പ്രചരിച്ച പോസ്റ്റുകളുടെ മുകളില്‍ അവിടുത്തെ വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിരുന്നു.  

കൂടുതൽ വ്യക്തതക്കായി ഞങ്ങൾ കേരള പോലീസ് മീഡിയ സെന്‍ററുമായി ബന്ധപ്പെട്ടു. ഇങ്ങനെയുള്ള ഏതെങ്കിലും  മയക്കുമരുന്നുകൾ സ്കൂൾ കുട്ടികളെ ലക്ഷ്യം വച്ച് വിൽപ്പന നടത്തുന്നതായി ഒരു റിപ്പോർട്ടും പരാതിയും ലഭിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. 

നിഗമനം 

പോസ്റ്റിലെ ചിത്രം 2007 മുതല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങളില്‍ പ്രചരിക്കുന്ന ഒരു കിംവദന്തി മാത്രമാണ്. സ്ട്രോബെറി ക്വിക് എന്ന പേരില്‍ സ്കൂള്‍ കുട്ടികളുടെ ഇടയില്‍ മയക്കുമരുന്ന് മിഠായി വിതരണം ചെയ്യുന്നതായി ലോകത്ത് ഒരിടത്തും ഇതുവരെ വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ ഇല്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ സ്ട്രോബെറി ക്വിക് മയക്കുമരുന്ന് മിഠായി…? പ്രചരിക്കുന്നത് വെറും കിംവദന്തി…

Fact Check By: Vasuki S 

Result: False