
പതിനേഴാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്‍റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ ഔറംഗാബാദില്‍ കഴിഞ്ഞ ആഴ്ച നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. നാഗ്പൂരിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെയാണ് ഛത്രപതി സംഭാജിനഗർ എന്നറിയപ്പെടുന്ന ഔറംഗാബാദ് സ്ഥിതി ചെയ്യുന്നത്.
നാഗ്പൂരിൽ മുസ്ലീങ്ങൾ സംഘടിപ്പിച്ച വലിയ റാലി എന്ന പേരിൽ ഈ പശ്ചാത്തലത്തിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഒരു ഫ്ലൈ ഓവറിന് താഴെയുള്ള റോഡിലൂടെ ആയിരങ്ങള്‍ പങ്കെടുത്ത വലിയൊരു റാലി കടന്നു പോകുന്നതായി ദൃശ്യങ്ങളില്‍ കാണാം. നാഗ്പൂരിൽ മുസ്ലിങ്ങൾ സംഘടിപ്പിച്ച റാലിയാണ് ഇതെന്ന് സൂചിപ്പിച്ച ഒപ്പമുള്ള വിവരണം ഇങ്ങനെ: “മാഷാ അള്ളാഹ് നാഗ്പൂരിൽ നിന്നുള്ള കാഴ്ച…
ഔറംഗസീബ് റഹ്മത്തുള്ളാ അലൈഹിയുടെ ഖബറിടം പൊളിക്കാൻ വരുന്ന സങ്കികൾക്കുള്ള മുന്നറിയിപ്പ്…”
എന്നാൽ ഈ ബഹുജന റാലിക്ക് നാഗ്പൂരുമായി യാതൊരു ബന്ധവുമില്ലെന്നും കഴിഞ്ഞ വർഷം ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ നടന്ന റാലിയാണിത് എന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളിൽ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ദൃശ്യങ്ങൾ 024 നവംബർ 27ന് ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ ഇസ്ലാമി ഛത്ര ശിബിർ നടത്തിയ റാലിയിൽ നിന്നുള്ളതാണെന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചു. “ബംഗ്ലാദേശ് ഇസ്ലാമിക് സ്റ്റുഡന്‍റ് യൂണിയൻ ചിറ്റഗോങ്ങിൽ വൻ പ്രതിഷേധ മാർച്ച് നടത്തി” എന്ന വിവരണത്തോടെ ഇതേദൃശ്യങ്ങളുടെ ദൈര്‍ഘ്യമുള്ള വീഡിയോ 2024 നവംബർ 27ന് ജമാത്ത് ഘാക്ക സിറ്റി സൌത്ത് എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.
ജൂലൈയിലെ കൂട്ടക്കൊലയ്ക്ക് നീതി ആവശ്യപ്പെട്ട് ദേശീയ വിദ്യാർത്ഥി ഐക്യദാർഢ്യ വാരത്തോടനുബന്ധിച്ച് ബുധനാഴ്ച പ്രതിഷേധ മാർച്ച് എന്ന് ബംഗാളി ഭാഷയില്‍ എഴുതിയിട്ടുണ്ട്.
ഈ സൂചന ഉപയോഗിച്ച് കൂടുതൽ തിരഞ്ഞപ്പോൾ ചില വാര്‍ത്താ ചാനലുകള്‍ യുട്യൂബില്‍ സമാന വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് കണ്ടെത്തി. “ചിറ്റഗോങ്ങിൽ ഇത്രയും വലിയൊരു ഘോഷയാത്ര ആരും ഇതുവരെ കണ്ടിട്ടില്ല. ഇസ്ലാമി ഛത്ര ഷിബിർ ചിറ്റഗോംഗ് മെട്രോപൊളിറ്റൻ സിറ്റി സംഘടിപ്പിച്ചത് എന്ന് ബംഗാളി ഭാഷയില്‍ അടിക്കുറിപ്പ് നല്‍കിയിട്ടുണ്ട്.
ഖുല്‍നാ ഗസറ്റ് എന്ന ബംഗ്ലാദേശി മാധ്യമം റാലിയെ കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചു.
ബംഗ്ലാദേശിലെ പല ഭാഗത്തും സംഘടന വലിയ റാലികൾ സംഘടിപ്പിച്ചതായി ബാംഗ്ല ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിറ്റഗോങ്ങി നടത്തിയ റാലിയെ കുറിച്ചുള്ള റിപ്പോർട്ടുകൾ ബംഗ്ലാദേശിലെ പല മാധ്യമങ്ങളിലും വന്നിരുന്നു.
2024 നവംബർ 24ന് ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ ഇസ്ലാമി ഛത്ര ശിബിർ നടത്തിയ റാലിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് നാഗ്പൂരിന്‍റെ പേരിൽ പ്രചരിപ്പിക്കുന്നത്.
നിഗമനം
പോസ്റ്റിലെ ബഹുജന റാലിയുടെ ദൃശ്യങ്ങൾ നാഗ്പൂരിൽ നിന്നുള്ളതല്ല. 2024 നവംബർ 24ന് ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ ഇസ്ലാമി ഛത്ര ശിബിർ നടത്തിയ റാലിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് നാഗ്പൂരിന്‍റെ പേരിൽ പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ബംഗ്ലാദേശില്‍ നിന്നുള്ള ഈ ബഹുജന റാലിക്ക് നാഗ്പൂരുമായി യാതൊരു ബന്ധവുമില്ല…
Fact Check By: Vasuki SResult: False
