
പ്രചരണം
കോവിഡ് വ്യാപന നിരക്ക് കുറച്ച് കുറഞ്ഞെങ്കിലും പല സംസ്ഥാനങ്ങളിലും കോവിഡ് മരണ നിരക്ക് ഉയർന്നു തന്നെ നിൽക്കുകയാണ്. കോവിഡ് പ്രതിസന്ധി തടയുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി സർക്കാരും പരാജയപ്പെട്ടു എന്നാരോപിച്ച് ഭരണകൂടത്തെ വികാരഭരിതവും രൂക്ഷവുമായ ഭാഷയില്‍ വിമർശിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ ക്ലിപ്പ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭാഷത്തിനിടയില്‍ അവര്‍ പറയുന്നു: “എന്‍റെ 36 വർഷത്തെ ജീവിതത്തിനിടയിൽ, ഇത്തരമൊരു അന്ധനായ പ്രധാനമന്ത്രിയെ, അന്ധനായ ആഭ്യന്തരമന്ത്രിയെ, ആരോഗ്യമന്ത്രിയെ ഞാൻ കണ്ടിട്ടില്ല. കൊറോണയെ തടയുന്നതിൽ നിങ്ങൾ എല്ലാവരും ദയനീയമായി പരാജയപ്പെട്ടു.” ഈ സ്ത്രീ ബിജെപി എംപി മനേക ഗാന്ധിയാണെന്നാണ് അവകാശവാദം. വീഡിയോയുടെ ഒപ്പം നൽകിയിട്ടുള്ള വിവരണം ഇങ്ങനെയാണ്: “ബിജെപി യുടെ മന്ത്രി മേനകാ ഗാന്ധി ശക്തമായി പ്രതികരിക്കുന്നു രാജ്യം ഇങ്ങനെ യോരു അക്രമകാരികളായ മന്ത്രിമാരെ ഇത് വരെ കണ്ടിട്ടില്ല സ്വന്തം രാജ്യത്തിലെ മനുഷ്യരുടെ ചോര കുടിക്കുന്ന രക്തദാഹികൾ വ്യാജ മരുന്നുകൾ ഉണ്ടാക്കി വിഭണിയിൽ കാശുണ്ടാക്കുന്ന രാജ്യത്തെ അവസ്ഥയറിയാത്ത മോദിയും അമിത് ഷായും👏”
എന്നാല്‍ ഇവര്‍ മേനകാ ഗാന്ധിയല്ല. മറ്റൊരു സ്ത്രീയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഞങ്ങള്‍ വീഡിയോയുടെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാനായി മനേക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നു എന്ന കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞു നോക്കി. എന്നാല്‍ ഇത്തരത്തില്‍ യാതൊരു വാര്‍ത്തയും ലഭിച്ചില്ല. മനേക ഗാന്ധി ബിജെപിയെയോ നരേന്ദ്ര മോഡിയെയോ വിമർശിച്ചതായി റിപ്പോർട്ടുകളില്ല. ബിജെപിയുടെ എംപിയായ മനേക ഗാന്ധി ഇങ്ങനെയൊരു വിമര്‍ശനം നടത്തിയിരുന്നു എങ്കില്‍ അത് മാധ്യമങ്ങളിൽ വാര്‍ത്തയാകുമായിരുന്നു.
വീഡിയോയിലെ സ്ത്രീ തന്‍റെ പ്രായം 36 വയസാണെന്ന് പറയുന്നുണ്ട്. മനേക ഗാന്ധിക്ക് നിലവിൽ 64 വയസ്സാണുള്ളത്. അതില്‍ നിന്ന് തന്നെ ഇവര്‍ മനേക ഗാന്ധിയല്ല എന്ന് ഉറപ്പിക്കാം. സാമൂഹ്യ മാധ്യമങ്ങളിൽ തിരഞ്ഞപ്പോൾ, ഈ സ്ത്രീയുടെ നിരവധി വീഡിയോകൾ വൈറലായതായി ഞങ്ങൾ മനസ്സിലാക്കി. ഇവരുടെ പേര് ഡോളി ശർമ എന്നാണ്. ഇവർക്ക് വെരിഫൈഡ് ഫേസ്‌ബുക്ക് പേജുണ്ട്.
ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് അവർ താമസിക്കുന്നതെന്ന് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പറയുന്നു. ഗാസിയാബാദിലെ ഭീതിതമായ അവസ്ഥയെക്കുറിച്ച് ഡോളി ശർമ ഏപ്രിൽ 20 ന് ഫേസ്ബുക്ക് ലൈവിൽ ബിജെപിയെ വിമർശിച്ചിരുന്നു. വീഡിയോയിൽ നിന്നുള്ള മൂന്ന് മിനിറ്റ് ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അതില്‍ നിന്നുള്ള ഒരു ഭാഗമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ മനേക ഗാന്ധിയുടെ പേരില്‍ പ്രചരിക്കുന്നത്.
വൈറൽ വീഡിയോയിലെ സ്ത്രീ മനേക ഗാന്ധിയല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വീഡിയോയിലെ സ്ത്രീയുടെ പേര് ഡോളി ശർമ്മ എന്നാണ്. അവർ ഒരു കോൺഗ്രസ് പാർട്ടിയുടെ പ്രാദേശിക നേതാവാണ്. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇവര്‍ മത്സരിച്ചിരുന്നു.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. ബിജെപിയെയും നരേന്ദ്ര മോദിയെയും മനേക ഗാന്ധി വിമര്‍ശിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്നത് ഡോളി ശര്‍മ എന്ന മറ്റൊരു സ്ത്രീയുടെ വീഡിയോ ആണ്. ഇവര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ്സിന്‍റെ ഒരു പ്രാദേശിക നേതാവാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:വീഡിയോയില്‍ പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിക്കുന്നത് മനേക ഗാന്ധിയല്ല, ഡോളി ശര്‍മ എന്നൊരു സ്ത്രീയാണ്…
Fact Check By: Vasuki SResult: False
