അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനുശേഷം രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നും രാമക്ഷേത്രത്തിലേയ്ക്ക് വ്യക്തികളും സംഘടനകളും ആരാധനാലയങ്ങളും വിവിധ വസ്തുക്കള്‍ സംഭാവന ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും വാര്‍ത്തകളും വരുന്നുണ്ട്. വിലപിടിപ്പുള്ള അത്തരമൊരു സംഭാവന രാമക്ഷേത്രത്തിന് ലഭിച്ചതായി അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം

ഇപ്പോഴിതാ, അമേരിക്കയില്‍ നിന്നും അയോധ്യയിലെ രാമക്ഷേത്രത്തിൽ ശ്രീരാമന് 12 പുതിയ സ്വർണ്ണ രഥങ്ങൾ സമ്മാനിച്ചതായി അവകാശപ്പെട്ട് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച വിവിധ രഥങ്ങളുടെയും മറ്റും മനോഹരങ്ങളായ ദൃശ്യങ്ങളാണ് കാണുന്നത്. ഉത്സവ ഘോഷയാത്രയിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന രഥങ്ങളാണിത്. വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെ: “അമേരിക്കയിൽ നിന്നും അയോധ്യ രാമ ക്ഷേത്രത്തിൽ സംഭാവനയായി സമർപ്പിച്ച 11 വാഹനങ്ങളും ഒരു രഥവും... എല്ലാം ശുദ്ധമായ സ്വർണ്ണത്തിൽ നിർമ്മിച്ചത്🙏

FB postarchived link

യുഎസിലെ എൻആർഐ വാസവി അസോസിയേഷൻ സമ്മാനം നല്കിയ രഥങ്ങളാണിത് എങ്കിലും അയോധ്യയിലെ ശ്രീരാമ ക്ഷേത്രവുമായി ഈ സംഭാവനകള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ , “തെലങ്കാനയിലെ ഭദ്രാചലം ക്ഷേത്രത്തിലെ 12 പുതിയ സ്വർണ്ണ ദിവ്യ വാഹന പ്രതിഷ്ഠ, എൻആർഐ വാസവി സംഘം രഥങ്ങൾ സംഭാവന ചെയ്തത് ” എന്ന തലക്കെട്ടോടെ V6 വാർത്താ ചാനൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോ റിപ്പോർട്ട് ലഭിച്ചു.

2023 മാർച്ച് 21-നാണ് ഇത് അപ്‌ലോഡ് ചെയ്തത്. തെലങ്കാനയിലെ ഭദ്രാചലത്തിലുള്ള സീതാ രാമചന്ദ്രസ്വാമി ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്ത പുതിയ സ്വർണ്ണ രഥങ്ങൾ വീഡിയോ കാണിക്കുന്നു.

തെലങ്കാനയിലെ ഭദ്രാചലത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ശ്രീ സീതാ രാമചന്ദ്രസ്വാമി ക്ഷേത്രം. ഈ പ്രദേശത്തെ ഭദ്രാചലം എന്നാണ് വിളിക്കുന്നത്. കഴിഞ്ഞ 2023 മാർച്ചിൽ ശ്രീ സീതാ രാമചന്ദ്ര സ്വാമി ക്ഷേത്രത്തിന് 67 ലക്ഷം രൂപ വിലമതിക്കുന്ന 12 പുതിയ രഥങ്ങൾ യുഎസ് ആസ്ഥാനമായുള്ള എൻആർഐ വാസവി അസോസിയേഷൻ (എൻആർഐവിഎ) സമ്മാനിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

എൻആർഐ വാസവി അസോസിയേഷൻ ഓഫ് യുഎസ്എയുടെ നിർദേശപ്രകാരം തമിഴ്നാട്ടിലെ കുംഭകോണത്താണ് 12 വാഹനങ്ങൾ നിർമിച്ചത്. ഇതിൽ പ്രൌഡ രഥങ്ങളായ ഹനുമാൻ തേര്, കൽപവൃക്ഷ രഥം, സിംഹാസനം, ഹംസ വാഹനം, സിംഹം, ഗജ, അശ്വ, ചന്ദ്രപ്രഭ, സൂര്യപ്രഭ, ഗരുഡൻ, ശേഷരഥങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഭദ്രാചലം ക്ഷേത്രത്തിലെ തിരുവീടി സേവയ്ക്കായി രഥങ്ങൾ സംഭാവന ചെയ്തതായി നിരവധി വാർത്താ വെബ്‌സൈറ്റുകൾ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടാതെ, വ്യക്തതയ്ക്കായി ഞങ്ങൾ അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ടു. തെറ്റായ അവകാശവാദമാണെന്നും വ്യാജ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്നും രാം മന്ദിർ ട്രസ്റ്റ് ഡെസ്‌കിലെ ആദിത്യ അറിയിച്ചു. ഇതിനെക്കുറിച്ച് അവർക്ക് യാതൊരു അറിവുമില്ല.

നിഗമനം

വീഡിയോയില്‍ കാണുന്നത് അമേരിക്കയില്‍ നിന്നും അയോധ്യ രാമ ക്ഷേത്രത്തിലേക്ക് സംഭാവന ലഭിച്ച രഥങ്ങള്‍ ആണെന്ന പ്രചരണം തെറ്റാണ്. 2023 മാർച്ചിൽ അമേരിക്കയിലെ എൻആർഐ വാസവി അസോസിയേഷൻ തെലങ്കാനയിലെ ഭദ്രാചലത്തിലുള്ള ശ്രീ സീതാ രാമചന്ദ്ര സ്വാമി ക്ഷേത്രത്തിന് നൽകിയ സ്വർണ്ണ രഥങ്ങളാണിത്. ഇതിന് അയോധ്യ രാമക്ഷേത്രവുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ദൃശ്യങ്ങളിലെ സ്വര്‍ണ്ണ രഥങ്ങള്‍ അയോധ്യ ശ്രീരാമ ക്ഷേത്രത്തില്‍ സംഭാവനയായി ലഭിച്ചതല്ല, സത്യമിങ്ങനെ...

Written By: Vasuki S

Result: False