
ബുള്‍ഡോസര്‍ ഉപയോഗിച്ച് ക്രമസമാധാനം നേരിടുന്നതിന് ഉത്തർപ്രദേശ് സർക്കാരിനെതിരെ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സുപ്രീം കോടതി കടുത്ത വിമർശനം അടുത്തിടെ ഉന്നയിച്ചിരുന്നു. നിയമവിരുദ്ധമായി വീടുകൾ പൊളിച്ചുമാറ്റിയതിന് പ്രയാഗ്‌രാജ് വികസന അതോറിറ്റിയെ കോടതി ശാസിക്കുകയും ഭരണഘടനാ അവകാശങ്ങൾ ലംഘിച്ചതിന് പിഴ ചുമത്തുകയും ചെയ്തു. കൂടാതെ, സിവിൽ തർക്കങ്ങളെ അനുചിതമായി ക്രിമിനൽ കേസുകളാക്കി മാറ്റിയതിന് യുപി പോലീസിനെ ശാസിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലുണ്ടായ ബുള്‍ഡോസര്‍ നടപടിക്കിടെയുണ്ടായ അപകടം എന്ന രീതിയില്‍ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ബുള്‍ഡോസറിന് താഴെയായി ഒരാള്‍ കിടക്കുന്നതും കുറച്ചകലെ മാറി രണ്ട് സ്ത്രീകള്‍ ഇരുന്നു കരയുന്നതും വീഡിയോയില്‍ ദൃശ്യമാണ്. യുപി സര്‍ക്കാരിന്‍റെ ബുള്‍ഡോസര്‍ നടപടിക്കിടെ ഒരാള്‍ കൊല്ലപ്പെട്ട ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “UP ഉത്തർപ്രദേശ് യോഗി എന്ന സന്യാസി ഭരിക്കുന്ന ഇടം……ഒരു തെമ്മാടിക്ക് സന്യാസി ആവാം…..പാവങ്ങളുടെ മേൽ ഫുൾഡോസർ രാജ്……..വർഷങ്ങളോളം കോൺക്രസ്സ് ഭരിച്ച സംസ്ഥാനം ഭരണം നിലനിർത്താൻ കഴിഞ്ഞില്ല….അഴിമതിയും മുഖ്യമന്ത്രി ആവാനുള്ള മത്സരവും ഒരു ഒരു ജനതയുടെ ജീവിതം തന്നെ തകർത്തു അതിന്ബി.ജെ.പിക്ക് വളരാൻ അവസരം ഉണ്ടാക്കി കൊടുത്തു…. മനുഷ്യനായി ജനിച്ച ഒരാളിനും 20 മിനിറ്റ് വീഡിയോ കാണാൻ കഴിയില്ല….”
സംഭവം ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ബുള്‍ഡോസര്‍ നടപടിയല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. ലഖ്‌നൗവില്‍ ജെസിബി ഓപ്പറേറ്ററായ രാജ് കശ്യപ് അപകടത്തില്‍ മരിച്ചതിന്‍റെ ദൃശ്യങ്ങളാണിത്.
വസ്തുത ഇതാണ്
വീഡിയോ കീഫ്രെയ്മുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ സമാന ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് 2025 മെയ് 26ന് ദൈനിക് ഭാസ്‌കര്‍ പ്രസിദ്ധീകരിച്ചിരുന്നു.
ലഖ്‌നൗവിലെ സക്ര എന്ന സ്ഥലത്താണ് ഈ സംഭവം നടന്നത്. ലഖ്‌നൗവിലെ കകോരി കോട്‌വാലി പ്രദേശത്ത് ഒരു ജെസിബി ഓപ്പറേറ്ററെ ക്രൂരമായി കൊലപ്പെടുത്തിയ ഹൃദയഭേദകമായ സംഭവം പുറത്തുവന്നു. കകോരിയിലെ സുബ്രത് നഗറിലെ താമസക്കാരനായ രാജ് കശ്യപ് ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മരിച്ചയാളെ രാജ് കശ്യപ് എന്നാണ് തിരിച്ചറിഞ്ഞത്.
കകോരി പ്രദേശത്തെ സക്ര കൊത്തഹ ഗ്രാമത്തിലെ ഘുർഗുരി കുളത്തിലാണ് ഈ സംഭവം. മത്സ്യകൃഷിക്കായി ഇവിടെ ഖനനം നടത്തുകയായിരുന്നു, അതിൽ രാജ് കശ്യപ് ജെസിബി മെഷീൻ ഓടിച്ചിരുന്നു. ഈ സമയത്ത്, ജെസിബിയുടെ അടിയിൽ കുഴിച്ചിട്ട നിലയിൽ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി. വിവരം ലഭിച്ചയുടൻ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. പോലീസ് സ്ഥലത്തെത്തി കുഴിച്ചെടുത്തപ്പോൾ മൃതദേഹം രാജ് കശ്യപ് ആണെന്ന് തിരിച്ചറിഞ്ഞു. ഈ സംഭവത്തെ കുറിച്ച് മറ്റ് മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകളും ഞങ്ങള്‍ പരിശോധിച്ചു. മത്സ്യ കൃഷി നടത്തുന്നതിന് വേണ്ടി കക്കോരിയിലെ ഗുര്‍ഗുരി കുളം ജെസിബി ഉപയോഗിച്ച് വൃത്തിയാക്കുന്ന ജോലി നടന്നുവരികയായിരുന്നു. ജെസിബി ഓപ്പറേറ്ററായ രാജ് കശ്യപിനാണ് ജോലിയുടെ മേല്‍നോട്ട ചുമതല ഉണ്ടായിരുന്നത്. സ്ഥലത്ത് പണി ചെയ്തിരുന്ന ചില തൊഴിലാളികളും രാജും തമ്മില്‍ കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം സംഘര്‍ഷം നടന്നിരുന്നതായി പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
രാജ് കശ്യപിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി മെയ് 29ന് നവഭാരത് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജിനൊപ്പം ജോലി ചെയ്തിരുന്ന വീരു കശ്യപ് (ഹീറോ) എന്നയാളാണ് അറസ്റ്റിലായത്. വീരുവിന്‍റെ മൊഴി അനുസരിച്ച് മനപൂര്‍വമായ കൊലപാതകമായിരുന്നില്ലെന്ന് കക്കോരി ഇന്‍സ്‌പെക്ടര്‍ സതീഷ് ചന്ദ്ര റാത്തോര്‍ വ്യക്തമാക്കി എന്നാണ് വാര്‍ത്ത.
മെയ് 25ന് രാത്രി മത്സ്യ കൃഷി കരാറുകാരനായ ആര്യന്‍ പ്രതാപ് സിംഗ് ജന്മദിന പാര്‍ട്ടി നടത്തിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന വീരുവും രാജും ആര്യനും ഒരുമിച്ച് മദ്യപിച്ചു. തുടര്‍ന്ന് വീരു ജെസിബി ഓടിച്ച് പഠിക്കാന്‍ ശ്രമം നടത്തുന്നതിനിടെ മുകളില്‍ കിടന്ന് ഉറങ്ങിപ്പോയ രാജ് താഴെ വീണെന്നും ഇക്കാര്യം ശ്രദ്ധിക്കാതെ മണ്ണ് വാരി മുകളിലിട്ടെന്നുമാണ് വീരു പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇക്കാര്യം പൊലീസ് പൂര്‍ണ്ണമായി വിശ്വസിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇന്‍സ്‌പെക്ടര്‍ റാത്തോര്‍ വ്യക്തമാക്കി. ഈ സംഭവം ആസൂത്രിത കൊലപാതകമാണോ എന്ന കാര്യം ഇതുവരെ വെളിപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്.
സംഭവത്തെ കുറിച്ചുള്ള ഔദ്യോഗിക വിശദീകരണത്തിനായി ഞങ്ങള്‍ ലഖ്‌നൗ വെസ്റ്റ് ഡിസിപി വിശ്വജിത് ശ്രീവാസ്തവയോട് സംസാരിച്ചു. മത്സ്യക്കുളം നിര്‍മിക്കുന്നതിന് സ്വകാര്യ വ്യക്തിയുടെ ബുള്‍ഡോസര്‍ ഉപയോഗിച്ച് ജോലികള്‍ നടത്തുന്നതിനിടെ നടന്ന സംഭവമാണെന്ന് ഡിസിപി സ്ഥിരീകരിച്ചു. “അറസ്റ്റിലായ വീരു കശ്യപും പൊലീസ് ചോദ്യം ചെയ്യുന്ന മറ്റൊരാളും കൊല്ലപ്പെട്ട രാജ് കശ്യപിന്‍റെ സുഹൃത്തുക്കളാണ്. ഒരുമിച്ച് മദ്യപിച്ച ശേഷം അബദ്ധത്തില്‍ സംഭവിച്ച അപകടമെന്നാണ് ആദ്യം ലഭിച്ച വിവരം. അറസ്റ്റിലായ വീരുവിനു രാഷ്ട്രീയ പശ്ചാത്തലമൊന്നും ഇല്ല. മറ്റേയാളും രാഷ്ട്രീയ ബന്ധമില്ലാത്ത കൂട്ടത്തിലാണ്. വിശദാംശങ്ങള്‍ അന്വേഷണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നതാണ്. ഈ സംഭവത്തിന് സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാണ്.”
മത്സ്യ കൃഷിക്ക് വേണ്ടി പാട്ടത്തിനെടുത്ത സ്ഥലത്താണ് സംഭവം നടന്നത്. കുളം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളതാണ് 2019 മുതല്‍ 2029 വരെ ആര്യന്‍ പ്രതാപ് സിംഗ് പാട്ടത്തിനെടുത്തിട്ടുണ്ട്. അടുത്ത കൃഷിക്കായി കുളം തയ്യാരാക്കുന്നതിനിടെയാണ് അത്യാഹിതം സംഭവിച്ചത്. പണി സൈറ്റില്‍ തന്നെയാണ് രാജ് കശ്യപും സുഹൃത്തുക്കളും താമസിച്ചത്. തിങ്കളാഴ്ച രാവിലെയാണ് രാജിന്‍റെ മൃതദേഹം കണ്ടെത്തിയത്.
ഈ സംഭവത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ വിവാദമായ ബുള്‍ഡോസര്‍ നടപടിയുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
ലഖ്നൌവില്‍ ജെസിബി അപകടത്തില്‍ ഓപ്പറേറ്റര്‍ കൊല്ലപ്പെട്ട സംഭവത്തിന് യുപി സര്‍ക്കാരിന്‍റെ വിവാദമായ ബുള്‍ഡോസര്‍ നടപടിയുമായി യാതൊരു ബന്ധവുമില്ല. സര്‍ക്കാര്‍ കുളം പാട്ടത്തിനെടുത്ത് മത്സ്യ കൃഷി നടത്തുന്ന കരാറുകാരനും കൂട്ടാളികളും ഒരുമിച്ച് മദ്യപിച്ച ശേഷമാണ് അപകടമുണ്ടായത്. കൊലപാതകമാണോ എന്ന പോലിസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ജെസിബി ഓപ്പറേറ്ററുടെ അപകട മരണത്തിന് യുപി സര്‍ക്കാരിന്‍റെ ബുള്‍ഡോസര്‍ നടപടിയുമായി ബന്ധമില്ല, സത്യമറിയൂ…
Fact Check By: Vasuki SResult: False
