ലഹരി മാഫിയയ്ക്കെതിരെയുള്ള ഈ ജാഗ്രതാ നിര്‍ദ്ദേശം കേരള പോലീസ് നല്‍കിയതല്ല…

സാമൂഹികം

ലഹരി മാഫിയ ടീനേജ് പ്രായത്തിലുള്ള കുട്ടികളെയാണ് കൂടുതൽ നോട്ടമിടുന്നതെന്ന് ലഹരി മാഫിയയുമായി ബന്ധപ്പെട്ട് വാർത്താ മാധ്യമങ്ങളിലൂടെ വരുന്ന പല വാർത്തകളും നമ്മളെ അറിയിക്കുന്നുണ്ട്.  വ്യാപകമാകുന്ന ലഹരി മാഫിയക്കെതിരെ സംസ്ഥാന പോലീസ് പുറപ്പെടുവിച്ച ജാഗ്രതാ നിർദേശം എന്ന നിലയിൽ ഒരു സന്ദേശം സാമൂഹ്യമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്.  

പ്രചരണം 

ലഹരി മാഫിയയ്ക്കെതിരെ എല്ലാവരും ജാഗരൂകരായിരിക്കണമെന്നും  കുട്ടികളെ ശ്രദ്ധിക്കണമെന്നും ഉത്ബോധിപ്പിച്ചുകൊണ്ട് പോലീസ് നൽകിയ അറിയിപ്പ് എന്ന നിലയിൽ പ്രചരിക്കുന്ന സന്ദേശം ഇങ്ങനെയാണ്: ”___രക്ഷിതാക്കൾ ജാഗ്രത പാലിക്കുക___

കേരളത്തിലെ പല ബസ് സ്റ്റാൻഡിലും നിങ്ങളുടെ മക്കളെ ലഹരി മാഫിയയും, മറ്റുടീമും വലയിലാക്കാൻ ശ്രമിക്കുന്നു. ഇടയ്ക്ക് നിങ്ങൾ നിങ്ങളുടെ മക്കൾ ബസ് കയറുന്ന സ്ഥലം സന്ദർശിക്കുക. അവരറിയാതെ ഫോളോ ചെയ്യുക.

ബസ് സ്റ്റാൻഡ് കേന്ദ്രീകരിച് ചെറിയ 7, 8, 9,10, +1, +2 പെൺകുട്ടികളെ അടക്കം ആണ് വലയിൽ വീഴ്ത്തിയത്. ലഹരി മാഫിയ പ്രണയം നടിച്ചു നിങ്ങളുടെ മക്കളെ വശത്താക്കും, മിട്ടായി രൂപത്തിൽ എന്തെങ്കിലും നൽകും. ഓരോ രക്ഷിതാക്കളും മക്കളുടെ സ്കൂൾ പോക്ക് വരവ് ശ്രദ്ധിക്കുക. നിരീക്ഷിക്കാൻ ബന്ധപ്പെട്ടവരെ ചുമതല പെടുത്തുക. ചെറിയ മക്കളെ വല്ലാതെ ലഹരി മാഫിയ ലക്ഷ്യമാക്കുന്നു.

__പ്രൊട്ടക്ഷൻ ടീം ജന മൈത്രി പോലീസ് __

ഫാമിലി, ഫ്രണ്ട്സ്, സ്കൂൾ ഗ്രൂപ്പിൽ അടക്കം ഷെയർ

ചെയ്യുക, ”

ഇതേ സന്ദേശം പോസ്റ്റർ രൂപത്തിലാക്കിയ കാർഡ് ആണ് പ്രചരിക്കുന്നത് 

FB postarchived link

എന്നാല്‍ കേരള പോലീസ് ഇങ്ങനെയൊരു സന്ദേശം നല്‍കിയിട്ടില്ല. 

വസ്തുത ഇതാണ് 

ഞങ്ങൾ ഞങ്ങൾ ഈ വാർത്ത സത്യമാണോ എന്ന് അന്വേഷിക്കാനായി കേരള പോലീസിന്‍റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകൾ  പരിശോധിച്ചെങ്കിലും പ്രസ്തുത സന്ദേശം കാണാൻ സാധിച്ചില്ല. അതിനാൽ ഞങ്ങൾ സംസ്ഥാന പോലീസ് വകുപ്പിന്‍റെ മീഡിയ സെൽ വിഭാഗവുമായി ബന്ധപ്പെട്ടു. അവിടെനിന്നും മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയക്റ്റര്‍ വിപി പ്രമോദ് കുമാര്‍ അറിയിച്ചത് ഇങ്ങനെയാണ്: “ഇത് പൂർണ്ണമായും തെറ്റായ സന്ദേശമാണ്. ഇങ്ങനെയൊരു നിർദ്ദേശം പൊതുജനങ്ങൾക്കായി പോലീസ് നൽകിയിട്ടില്ല. പോലീസ് വകുപ്പ് നല്‍കുന്ന സന്ദേശങ്ങളും നിർദ്ദേശങ്ങളും പോലീസിന്‍റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൌണ്ടുകളില്‍ നൽകുന്നുണ്ട്. ഇതല്ലാതെ പ്രചരിക്കുന്ന മറ്റു സന്ദേശങ്ങൾക്ക് പോലീസുമായി യാതൊരു ബന്ധവുമില്ല.” 

നിഗമനം 

ലഹരി മാഫിയയ്ക്ക് എതിരെ പോലീസിന്‍റെ നിർദേശമായി നൽകിയിരിക്കുന്ന സന്ദേശം കേരള പോലീസ് നൽകിയിട്ടില്ല. കേരള പോലീസിന്‍റെ പേരില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനായി ഈ സന്ദേശം പ്രചരിപ്പിക്കുകയാണ്. ലഹരി മാഫിയയുടെ പിടിയില്‍ പെടാതെ കുട്ടികളെ സൂക്ഷിക്കുക. ഒപ്പം തെറ്റായ സന്ദേശങ്ങള്‍ പങ്കുവയ്ക്കാതിരിക്കുക. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ലഹരി മാഫിയയ്ക്കെതിരെയുള്ള ഈ ജാഗ്രതാ നിര്‍ദ്ദേശം കേരള പോലീസ് നല്‍കിയതല്ല…

Fact Check By: Vasuki S 

Result: False