
ആരോഗ്യ പരിപാലനത്തിനായി നാം ആഹാര കാര്യത്തില്‍ പാലിക്കേണ്ട ചില മാർഗ്ഗനിർദ്ദേശങ്ങൾ തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്‍റർ റിസർച്ച് വിഭാഗം പുറത്തിറക്കിയത് എന്ന പേരില്‍ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നുണ്ട്
പ്രചരണം
തിരുവനന്തപുരം ക്യാൻസർ സെന്‍ററില്‍ ചികിത്സയ്ക്ക് എത്തിയവരില്‍ നടത്തിയ ഗവേഷണത്തിന്‍റെ ഫലങ്ങള്‍ എന്ന രീതിയിൽ പോസ്റ്റ് നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്:
തിരുവനന്തപുരം RCC യുടെ റിസർച് വിഭാഗം ഏറ്റവും അവസാനമായി പുറത്തിറക്കിയ കണക്കുകളും നിർദേശങ്ങളും…
കാൻസർ ചികിത്സക്ക് എത്തിയവരിൽ വളരെ കൂടുതൽ ആയതിനാൽ ആണ് എന്നാണ് കണ്ടെത്തിയത്. ഇതിൽ തന്നെ ബ്രോയ്‌ലർ കോഴി യുടെ ഉപയാഗം കൂടുതൽ ഉള്ളവരിലാണ് 80%വും കണ്ടെത്തിയത്(48 ദിവസം കൊണ്ട് ഒരു കോഴിയെ 3. 5കിലോ ആക്കി എടുക്കുന്നു അമിതമായി ഹോർമോണുകൾ കൊടുക്കുന്നതിനാലാണ്). ഇതിന്റെ ഉപയോഗം കുട്ടികളിൽ കാൻസർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
പ്രതി വിധികളായി താഴെ പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കുക
1 ബ്രോയ്ലർ കോഴി യുടെ ഉപയോഗം പൂർണമായി ഉപേക്ഷിക്കുക (നാടൻ കോഴി അത്യാവശ്യം ആവാം )
2 മറ്റു ഇറച്ചികളുടെ ഉപയോഗം മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ആക്കുക
3ബ്രോയ്‌ലർ മുട്ട ഒട്ടും കഴിക്കരുത് (അത്യാവശ്യം നാടൻ കോഴിമുട്ട ആവാം )
4 പാലിന്റെ ഉപയോഗം കുട്ടികളിൽ കുറക്കുക (നാടൻ പശുവിന്റെ പാൽ നല്ലതാണ് )
5 പഞ്ചസാര ഉപയോഗം കുറക്കുക
6 മൈദ കൊണ്ടുള്ള എല്ലാ ആഹാരവും ഒഴിവാ കുക
7 ചെറുപയർ, പഴവർഗങ്ങൾ, ഇവ കൂടുതൽ കഴിക്കുക
8 കപ്പളങ്ങ എല്ലാവിധത്തിലും ഉപയോഗിക്കുക
9 ബേക്കറി ഉത്പന്നങ്ങൾ കുറക്കുക”

പോസ്റ്റില്‍ നൽകിയിരിക്കുന്ന നിർദ്ദേശങ്ങളിൽ പലതും ആരോഗ്യത്തിന് നല്ലതാണെങ്കിലും ഈ നിർദ്ദേശങ്ങൾക്ക് റീജിയണൽ കാൻസർ സെന്‍ററുമായി യാതൊരു ബന്ധവുമില്ല. ബ്രോയിലര്‍ കോഴിയുടെ അമിത ഉപയോഗം ഉള്ളവരില്‍ 80 ശതമാനം പേര് ക്യാൻസർ ചികിത്സയ്ക്ക് എത്തി എന്നും അതിനാല്‍ അത്തരം ചിക്കന്‍ ഒട്ടും കഴിക്കരുത് എന്നും നിർദ്ദേശങ്ങൾ നല്‍കിയിട്ടുണ്ട്.
വസ്തുത ഇതാണ്
ഞങ്ങൾ ഫേസ്ബുക്കിൽ തിരഞ്ഞപ്പോൾ 2017 മുതൽ ഇതേ സന്ദേശം പ്രചരിക്കുന്നുണ്ട് എന്ന് മനസ്സിലായി. അതിനാൽ ഞങ്ങൾ കൂടുതൽ വിവരങ്ങൾക്ക് വേണ്ടി റീജിയണല്‍ ക്യാൻസർ സെന്‍ററിന്‍റെ വെബ്സൈറ്റിൽ ഇത്തരത്തിൽ എന്തെങ്കിലും ഗവേഷണ പഠനങ്ങൾ ലഭ്യമാണോ എന്ന് അന്വേഷിച്ചപ്പോൾ യാതൊന്നും ലഭ്യമായില്ല. കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ റീജിയണൽ കാൻസർ സെൻറർ പബ്ലിക് റിലേഷൻസ് ഓഫീസർ സുരേന്ദ്രൻ നായരുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: വർഷങ്ങളായി ഞങ്ങളുടെ പേരിൽ വ്യാജമായി പ്രചരിപ്പിക്കുന്ന സന്ദേശമാണിത്. ഇത്തരത്തില്‍ യാതൊരു നിർദേശവും ആർക്കും RCC നൽകിയിട്ടില്ല. ഞങ്ങൾ രണ്ടു കൊല്ലം മുമ്പ് ഇതിനെതിരെ സൈബർ പോലീസിൽ പരാതി നൽകിയിരുന്നു. ഇപ്പോഴും ഈ വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ട് എന്നതില്‍ വിഷമമുണ്ട്.”
ബ്രോയിലര്‍ ചിക്കന്‍റെ ഉപയോഗം കാൻസർ വരുത്തുമെന്ന് ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഗവേഷകരുടെ ഭാഗത്തുനിന്നും വന്നിട്ടില്ല എന്നാണ് ഇതുമായി ബന്ധപ്പെട്ട പഠന ലേഖനങ്ങള്‍ അറിയിക്കുന്നത്. ചുവന്ന നിറത്തിലുള്ള മാംസം , അമിതചൂഷണം പാകം ചെയ്തു കഴിക്കുന്ന മാംസം കാൻസറിനു കാരണമാകാമെന്ന് പഠനങ്ങൾ ഉണ്ട്.
തിരുവല്ലയിൽ ഓങ്കോളജിസ്റ്റ് ആയ ഡോക്ടർ മാത്യു ജോസുമായി ഞങ്ങൾ ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹം നൽകിയ വിശദീകരണം ഇങ്ങനെയാണ്: ചുവന്ന മാംസം അതുപോലെ നിങ്ങൾ ഗ്രിൽ ചെയ്ത് കഴിക്കുന്ന മാംസം ടിന്നുകളിൽ വരുന്ന പ്രോസസ്ഡ് മാംസം ഇവയൊക്കെ ക്യാൻസറിനും മറ്റു രോഗങ്ങൾക്കും കാരണമാകാം. കുറഞ്ഞ നിരക്കില്‍ കൊഴുപ്പുള്ള മാംസങ്ങളുടെ ഗണത്തിൽ വരുന്ന പക്ഷികളുടെയും മീനുകളുടെയും മാംസം കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് കരുതുന്നില്ല.
പോസ്റ്റിലെ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ് തിരുവനന്തപുരം റീജണൽ ക്യാൻസർ സെൻറർ ഇത്തരത്തിലൊരു മാർഗ്ഗനിർദ്ദേശ ആർക്കും നൽകിയിട്ടില്ല. ഇക്കാര്യം ആര്‍സിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ആര്‍.സി.സിയുടെതല്ല… സത്യമറിയൂ…
Fact Check By: Vasuki SResult: False
