
വിവരണം
കോവിഡ് 19 എന്ന അപകടകാരിയായ വൈറസ് പ്രതിരോധ നടപടികളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് ലോകം മുഴുവൻ ദിനംപ്രതി പടർന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് 19 വാർത്തകളിൽ ലോകം വളരെ ആശങ്കയിലാണ്. ഇതിനിടെ വ്യാജവാർത്തകൾ അറിഞ്ഞും അറിയാതെയും സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ ഷെയർ ചെയ്യുന്നുണ്ട്. അതിനിടയിൽ വിചിത്രമായ സംഭവങ്ങൾ ലോകത്ത് അരങ്ങേറുന്നു എന്ന മട്ടിൽ ചില പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. 2020 ൽ രണ്ട് ആനകൾ കടലിലൂടെ നീന്തി നടക്കുന്നു എന്നൊരു വീഡിയോ നിങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ കണ്ടുകാണും. 2018 ൽ ശ്രീലങ്കയിൽ അബദ്ധത്തിൽ കടലിൽ ഒഴുക്കിൽ പെട്ടുപോയ രണ്ട് ആനകളായിരുന്നു അത്. ശ്രീലങ്കൻ നാവികസേനാ അവയെ രക്ഷപ്പെടുത്തുകയും ചെയ്തു.
അതുപോലെ ഇപ്പോൾ മറ്റൊരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ആകാശത്ത് അത്ഭുത പ്രതിഭാസം എന്ന മട്ടിൽ ഇറാനിൽ ആകാശത്തെ അത്ഭുത കാഴ്ച്ച കണ്ടു ഭയന്നു അവിടെ ഉള്ള ആളുകൾ… എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന 27 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ സൂര്യൻ എന്ന് തോന്നുന്ന ഗ്രഹത്തിന് ചുറ്റും മഴവിൽ നിറങ്ങളുള്ള വൃത്തവും തൊട്ടടുത്ത് മറ്റൊരു ഗ്രഹം പ്രദക്ഷിണം ചെയ്യുന്നതും കാണാം. ആളുകൾ ഉച്ചത്തിൽ നിലവിളിക്കുന്ന ശബ്ദവും കേൾക്കാം.
archived link | FB post |
ഈ വീഡിയോ ഇപ്പോഴത്തെയാണെന്നും എന്ത് പ്രതിഭാസമാണെന്നും നമുക്ക് അന്വേഷിച്ച് കണ്ടുപിടിക്കാം
വസ്തുതാ വിശകലനം
ഈ വീഡിയോ പല കീ ഫ്രയിമുകളായി വിഭജിച്ച ശേഷം പ്രധാനപ്പെട്ട ഒരെണ്ണം ഉപയോഗിച്ച് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോ 2017 മുതൽ ഇന്റർനെറ്റിൽ പ്രചരിക്കുന്നതാണ് എന്ന് മനസ്സിലായി. ഓരോ വീഡിയോയുടേയുമൊപ്പം ഓരോ രാജ്യത്തിന്റെ പേരാണുള്ളത്.
ചില വീഡിയോകളിൽ പോസ്റ്റിലെ വീഡിയോയിൽ നല്കിയിട്ടുള്ളതുപോലെ ആളുകൾ നിലവിളിക്കുന്ന ശബ്ദമില്ല.
വീഡിയോയെ കുറിച്ച് ലഭിച്ച വിവരണങ്ങളിൽ ഏറ്റവും വിശ്വസനീയമെന്നു തോന്നുന്ന ഒന്നിന്റെ പരിഭാഷ താഴെ കൊടുക്കുന്നു.

റഷ്യയിൽ നിന്നുള്ള വെബ്സൈറ്റായ മിസ്റ്റിക് 13 ൽ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോർട്ട് പ്രകാരം മുമ്പ് സോവിയറ്റ് റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന ഖസഖ്സ്ഥാനിൽ 2017 ജൂലൈയിൽ കണ്ട പ്രതിഭാസം എന്നാണ് പറഞ്ഞിരിക്കുന്നത്.
ഖസഖ്സ്ഥാൻ നിവാസികൾ 2017 ജൂൺ 26 ന് ആകാശത്ത് വിവരിക്കാനാവാത്ത പ്രതിഭാസം ദര്‍ശിച്ചു. ഒരു വലിയ ഗോളാകൃതിയിലെ ഗ്രഹം ഏകദേശം 4.5 മിനിറ്റ് ആകാശത്ത് ദൃശ്യമായി. അതിനുശേഷം പെട്ടെന്ന് അടുത്തുള്ള ഒരു വൃത്തത്തിനുള്ളിൽ അപ്രത്യക്ഷമായി. വിചിത്ര പ്രതിഭാസത്തിന് അടുത്തായി, നിരീക്ഷണ വസ്തുവുമായി സാമ്യമുള്ള ഒരു വലയം നിങ്ങൾക്ക് കാണാൻ കഴിയും.
വിചിത്രമായ വലയം മറ്റൊരു ഗ്രഹത്തിലേയ്ക്കുള്ള ഒരു പോർട്ടൽ അല്ലെങ്കിൽ നമുക്ക് അറിയാത്ത വസ്തുക്കളുടെ അവശിഷ്ടങ്ങൾ ആയിരിക്കാം
എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ ഒരു വീഡിയോ ചിത്രീകരിച്ച് അതിന്റെ ആധികാരികത സ്ഥിരീകരിക്കുന്നതിന് സ്പെഷ്യലിസ്റ്റുകൾക്ക് അയച്ചു. വീഡിയോ സാമൂഹിക നെറ്റ്വർക്കുകളിൽ ഏറെ പ്രചാരം നേടി.
പലരും പ്രൊജക്ടറിന്റെ ഹാലോ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്നും വീഡിയോ വ്യാജമാണെന്നും അഭിപ്രായപ്പെട്ടു. സമാന കേസുകൾ ഇതിന് മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല.
ഈ പ്രതിഭാസം ഇതിനു മുമ്പോ ശേഷമോ ലോകത്ത് ഒരിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനാൽ ഈ വീഡിയോ ഫോട്ടോഗ്രാഫിയുടെ സാങ്കേതികതയുപയോഗിച്ച് ചിത്രീകരിച്ചതാകാം എന്ന് വിദഗ്ധർ സംശയിക്കുന്നു.
ഇതേപ്പറ്റി 2017 ൽ തന്നെ റിപ്പോർട്ട് പ്രസിദ്ധീകരിച്ച മോസ്മോണിറ്റർ എന്ന റഷ്യൻ വെബ്സൈറ്റ് ഈ സംശയം ചൂണ്ടിക്കാട്ടുന്നുണ്ട്.
വീഡിയോയുടെ സത്യാവസ്ഥ ഇപ്പോഴും വ്യക്തമല്ല. പ്രാകൃതിക പ്രതിഭാസമല്ലെന്നും സാങ്കേതികത ഉപയോഗിച്ച് കൗതുകത്തിനായി സൃഷ്ടിച്ച വീഡിയോ ആണെന്നും ലഭിച്ച മുഴുവൻ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ അനുമാനിക്കുന്നു
നിഗമനം
ഈ വീഡിയോയിലെ ദൃശ്യങ്ങൾ ഇറാനിൽ നിന്നുള്ളതല്ല. ഇതൊരു പ്രാകൃതിക പ്രതിഭാസമല്ല എന്ന് അനുമാനിക്കുന്നു. യൂഫോളജിസ്റ്റുകൾ ഇതിനു വിശദീകരണം നൽകിയിട്ടില്ല. കൃത്രിമ ദൃശ്യമാണ് എന്ന നിഗമനത്തിലാണ് ഏറെപ്പേരും എത്തിയിട്ടുള്ളത്. ഇറാനിൽ കണ്ട ദൃശ്യങ്ങൾ എന്നത് തെറ്റായ പ്രചരണമാണ്
