വിവരണം

നമ്മെ വിട്ടുപോയ പൊന്നുമോൾ ദേവനന്ദ നല്ലൊരു പാട്ടുകാരി കൂടിയായിരുന്നു ദേവനന്ദ പാടിയ ഒരു പാട്ട് എന്ന വിവരണത്തോടെ ഒരു ചെറിയ പെൺകുട്ടി മനോഹരമായി ഗാനം ആലപിക്കുന്നതിന്‍റെ ഒരു വീഡിയോ ഫേസ്‌ബുക്കിൽ വൈറലായിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ പോസ്റ്റിന് 5000 ത്തോളം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്.

archived linkFB post

കഴിഞ്ഞ ദിവസം കേരളം കൊല്ലത്തു നിന്നും കാണാതായ ദേവനന്ദയ്ക്കായി കേരളം മുഴുവൻ പ്രാർത്ഥനയോടെ കാത്തിരുങ്കിലും എല്ലാവരെയും കണ്ണീരിലാഴ്ത്തിക്കൊണ്ട് അവളുടെ മരണവാർത്ത പിറ്റേന്ന് പുറത്തുവന്നു. സമീപത്തെ പുഴയിൽ വീണു മരിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഈ കുഞ്ഞിനെ കാണാതായത് മുതൽ നിരവധി വ്യാജ വാർത്തകൾ ഇതേച്ചൊല്ലി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനിടെ കുട്ടിയെ കണ്ടുകിട്ടിയെന്നും വ്യാജ വാർത്തകൾ പ്രചരിച്ചു. കുട്ടിയുടെ മരണ ശേഷവും വ്യാജ വാർത്തകൾ പ്രചരിക്കുകയാണ്‌. അതിലൊന്നാണ് ഈ വാർത്ത.

ഈ പാട്ടു പാടുന്നത് മരിച്ചുപോയ ദേവനന്ദ എന്ന കുട്ടിയല്ല. മറ്റൊരു ദേവനന്ദയാണ്. വാസ്തവമറിയാം.

വസ്തുതാ വിശകലനം

മകളുടെ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുകയാണെന്ന് വിശദമാക്കി വീഡിയോയിൽ കാണുന്ന ദേവനന്ദയുടെ പിതാവ് തന്‍റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived link

കൂടാതെ ഇതേ പോസ്റ്റിനു താഴെ കമന്‍റ് ബോക്സിൽ പലരും ഈ തെറ്റായ പ്രചരണത്തിനെതിരെ അമർഷം പ്രകടിപ്പിച്ചിട്ടുണ്ട്.

ഞങ്ങൾ വീഡിയോയിൽ കാണുന്ന ദേവനന്ദയുടെ പിതാവ് രാജിവുമായി സംസാരിച്ചു. മരിച്ചുപോയ ദേവനന്ദയുടെ പാട്ട് എന്ന പേരിൽ രണ്ടു ദിവസമായി എന്റെ മകളുടെ വീഡിയോ പ്രചരിക്കുകയാണ്‌. ഈ വീഡിയോയിലെ ഗാനം 2018 ൽ സ്മ്യൂൾ എന്ന സാമൂഹ്യ മാധ്യമത്തിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കൂടാതെ യൂട്യുബിലും ഇത് അപ്‌ലോഡ് ചെയ്തിരുന്നു. അവിടെ നിന്നും ഡൗൺലോഡ് ചെയ്തെടുത്താണ് തെറ്റിധാരണ സൃഷ്ടിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. തെറ്റായ പ്രചാരണം കുടുംബത്തിലെല്ലാവർക്കും മാനസികമായ ബുദ്ധിമുട്ട് ഉണ്ടാക്കി.

ദേവനന്ദയുടെ യൂട്യൂബിലെ വീഡിയോ:

archived link

ദേവനന്ദ ആറന്‍മുളയുടെ പാട്ടുകളുടെ മറ്റ് വീഡിയോകളും യൂടുബീല്‍ ലഭ്യമാണ്.

വീഡിയോയില്‍ പാട്ട് പാടുന്ന ആറന്‍മുളയിലെ ദേവനന്ദയുടെ ചിത്രം:

കൊല്ലത്ത് മരിച്ചുപോയ ദേവനന്ദയുടെ ചിത്രം:

പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോ തെറ്റായ വിവരണത്തോടെ തെറ്റിധാരണ സൃഷ്ടിക്കാനായി പ്രചരിപ്പിക്കുകയാണ്. രണ്ടു കുട്ടികളുടെയും പേര് ഒന്നുതന്നെയായതുകൊണ്ടും കാഴ്ചയിൽ ഏതാണ്ട് സമപ്രായം ആയതുകൊണ്ടും പെട്ടെന്ന് ആളുകൾ തെറ്റിദ്ധരിക്കപ്പെടും. കൊല്ലത്തെ ദേവനന്ദയുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.

നിഗമനം

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ഈ വീഡിയോയിൽ കാണുന്ന കുട്ടി. പത്തനംതിട്ടയിലെ ആറന്മുളയിലുള്ള രാജീവിന്‍റെ മകൾ ദേവനന്ദയാണ്. കൊല്ലത്ത് വെള്ളത്തിൽ വീണ് നമ്മെ വിട്ടുപിരിഞ്ഞ ദേവനന്ദയല്ല. അതിനാൽ വാസ്തവം മനസ്സിലാക്കാതെ പോസ്റ്റ് ഷെയർ ചെയ്യാതിരിക്കുക

Avatar

Title:വീഡിയോയിൽ ഗാനം ആലപിക്കുന്നത് കൊല്ലത്ത് കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞ ദേവനന്ദയല്ല

Fact Check By: Vasuki S

Result: False