‘ബലിപെരുന്നാളിന് വെട്ടാനായി പട്ടാമ്പിയില്‍ കൊണ്ടുവന്ന പോത്ത്’ എന്ന വിവരണം തെറ്റാണ്...
വിവരണം
കോവിഡ് 19 നിയന്ത്രണങ്ങൾക്ക് ഇടയിലും ലോകം മുഴുവൻ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. മലയാളികൾ ഏതൊരു ആഘോഷത്തെയും വരവേല്‍ക്കുന്നത് വിഭവ സമൃദ്ധമായ ഭക്ഷണങ്ങളൊരുക്കിയാണ്. ആഘോഷങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വിഭവമാണ് ഇറച്ചി. ബലിപെരുന്നാളിന് പ്രത്യേകിച്ചും ഒഴിവാക്കാൻ പറ്റാത്ത ഒരു വിഭവമാണിത്. ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റു ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.
ബലിപെരുന്നാളിന് തലവെട്ടാൻ വിധിച്ച 3500 കിലോ തൂക്കമുള്ള ആന പോത്ത് പട്ടാമ്പിയിൽ എന്ന വിവരണത്തോടെ ഒരു വീഡിയോയാണ് പ്രചരിക്കുന്നത്.
ഈ വീഡിയോയുടെ വസ്തുത അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഞങ്ങളുടെ വാട്ട്സ് ആപ്പ് ഫാക്റ്റ് ലൈന്‍ നമ്പറായ 9049053770 ലേയ്ക്ക് സന്ദേശം ലഭിച്ചിരുന്നു.
നമ്മുടെ നാട്ടിൽ കണ്ടിട്ടില്ലാത്ത തരം ഏറെ വലിപ്പമുള്ള ഒരു പോത്തിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. താഴേക്ക് വളഞ്ഞ കൊമ്പുകളും അസാമാന്യ വലിപ്പമുള്ള ശരീരവുമുള്ള ഈ പോത്തിനെ ബലിപെരുന്നാളിന് ഇറച്ചിക്കായി പട്ടാമ്പിയിൽ എത്തിച്ചതാണ് എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം. എന്നാൽ ഈ പോത്തിനെ ഇറച്ചിക്കായി പട്ടാമ്പിയിൽ എത്തിച്ചതല്ല. ഇതിനെ കുറിച്ച് നമുക്ക് കൂടുതൽ അറിയാം
വസ്തുത വിശകലനം
ഞങ്ങൾ ഈ പോസ്റ്റിനെപ്പറ്റി ഓൺലൈനിൽ അന്വേഷിച്ചപ്പോൾ ഇതേ വീഡിയോ തന്നെ ലഭ്യമായി. പോസ്റ്റിലെ വീഡിയോയിലുള്ളത് ജഫ്രബാദി ഇനത്തില്‍ പെട്ട പോത്താണ്. ലോകത്ത് തന്നെ ഇത് ഇപ്പോള്‍ 25000 എണ്ണം മാത്രമേ ഉണ്ടാകൂ. ഗുജറാത്താണ് സ്വദേശം. പോസ്റ്റില്‍ കാണുന്ന പോത്തിന്‍റെ പേര് ദേവരാജ് എന്നാണ്. ഇവന്‍ പഞ്ചാബിലെ ജലാലാബാദിലുള്ള ലക്ഷ്മി ഡയറി ഫാമിലാണുള്ളത്. പോസ്റ്റില്‍ നല്‍കിയിട്ടുള്ള അതേ വീഡിയോ അവര്‍ ഫേസ്ബുക്ക് പേജില്‍ നല്‍കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങൾ ലക്ഷ്മി ഡയറി ഫാമുമായി ബന്ധപ്പെട്ടു. ലക്ഷ്മി ഡയറി ഫാമിന്‍റെ ഉടമയായ ബൃന്തര്‍ സിങ് ഞങ്ങളുടെ പ്രതിനിധിയോട് വ്യക്തമാക്കിയത് ഇങ്ങനെയാണ്. “ഈ പോത്തിനെ ഞങ്ങൾ വളർത്തുന്നതാണ്. ഇത് ഇപ്പോഴും ഞങ്ങളുടെ കൂടെയുണ്ട്. ഞങ്ങള്‍ വളര്‍ത്താനായി ഇതിനെ വാങ്ങിയതാണ്. ഇതിന് വില കൂടുതലുമാണ്. ഞങ്ങളുടെ പ്രീയപ്പെട്ട ദേവരാജിനെ വില്‍ക്കുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടുപോലുമില്ല.”
പോസ്റ്റിലെ വീഡിയോയില്‍ കാണുന്ന പോത്തിനെ പട്ടാമ്പിയിൽ ബലിപെരുന്നാൾ വേളയില്‍ ഇറച്ചിക്കായി കൊണ്ടുവന്നു എന്ന വാദം തെറ്റാണ്
നിഗമനം
വാർത്ത പൂർണമായും തെറ്റാണ്. ഈ പോത്തിനെ ബലിപെരുന്നാളിന് ഇറച്ചിക്കായി പട്ടാമ്പിയിൽ എത്തിച്ചതല്ല. പഞ്ചാബിലെ ലക്ഷ്മി ഡയറി ഫാം എന്ന ഫാമിലേതാണ് ഈ പോത്ത്. ഇത് ഇപ്പോഴും അവരുടെ കൈവശം തന്നെയുണ്ട്.
Title:‘ബലിപെരുന്നാളിന് വെട്ടാനായി പട്ടാമ്പിയില്‍ കൊണ്ടുവന്ന പോത്ത്’ എന്ന വിവരണം തെറ്റാണ്...
Fact Check By: Vasuki SResult: False