
വിവരണം
ചാനലുകളിലെ വാർത്താ വിഭാഗത്തിൽ ട്രെൻഡായി മാറിയ രാഷ്ട്രീയ ചർച്ചയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള നിരവധി വിവാദങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവ പരാമർശങ്ങളുടെ ദുർവ്യാഖ്യാനങ്ങളാകാം. സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത പ്രസ്താവനകളാകാം. അത്തരത്തിൽ പ്രചരിക്കുന്ന ഒരു പ്രസ്താവനയെപ്പറ്റിയാണ് നമ്മൾ ഇപ്പോൾ അന്വേഷിക്കാൻ പോകുന്നത്.
കഴിഞ്ഞ ദിവസം മനോരമ ന്യൂസിന്‍റെ ചാനൽ ചർച്ചയായ കൗണ്ടർ പോയിന്‍റിൽ സന്ദീപ് വാര്യർ നടത്തിയതായി പറയുന്ന പരാമർശം ഇങ്ങനെയാണ്: “എന്താണ് ഹിന്ദു മഹാസഭ ചെയ്ത കുറ്റം..? ഗാന്ധിജിയെ ചെറുതായി ഒന്ന് വെടിവച്ചു കൊന്നു… അതാണോ ഹിന്ദു മഹാസഭ ചെയ്ത കുറ്റം..?” ചർച്ചയിൽ നിന്നും സന്ദീപ് വാര്യർ പറഞ്ഞ ഭാഗം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചു. എന്നാൽ സന്ദീപ് വാര്യർ ഇങ്ങനെ പറഞ്ഞത് എം. സ്വരാജ് എംഎൽഎ യുടെ ഒരു പരാമർശത്തിനുള്ള മറുപടി ആയിട്ടായിരുന്നു. സന്ദീപ് വാര്യർ പറഞ്ഞ പരാമർശത്തെ പറ്റിയും ചാനൽ ചർച്ചയുടെ യാഥാർഥ്യത്തെ പറ്റിയും ഞങ്ങൾ അന്വേഷിച്ചപ്പോൾ ലഭിച്ച
വസ്തുതകൾ ഇങ്ങനെയാണ്
ചാനൽ ചർച്ചയുടെ മുഴുവൻ വീഡിയോ ‘പ്രതിപക്ഷ നേതാവിനെ സർസംഘ് ചാലക് ആക്കുന്നതിന്‍റെ ഉദ്ദേശമെന്ത്‘ എന്ന തലക്കെട്ടിൽ (1.20 മണിക്കൂർ ദൈർഘ്യം) യൂട്യൂബിൽ ലഭ്യമാണ്. “കേരളത്തിലെ ആർഎസ്എസിന് പ്രീയപ്പെട്ട നേതാവായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോൾ മാറിയിരിക്കുകയാണ്. ആർഎസ്എസിന്‍റെ ഉദ്ദേശം കേരളത്തിൽ കുഞ്ഞാലിക്കുട്ടിയും ഉമ്മൻ ചാണ്ടിയുമല്ലാത്ത ഒരാൾ ആർഎസ്എസിനെ നിയന്ത്രിക്കുന്ന അവസ്ഥ ഉണ്ടാകണം. അതിനുള്ള എല്ലാ പ്രോത്സാഹനവും രമേശ് ചെന്നിത്തലയ്ക്ക് ഇപ്പോൾ ചെയ്തു കൊടുക്കുകയാണ്, കേരളത്തിൽ ആർഎസ്എസ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് ബോധപൂർവമാണ്. ഇത്തരത്തിൽ ആർഎസ്എസ് ഇവിടെ സ്വീകരിക്കുന്ന സമീപനത്തിന്‍റെ ഉദ്ദേശമെന്താണെന്ന് കോൺഗ്രസ്സുകാർ തന്നെ വിലയിരുത്തേണ്ടതായിട്ടുണ്ട്.” എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പരാമർശത്തെ കുറിച്ചായിരുന്നു ചാനൽ ചർച്ച.
ചർച്ചയിൽ സിപിഎമ്മിൽ നിന്നുമുള്ള പ്രതിനിധിയായി എം.സ്വരാജ് എംഎൽഎയും കോണ്‍ഗ്രസ്സിൽ നിന്നും കെപിസിസി വൈസ് പ്രസിഡന്റും വക്താവുമായ ജോസഫ് വാഴയ്ക്കനും ബിജെപിയുടെ പ്രതിനിധിയായി സന്ദീപ് വാര്യരുമാണ് പങ്കെടുത്തത്. ചർച്ച ആരംഭിച്ച് 5.5 മിനിറ്റിൽ മഹാത്മാഗാന്ധി അടക്കമുള്ളവർ സംഘത്തിന്‍റെ ശാഖയിൽ വന്നിട്ടുണ്ട്, ധ്വജം ഉയർത്തിയിട്ടുണ്ട് എന്ന് സന്ദീപ് വാര്യർ പറയുന്നുണ്ട്. ഇതിനു മറുപടിയായി പരിഹാസ രൂപേണ എം. സ്വരാജ് 7. 42 മിനിട്ടു മുതൽ പറയുന്നത് ശ്രദ്ധിക്കുക: പറഞ്ഞത് സാധൂകരിക്കാൻ വേണ്ടി പറയുന്നത് കുറച്ചു കടന്ന കൈയ്യായിപ്പോയി. മഹാത്മാ ഗാന്ധി ആർഎസ്എസ് ആണെന്ന നിലയിലാണ് അദ്ദേഹം ഇവിടെ സൂചിപ്പിച്ചത്. ധ്വജം ഉയർത്തി എന്നാണ് പറയുന്നത്. സത്യമായിട്ടും എനിക്ക് അതറിഞ്ഞുകൂടാ. ഇനി ധ്വജം ഉയർത്തിയതിന് നന്ദി സൂചകമായിട്ടാണോ എന്നറിയില്ല, ഗാന്ധിജിയെ ചെറുതായിട്ടൊന്ന് വെടിവച്ചു കൊല്ലുകയാണ് ഹിന്ദുമഹാസഭക്കാർ ചെയ്തത് എന്നാണ് ചരിത്രം നമ്മളോട് പറഞ്ഞുതരുന്നത്.
സ്വരാജിന്‍റെ ഈ പരാമർശത്തിന് മറുപടിയായി അദ്ദേഹത്തിന്‍റെ തന്നെ വാക്കുകൾ കടമെടുത്ത് ചർച്ചയുടെ 33.04 മിനിട്ടു മുതൽ സന്ദീപ് വാര്യർ നടത്തുന്ന പ്രതികരണം ഇങ്ങനെയാണ്: എനിക്ക് ഇത്രേ പറയാനുള്ളു. സ്വരാജ് നേരത്തെ പറഞ്ഞു, ഇവിടെ ചില അച്ഛന്മാരുടെ ആർഎസ്എസ് ബന്ധമാണല്ലോ ഇവർ അന്വേഷിക്കുന്നത്. കോടിയേരി ബാലകൃഷ്ണൻ ആരുടെ അച്ഛന്‍റെ ആർഎസ്എസ് അല്ലെങ്കിൽ രാഷ്ട്രീയ ബന്ധങ്ങളാണ് അന്വേഷിക്കേണ്ടത്..? കോടിയേരി ബാലകൃഷ്ണൻ അന്വേഷിക്കേണ്ടത് സോമനാഥ് ചാറ്റർജിഎന്ന സിപിഎമ്മിന്‍റെ എക്കാലത്തെയും മഹാനായ രാഷ്ട്രീയ നേതാവിന്‍റെ അച്ഛന്‍റെ രാഷ്ട്രീയ ബന്ധങ്ങളാണ് അന്വേഷിക്കേണ്ടത്. ആ അച്ഛന്‍റെ രാഷ്ട്രീയ ബന്ധം ആരുമായിട്ടായിരുന്നു..? ഹിന്ദു മഹാസഭയുമായിട്ടായിരുന്നു. ഹിന്ദു മഹാസഭയുടെ അധ്യക്ഷനായിരുന്നു നിർമൽ ചന്ദ്ര ചാറ്റർജി. ഗാന്ധി വധത്തിന്‍റെ സമയത്ത് ഹിന്ദു മഹാസഭയുടെ അധ്യക്ഷനായിരുന്ന നിർമൽ ചന്ദ്ര ചാറ്റർജിയുണ്ടല്ലോ പിന്നീട് ആരുടെ ചെലവിലാണ് എംപിയായത്..? സിപിഎമ്മിന്‍റെ ചിലവിൽ സിപിഎം എംപിയായി മാറി. എന്താണ് അദ്ദേഹത്തിന്‍റെ കാലത്ത് ഹിന്ദു മഹാസഭ ചെയ്ത കുറ്റം…? ഗാന്ധിയെ ചെറുതായിട്ടൊന്നു വെടിവച്ചു കൊന്നു. ഇതാണല്ലോ ചെയ്ത കുറ്റം..? ഇങ്ങനെ എം. സ്വരാജിന്‍റെ വാക്കുകളിലൂടെ തന്നെ സന്ദീപ് വാര്യർ മറുപടി പറയുകയായിരുന്നു.
ഞങ്ങളുടെ ടീം വാർത്തയുടെ വ്യക്തതയ്ക്കായി സന്ദീപ് വാര്യരോട് സംസാരിച്ചപ്പോൾ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. യഥാർത്ഥത്തിൽ സ്വരാജ് പരിഹാസ രൂപേണ പറഞ്ഞ വാചകം മറുപടി നൽകിയപ്പോൾ ഞാൻ ഉപയോഗിച്ചു എന്ന് മാത്രമേയുള്ളു. അല്ലാതെ പ്രസ്തുത പരാമർശം ഞാൻ സ്വന്തമായി പറഞ്ഞതല്ല.
സന്ദീപ് വാര്യരുടെ പേരിൽ ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന പരാമർശം ചാനൽ ചർച്ചയ്ക്കിടയിൽ എം.സ്വരാജ് പറഞ്ഞ അതേ വാചകം മറുപടി പറയുന്ന കൂടെ ചേർത്തു പറഞ്ഞതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തെറ്റിധാരണ സൃഷ്ടിക്കുന്ന രീതിയിൽ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചരിപ്പിക്കുകയാണ്.
നിഗമനം
പോസ്റ്റിലെ വാർത്ത തെറ്റിധാരണ സൃഷ്ടിക്കുന്നതാണ്. ചാനൽ ചർച്ചയ്ക്കിടെ എം.സ്വരാജ് പരിഹാസ രൂപേണ ഗാന്ധി വധവുമായി ഹിന്ദുമഹാസഭയുടെ പങ്കിനെ പറ്റി പറഞ്ഞ വാചകം മറുപടി നല്കുന്നതിനിടെ ആവർത്തിക്കുക മാത്രമാണ് സന്ദീപ് വാര്യർ ചെയ്തത്. പ്രസ്തുത വാചകം പറഞ്ഞ ഭാഗം മാത്രം ചാനൽ ചർച്ചയിൽ നിന്നും എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണുണ്ടായത്.

Title:ഗാന്ധിവധവുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യർ ചാനൽ ചർച്ചയ്ക്കിടയിൽ നടത്തിയ പരാമർശത്തിന്‍റെ യാഥാർഥ്യം
Fact Check By: Vasuki SResult: False
