ബംഗ്ലാദേശില്‍ കഴുത്തില്‍ നിന്നും തവീസ് നീക്കം ചെയ്യുന്ന കുട്ടി ഹിന്ദുവല്ല, ഇസ്ലാമാണ്, ദൃശ്യങ്ങളുടെ വസ്തുത അറിയൂ...
ബംഗ്ലാദേശില്‍ അടുത്തിടെ ഉണ്ടായ കലാപത്തിന് ശേഷം അവിടുത്തെ ജനങ്ങള്‍ ഇപ്പോള്‍ മഴക്കെടുതിയും പ്രളയവും കൊണ്ടുള്ള പ്രശ്നങ്ങള്‍ നേരിടുകയാണ്. പലയിടത്തും ജനജീവിതം സ്തംഭിച്ചു. ദുരിതത്തിലായവര്‍ക്ക് പലയിടത്തും സന്നദ്ധ പ്രവര്‍ത്തകര്‍ ദുരിതാശ്വാസ സാധനങ്ങള്‍ വിതരണം ചെയ്യുന്ന വീഡിയോകള്‍ വരുന്നുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.
പ്രചരണം
വീഡിയോയിൽ, ദുരിതാശ്വാസ സാമഗികള്‍ വാങ്ങാനെത്തിയ ചെറിയ ആണ്‍കുട്ടിയുടെ കഴുത്തിൽ നിന്ന് ഒരു മുസ്ലീം സമുദായത്തില്‍ നിന്നുളയാള്‍ പല്ല് ഉപയോഗിച്ച് മാല അഴിക്കുന്നത് കാണാം. കുട്ടി ഹിന്ദു മതത്തില്‍പ്പെട്ടയാളാണെന്നും കുട്ടിയുടെ കഴുത്തിലെ മതവുമായി ബന്ധപ്പെട്ട അടയാളങ്ങളുള്ള മാലയാണ് അഴിച്ചു മാറ്റുന്നതെന്നും വർഗീയ അവകാശവാദങ്ങളോടെയാണ് ഉപയോക്താക്കൾ വീഡിയോ പങ്കിടുന്നത്. “🚩പ്രളയകിറ്റ് വാങ്ങാൻ വന്ന ഹിന്ദു ബാലന്റെ കഴുത്തിലെ ഹിന്ദു ചിഹ്നം ഉള്ള മാല പൊട്ടിച്ചു കളഞ്ഞു കിറ്റ് കൊടുക്കുന്ന മനോഹരമായ കാഴ്ച്ച.....😡”
FB പോസ്റ്റ് | archived link |
എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്നും കുട്ടി ഹിന്ദുവല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
വീഡിയോ കീ ഫ്രെയുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ പല ഭാഷകളിലും ഇതേ വര്‍ഗീയ അവകാശവാദത്തോടെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട് എന്നു വ്യക്തമായി. പല വീഡിയോകളിലും ബംഗ്ലാ ഭാഷയിൽ എഴുതിയിരിക്കുന്നത് കാണാം.-'നൊഖാലി ദുരിതാശ്വാസ സാമഗ്രികൾ കുട്ടിക്ക് കൈമാറി, ശിർക്ക് നീക്കം ചെയ്തു.
തുടർന്നുള്ള അന്വേഷണത്തിൽ, ആഗസ്റ്റ് 27ന് തൗഹീദ് അക്കാദമി ആൻഡ് ഇസ്ലാമിക് സെന്‍റർ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ ഇതേ വീഡിയോ അപ്‌ലോഡ് ചെയ്‌തതായി ഞങ്ങൾ കണ്ടെത്തി. വീഡിയോയുടെ വിവരണം ഇങ്ങനെ: “അൽഹംദുലില്ലാഹ്, തൗഹീദ് അക്കാദമി, ഇസ്ലാമിക് സെന്‍റർ നൊഖാലിയിലെ പ്രളയബാധിതരായ 200-ലധികം കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തു.”
ഞങ്ങളുടെ ബംഗ്ലാദേശ് ടീമുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ തൗഹീദ് അക്കാദമി, ഇസ്ലാമിക് സെന്‍റർ അധികൃതരുമായി ബന്ധപ്പെടുകയുണ്ടായി.
അവര്‍ അറിയിച്ചത് ഇങ്ങനെയാണ്: “വീഡിയോയിലെ കുട്ടി ഇസ്ലാം മതത്തില്‍ പെട്ടയാളാണ്, ഹിന്ദുവല്ല. അവന്‍റെ കഴുത്തിലെ വസ്തുവിനെ തവീസ് എന്ന് വിളിക്കുന്നു, അത് സംരക്ഷകനാണ് എന്ന് വിശ്വസിക്കാൻ ഉപയോഗിക്കുന്നു. വീഡിയോയില്‍ ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുന്ന തൗഹീദ് അക്കാദമി ഇസ്ലാമിക് സെന്‍റർ അംഗങ്ങൾ സലഫി/അഹ്‌ലെ ഹദീസ് അനുയായികളാണ്. ഞങ്ങള്‍ തവീസിന് എതിരാണ്. തവീസ് ധരിക്കുന്നതിലൂടെ നിങ്ങൾ ശിർക്ക് ചെയ്യുന്നു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു (ശിർക്ക് എന്നത് അല്ലാഹുവിന്‍റെ നാഥത്വത്തിലോ ആരാധനകളിലോ അവന്‍റെ നാമങ്ങളിലും വിശേഷണങ്ങളിലും എതിരാളികളെ ചേർക്കുന്ന പ്രവൃത്തിയാണ്). അതുകൊണ്ടാണ് അത് ആൺകുട്ടിയുടെ കഴുത്തിൽ നിന്ന് നീക്കം ചെയ്യുന്നത്. ഒരു കടലാസിൽ ഖുറാൻ വാക്യങ്ങൾ എഴുതി കറുത്ത ചരടില്‍ കൊരുത്ത് കഴുത്തിലോ കൈയിലോ കെട്ടിയാണ് തവീസ് അണിയുന്നത്.
തൗഹിദ് അക്കാദമിയിലെയും ഇസ്‌ലാമിക് സെന്‍ററിലെയും അംഗങ്ങൾ തവീസ് നീക്കം ചെയ്യുന്ന നിരവധി വീഡിയോകൾ ഉണ്ട്”
ഈ സൂചന ഉപയോഗിച്ച് വീണ്ടും തിരഞ്ഞപ്പോള്‍ UNITE TV-യുടെ ഫേസ്ബുക്ക് പേജിൽ സമാനമായ ഒരു വീഡിയോ ഞങ്ങൾ കണ്ടെത്തി, അവിടെ യുനൈറ്റ് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ കത്രിക ഉപയോഗിച്ച് കുട്ടിയുടെ കഴുത്തിൽ നിന്ന് ഒരു അമ്യൂലറ്റ് നീക്കം ചെയ്യുന്നതു കാണാം
മാത്രമല്ല, വീഡിയോയിലെ കുട്ടി നേരിട്ട് വിശദീകരണം നല്‍കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.
സംഭാഷണത്തിന്‍റെ മലയാള പരിഭാഷ ഇങ്ങനെ:
ക്യാമറാമാൻ - നിന്‍റെ പേരെന്താണ്?
ആൺകുട്ടി: സൊഹൈൽ
ക്യാമറാമാൻ -അച്ഛന്‍റെ പേര്?
ആൺകുട്ടി: അബ്ദുൾ ഹോക്ക്
ക്യാമറാമാൻ -അമ്മയുടെ പേര്?
ആൺകുട്ടി: റുസീന ഖാത്തൂൺ
ക്യാമറാമാൻ -നിന്‍റെ മതം ഏതാണ്?
ആൺകുട്ടി: മുസ്ലീം.
"ദാരുൺ നസർ മദിതതുൻ ഉലൂം മദ്രസ"യിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
തുടര്‍ന്ന് കുട്ടി ഖുർആനിലെ ചില സൂക്തങ്ങൾ പാരായണം ചെയ്തു കേള്‍പ്പിക്കുന്നു”
നിഗമനം
വീഡിയോയിൽ കാണുന്നയാൾ മുസ്ലീം കുട്ടിയുടെ കഴുത്തിലെ തവീസ് ഊരിയെടുക്കുകയാണെന്നും ആ കുട്ടി ഹിന്ദു മതത്തില്‍ പെട്ടതല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്.