അന്യ മതസ്ഥരായ പെണ്‍കുട്ടികളെ ലവ് ജിഹാദ് നടത്തി ഐസിസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി അഫ്ഗാനിസ്ഥാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് കടത്തുന്ന കഥ പറയുന്ന കേരള സ്റ്റോറി എന്ന പേരില്‍ പുറത്തിറങ്ങിയ സിനിമയ്ക്കു ശേഷം ഇത്തരം സംഭവങ്ങള്‍ വെറും കെട്ടുകഥകളാണെന്നും അല്ല സത്യമാണെന്നുമുള്ള തരത്തില്‍ പല ചര്‍ച്ചകളും രാജ്യം മുഴുവനുമുള്ള സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ പങ്കുവച്ചു. സിറിയയില്‍ ലൈംഗിക അടിമകളായി സ്ത്രീകളെ ലേലം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം

ഒരു പുരുഷൻ ബുർഖ ധരിച്ച സ്ത്രീകളുടെ അടുത്തേക്ക് വരുന്നതും അവരുടെ മുഖം കാണാൻ അവരുടെ നിഖാബ് അഴിച്ചുമാറ്റി തിരഞ്ഞെടുപ്പ് നടത്തുന്നതും വീഡിയോയിൽ കാണാം. പല രാജ്യങ്ങളില്‍ നിന്നു പിടിച്ചുകൊണ്ടുവന്ന് ലൈംഗിക അടിമകളായി സ്ത്രീകളെ വിപണിയില്‍ ലേലം ചെയ്യുന്ന ദൃശ്യങ്ങളാണിത് എന്ന അവകാശവാദത്തോടെയാണ് വീഡിയോ പങ്കിടുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “#ഏറ്റവും പുരോഗമന മതം. സിറിയയിലെ കമ്പോളത്തിൽ യുവതികളെ വിൽപ്പനക്ക് നിർത്തിയിരിക്കുന്നു. ഇവിടെ നിന്ന് പോയവളുമാരും ഇപ്പോൾ ഹുറികൾ ആയിട്ടുണ്ടാവും”

FB postarchived link

ലൈംഗിക അടിമത്തത്തെ കുറിച്ച് അവബോധം വളർത്തുന്നതിനായി ഉണ്ടാക്കിയ നാടകത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2023 മാർച്ചിൽ ഇറാഖിലെ എർബിലിൽ സംഘടിപ്പിച്ച 'ദി അൺഹേർഡ് സ്‌ക്രീംസ് ഓഫ് ദി യസിദ്ഖാൻ ആംഗിൾസ്' എന്ന തെരുവ് നാടകത്തിലെ ദൃശ്യങ്ങളാണിതെന്ന് ചില സൂചനകള്‍ ലഭിച്ചു.

2023 മെയ് 7-ന് Zhyar M Barzani എന്ന ഉപയോക്താവ് അപ്‌ലോഡ് ചെയ്ത ഒരു TikTok വീഡിയോ "By : Aryan Rafiq Art performans The Unheard Screams Of The Ezidkhan Angels 2023" എന്ന അടിക്കുറിപ്പോടെയാണ് നല്‍കിയിരിക്കുന്നത്. വീഡിയോയുടെ ആദ്യ 22 സെക്കൻഡ് വൈറൽ വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം.

തുടര്‍ന്ന്, ഞങ്ങൾ കീവേഡ് അന്വേഷണം നടത്തിയപ്പോള്‍ ഇതേ വീഡിയോയുള്ള ഒരു പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ കണ്ടെത്തി. 2023 മെയ് 7-ന് ' സ്കൈകുർദിഷ്' എന്ന അക്കൗണ്ടിലാണ് വീഡിയോ ലഭ്യമായത്.

അടിക്കുറിപ്പിൽ '@aryan.rafiq.artway' എന്ന മറ്റൊരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെ കുറിച്ച് പരാമർശമുണ്ട്.

ഈ സൂചന ഉപയോഗിച്ച് ഈ പ്രകടനത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ തിരഞ്ഞപ്പോള്‍ 2023 ഓഗസ്റ്റ് 3-ന് ഇറാഖ് ആസ്ഥാനമായുള്ള മൈനോറിറ്റീസ് ഐ അവരുടെ ഫെയ്‌സ്ബുക്ക് പേജിൽ, “യസീദി വംശഹത്യയുടെയും സിൻജാറിന്‍റെ ദുരന്തത്തിന്‍റെയും സ്മരണയ്ക്കായി, യസീദിയുടെ വിസ്പറിംഗ് എന്ന തലക്കെട്ടിൽ ഒരു കലാ അവതരണം എന്ന തലക്കെട്ടോടെ അവതരണത്തിന്‍റെ മുഴുവന്‍ രൂപം പോസ്റ്റ് ചെയ്തിട്ടുണ്ട്. യസിദ്ഖാന്‍ മാലാഖമാരുടെ കേൾക്കാത്ത നിലവിളി... രചന: ആര്യൻ റഫീഖ്"

ഇറാഖി, ഇറാനിയൻ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഉയർത്തിക്കാട്ടുന്ന കലാപ്രകടനങ്ങളെയും കലാസൃഷ്ടികളെയും കുറിച്ച് ആര്യൻ റഫീഖ് പതിവായി പോസ്റ്റുചെയ്യുന്നുണ്ട് എന്നാണ് വ്യക്തമാകുന്നത്. കൂടാതെ, ഇറാഖിലെ കുർദിസ്ഥാനിലെ എർബിൽ സിറ്റാഡൽ എന്ന സ്ഥലത്തിന്‍റെ ജിയോലൊക്കേഷൻ ഞങ്ങൾ കണ്ടെത്തി.

വാസ്തുവിദ്യ, പ്രത്യേകിച്ച്, ഘടനയിലെ കമാനങ്ങൾ വൈറൽ വീഡിയോയിലുള്ളവയുമായി പൊരുത്തപ്പെടുന്നതായി കണ്ടെത്തി. പ്രേക്ഷകരിലെ നിരവധി അംഗങ്ങൾ അവരുടെ ഫോണുകളിൽ പ്രകടനം റെക്കോർഡ് ചെയ്യുന്നതും കാണാം.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീഡിയോയില്‍ കാണുന്ന ലേലംചെയ്യല്‍ യഥാര്‍ത്ഥമല്ല. ലൈംഗിക അടിമത്തത്തെ കുറിച്ച് അവബോധം വളർത്തുന്നതിനായി ഉണ്ടാക്കിയ നാടകത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ലൈംഗിക അടിമകളാക്കി ഐ‌എസ് തീവ്രവാദികള്‍ സ്ത്രീകളെ ലേലം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നു പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇതാണ്...

Written By: Vasuki S

Result: False