വിവരണം

സ്വര്‍ണ്ണക്കടത്ത് ബിഎംഎസ് നേതാവിന്‍റെ വീട്ടില്‍ റെയ്‌ഡ് എന്ന പേരില്‍ ന്യൂസ് 18 കേരള വാര്‍ത്ത ചാനലില്‍ സംപ്രേഷണം ചെയ്ത വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതം ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. എയര്‍പ്പോര്‍ട്ട് കസ്റ്റംസ് ക്ലിയറന്‍സ് യൂണിയന്‍ (എസിസിയു) ബിജെപിയുടെ ബിഎംഎസ് യൂണിയന്‍ നേതാവായ ഹരിരാജിന്‍റെ വീട്ടിലാണ് റെയ്‌ഡ്. ഇയാളുടെ കാറിലാണ് സ്വപ്ന രക്ഷപെട്ടതെന്ന് പോലീസ് കണക്കാക്കുന്നത്. എന്ന പേരിലാണ് റെഡ് ആര്‍മി നീലേശ്വര്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 228ല്‍ അധികം ഷെയറുകളും 200ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കസ്റ്റംസ് ക്ലിയറന്‍സ് യൂണിയന്‍ എന്ന പേരില്‍ ബിഎംസിന് ഒരു സംഘടനയുണ്ടോ? ബിഎംഎസ് നേതാവായ ഹരിരാജിന്‍റെ വീട്ടിലാണോ റെയ്‌ഡ് നടന്നത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നല്‍കിയിരിക്കുന്ന എയര്‍ പോര്‍ട്ട് കസ്റ്റംസ് ക്ലിയറന്‍സ് യൂണിയന്‍ എന്ന സംഘടനയെ കുറിച്ചാണ് ഞങ്ങള്‍ അന്വേഷിച്ചത്. യഥാര്‍ത്ഥത്തില്‍ ആരോപണ വിധേയനായ ഹരിരാജ് എന്ന വ്യക്തി ഭാരവാഹിയായ സംഘടനയുടെ പേര് കസ്റ്റംസ് ഹൗസ് എജെന്‍റ്സ് അസോസിയേഷന്‍ എന്നാണെന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. മാത്രമല്ല ഇതൊരു തൊഴിലാളി സംഘടനയല്ലയെന്നത് കൊണ്ട് തന്നെ ബിഎംഎസുമായി അസസോസിയേഷമന് ബന്ധവുമില്ല. പിന്നെ എന്തുകൊണ്ടാണ് ന്യൂസ് 18 കേരള ഇത്തരൊമരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു എന്ന് അറിയാന്‍ ന്യൂസ് 18 സ്റ്റുഡിയോയുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു-

തെറ്റ്ദ്ധാരണയുടെ പുറത്താണ് ബിഎംഎസ് നേതാവാണ് ഹരിരാജ് എന്ന് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ബ്രേക്കിങ് ന്യൂസ് ആയിരുന്നതിനാല്‍ സ്ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ന്യൂസ് 18 പ്രതിനിധി പ്രതികരിച്ചു.

അതെ സമയം ആരോപണ വിധേയനായ ഹരിരാജ് തനിക്ക് ബിഎംഎസുമായി യാതൊരു ബന്ധവുമില്ലെന്നും തന്‍റെ വീട്ടില്‍ കസ്റ്റംസ് റെയ്‌ഡ് നടന്നിട്ടില്ലെന്നും ഈ പേരില്‍ വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ച് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറിന് സന്ദേശം അയച്ചതായി ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയില്‍ അവതാരകന്‍ തന്നെ വ്യക്തമാക്കുന്ന വീഡിയോ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഏഷ്യാനെറ്റ് വാര്‍ത്തയിലും ഹരിരാജ് ഭാരവാഹിയായ സംഘടനയ്ക്ക് ബിഎംഎസ് ബന്ധമുണ്ടെന്ന പ്രചരണം നിലനില്‍ക്കുന്നതല്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയുടെ പ്രസക്ത ഭാഗങ്ങള്‍ കാണാം-

ബിഎംഎസ് സംസ്ഥാന കമ്മിറ്റി ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ സംഘടനയ്ക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയെന്ന കാരണത്താല്‍ കൈരളി, 24 ന്യൂസ്, ന്യൂസ് 18, മീഡിയ വണ്‍ എന്നീ ചാനലുകള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു വക്കീല്‍ നോട്ടീസ് അയച്ചതായും സംഘടന പ്രതിനിധികള്‍ അറിയിച്ചു. വ്യാജ വാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയതിന് 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയിച്ചിരിക്കുന്നത്. കൂടാതെ കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയത്തിനും തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറിനും ബിഎംഎസ് സംസ്ഥാന കമ്മിറ്റി പരാതി നല്‍കിയിട്ടുണ്ടെന്നും അറിയാന്‍ കഴിഞ്ഞു. പരാതിയുടെ പകര്‍പ്പും ഞങ്ങള്‍ക്ക് ലഭിച്ചു-

വക്കീല്‍ നോട്ടീസ് അയച്ച മാധ്യമങ്ങള്‍ ഇവയാണ്-

കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയത്തിന് നല്‍കിയ പരാതിയുടെ പകര്‍പ്പ്-

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറിന് നല്‍കിയ പരാതിയുടെ പകര്‍പ്പ്-

നിഗമനം

കസ്റ്റംസ് ഹൗസ് ഏജെന്‍റ്സ് അസോസിയേഷന്‍ ഒരു തൊഴിലാളി സംഘടനയല്ലെന്നും ബിഎംഎസുമായി ഇവര്‍ക്ക് ബന്ധമില്ലെന്നും വ്യക്തമായതോടെ പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാണ്. പ്രചരണം വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് ആരോപണ വിധേയനും ബിഎംഎസും നിയമനടപടി സ്വീകരിച്ച സാഹചര്യത്തില്‍ പ്രചരണങ്ങള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് പരിശോധന നടത്തിയത് ബിഎംഎസ് നേതാവിന്‍റെ വീട്ടിലാണോ?

Fact Check By: Dewin Carlos

Result: False