FACT CHECK: സഹോദരന്മാരും ബന്ധുക്കളും യുവതിയെ മര്‍ദ്ദിക്കുന്നത് അന്യ ജാതിക്കാരനായ യുവാവിനൊപ്പം ഒളിച്ചോടിയതിനാണ്...
വിവരണം
ഉത്തരേന്ത്യയില്‍ നിന്നും ദളിതര്‍ക്കെതിരെയുള്ള ക്രൂരതകളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പതിവായി വരാറുണ്ട്. സത്യമായവ മാത്രമല്ല, യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധമില്ലാത്ത ആരോപണങ്ങളും ഇത്തരത്തില്‍ പ്രച്ചരിക്കാറുണ്ട്.
ഞങ്ങളുടെ വെബ് സൈറ്റില്‍ ഇത്തരം വാര്‍ത്തകളുടെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ടുകള്‍ നിരവധിയുണ്ട്. ഹത്രാസ് സംഭവം നടന്നതിനു ശേഷം സ്ത്രീകളെ ഉപദ്രവിക്കുന്ന ചില വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പെട്ടെന്ന് വൈറലാകുന്നുണ്ട്. അതരത്തിലെ ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്.
ഏതാനും പേര്‍ ചേര്‍ന്ന് അതിക്രൂരമായി ഒരു സ്ത്രീയെ തല്ലുകയും വലിച്ചിഴയ്ക്കുകയും ചവിട്ടുകയും വലിച്ചെറിയുകയുമൊക്കെ ചെയ്യുകയാണ് വീഡിയോ ദൃശ്യങ്ങളില്‍.
ഒപ്പം നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “ബച്ചാവോ ബേട്ടീ...ബച്ചാവോ ബേട്ടീ.. ഡിജിറ്റൽ. ഇന്ത്യ
ചാണകത്തിലേ... കീടങ്ങൾ
ദളിത് സ്ത്രീയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുന്ന
നായിന്റെ മക്കൾ 😡😡😡”
ദളിതയായ സ്ത്രീയെ സംഘികള്‍ അടിച്ചു കൊല്ലാന്‍ ശ്രമിക്കുന്നു എന്നാണ് പരോക്ഷമായി പോസ്റ്റിലൂടെ അവകാശപ്പെടുന്നത്.
എന്നാല്‍ ഈ ദൃശ്യങ്ങളുടെ യഥാര്‍ത്ഥ വസ്തുത മറ്റൊന്നാണ്.
വസ്തുത അറിയൂ
ഞങ്ങള്‍ വീഡിയോ വിവിധ കീ ഫ്രെയിമുകളായി വിഭജിച്ച ശേഷം പ്രധാനപ്പെട്ട ചിലത് ഉപയോഗിച്ച് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. ഇന്ത്യ മുഴുവന്‍ വൈറലായ ഈ വീഡിയോയുടെ യഥാര്‍ത്ഥ വസ്തുത അങ്ങനെ ലഭിച്ചു. 2019 ജൂണ്‍ 19 നാണ് വീഡിയോയെ പറ്റി മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളത്. അതായത് ഏകദേശം ഒന്നര വര്‍ഷം മുമ്പാണ് സംഭവം.
വാര്‍ത്ത പ്രകാരം “മധ്യ പ്രദേശിലെ ഥാര്‍ ജില്ലയിലെ ബാഗ് പ്രദേശത്തു നിന്നും ഒരു യുവതി ഘട്‌ബോറിയിലുള്ള യുവാവിനൊപ്പം ഒളിച്ചോടി. അവളെ സഹോദരന്മാരും ബന്ധുക്കളും വടികൊണ്ട് ക്രൂരമായി അടിച്ചു. പ്രദീപ് എന്ന യുവാവാണ് വീഡിയോ ചിത്രീകരിച്ചതെന്ന് പോലീസ് പറഞ്ഞു.
പെട്ടെന്ന് തന്നെ വൈറലായ വീഡിയോ എസ്പി ആദിത്യ പ്രതാപ് സിംഗിന്‍റെ ശ്രദ്ധയില്‍ പെടുകയും ഉടന്‍ നടപടി എടുക്കാന്‍ ആവശ്യപ്പെടുകയുമാണ് ഉണ്ടായത്.
ഇതിൽ ഏഴ് പേർക്കെതിരെ ശനിയാഴ്ച ബാഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കക്കപ്രതിയ, ഭായ് മഹേഷ്, സർദാർ, ഡോങ്കാർ എന്നീ നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
15 ദിവസം മുമ്പ് യുവതി ഒരാളോടൊപ്പം ഒളിച്ചോടി. പോലീസ് യുവതിയെ തിരഞ്ഞുപിടിച്ച് കുടുംബത്തിന് കൈമാറി. എന്നാൽ അതേ ആളെ വിവാഹം കഴിക്കണമെന്ന് യുവതി നിർബന്ധിച്ചു. കോപാകുലരായ കുടുംബം അവളെ വയലിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. 2019 ജൂണ്‍ 25 വൈകിട്ട് നാലുമണിയോടെയാണ് സംഭവം നടന്നത്. യുവതി പട്ടികജാതിയില്‍ പെട്ടതാണ്. അവൾ സ്നേഹിച്ച യുവാവ് ദളിതനായിരുന്നു. എന്നാൽ അയാളുടെ കുടുംബം മറ്റൊരു ജാതിയിൽ ഒരു സ്ത്രീയെ വിവാഹം ചെയ്യുന്നത് ഇഷ്ടപ്പെട്ടില്ല. യുവതിയുടെ വീട്ടുകാരും ഇതിനെ എതിര്‍ത്തു.
മർദ്ദിച്ച അതേ ദിവസം തന്നെ കുടുംബം അലിരാജ്പൂരിലെ ഉദയഗഡിലേയ്ക്ക് യുവതിയെ നിർബന്ധിച്ച് വിവാഹം കഴിച്ചയച്ചു. യുവതിയെ കണ്ടെത്താനുള്ള പോലീസ് അന്വേഷണം പുരോഗമിക്കുന്നു.”
ഇതാണ് യഥാര്‍ത്ഥ വാര്‍ത്ത. യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് അവളുടെ സഹോദരന്മാരും ബാന്ധുക്കളും തന്നെയാണ്. സംഭവത്തിന് ഒരു വര്‍ഷത്തിനു മേല്‍ പഴക്കമുണ്ട്. വീഡിയോയുടെ യാഥാര്‍ത്ഥ്യം എന്താണെന്ന് വെളിപ്പെടുത്താതെ തെറ്റായ മാനങ്ങള്‍ നല്‍കിയാണ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വീഡിയോ ഒരു വര്‍ഷം പഴയ ഒരു കുടുംബ വഴക്കിന്റെതാണ്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമൊന്നുമില്ല. മര്‍ദ്ദിക്കുന്നത് യുവതിയുടെ സഹോദരന്മാരും ബന്ധുക്കളുമാണ്. ആദിവാസി വിഭാഗത്തില്‍ പെട്ട യുവതി ദളിത് സമുദായത്തില്‍ പെട്ട ആളിന്റെ കൂടെ ഒളിച്ചോടിയതിനെ തുടര്‍ന്നാണ് മര്‍ദ്ദിച്ചത്.
Title:സഹോദരന്മാരും ബന്ധുക്കളും യുവതിയെ മര്‍ദ്ദിക്കുന്നത് അന്യ ജാതിക്കാരനായ യുവാവിനൊപ്പം ഒളിച്ചോടിയതിനാണ്...
Fact Check By: Vasuki SResult: Missing Context