ശാസ്താംകോട്ട ക്ഷേത്രത്തില്‍ പൂക്കളത്തോടൊപ്പം ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്നെഴുതിയതിനു പോലിസ് കേസെടുത്തു എന്ന വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…

പ്രാദേശികം | Local രാഷ്ട്രീയം | Politics

ഓണാഘോഷത്തിന്‍റെ ഭാഗമായി കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ അത്തപ്പൂക്കളം ഒരുക്കിയതുമായി ബന്ധപ്പെട്ട് ചില പ്രചരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.

പ്രചരണം 

പൂക്കളം ഇട്ടശേഷം താഴെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് എഴുതിയിട്ടുണ്ട്. ഇങ്ങനെ എഴുതിയതിന് പോലിസ് പൂക്കളം ഇട്ടവര്‍ക്കെതിരെ നടപടി സ്വീകരിച്ചു എന്നാണ് പ്രചരണങ്ങളില്‍ അവകാശപ്പെടുന്നത്. ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ പോലുള്ള പല ബിജെപി നേതാക്കളും സോഷ്യല്‍ മീഡിയ ഹാന്‍റിലുകളില്‍ ഇതേ പ്രചരണം പങ്കുവച്ചിട്ടുണ്ട്.  ഓപ്പറേഷൻ സിന്ദൂര്‍ എന്ന എഴുത്ത് മായിച്ചു കളയാന്‍ പോലിസ് ആവശ്യപ്പെട്ടു എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ അത്തപ്പൂക്കളത്തിന് താഴെ ‘ഓപ്പറേഷൻ സിന്ദൂർ’
മായ്ച്ചു കളയണമെന്ന് ശാസ്താംകോട്ട പോലീസ്”

instagramarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് എന്നെഴുതിയതിനല്ല പോലിസ് ഇടപെട്ടെതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ശാസ്താംകോട്ട മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ ഒരുക്കിയ പൂക്കളത്തെ ചൊല്ലിയുണ്ടായ വിവാദത്തെ കുറിച്ച് പല മാധ്യമങ്ങളിലും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂര്‍ എന്ന എഴുത്ത് മായിച്ചു കളയാന്‍ പോലിസ് ആവശ്യപ്പെട്ടു എന്ന തരത്തിലാണ് പല മാധ്യമങ്ങളും സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

എന്നാല്‍ സംഭവം അങ്ങനെയല്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങള്‍ ശാസ്താംകോട്ട പോലിസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന്‍ സി കെ രഘുനന്ദന്‍ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെ: “ഓപ്പറേഷൻ സിന്ദൂര്‍ എന്ന എഴുത്ത് മായിച്ചു കളയാന്‍ പോലിസ് ആവശ്യപ്പെട്ടു എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ക്ഷേത്രത്തില്‍ പൂക്കളമിടുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ട്  എന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ്‌ ഞങ്ങള്‍ സ്ഥലത്തെത്തിയത്. അവിടെ ആര്‍എസ്എസ് ഉപയോഗിക്കുന്ന കൊടി പൂക്കളത്തോടൊപ്പം വരച്ചിട്ടുണ്ടായിരുന്നു. അതുപോലെ 50 മീറ്ററിനുള്ളില്‍ ഛത്രപതി ശിവാജിയുടെ ഫ്ലക്സും സ്ഥാപിച്ചിരുന്നു. ക്ഷേത്രത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ നടന്ന ചില പ്രശ്നങ്ങളെ തുടര്‍ന്ന്, മത-രാഷ്ട്രീയ സംഘടനകളുടെ അടയാളങ്ങള്‍ ക്ഷേത്രത്തിന്‍റെ 100 മീറ്റര്‍ ചുറ്റളവില്‍ പാടില്ല എന്ന് ഹൈക്കോടതി ഓര്‍ഡറുണ്ട്. അതിനെ ലംഘിച്ചാണ് ഇങ്ങനെ മത ചിഹ്നങ്ങള്‍ അവിടെ വച്ചത്. അതിനാണ് പോലിസ് ഇടപെട്ടത്. ഓപ്പറേഷൻ സിന്ദൂര്‍ എന്ന എഴുത്ത് മായിച്ചു കളയണമെന്ന് പോലിസ് ആവശ്യപ്പെട്ടിട്ടില്ല. എഫ്ഐആറിലും ഇക്കാര്യം വ്യക്തമായി എഴുതിയിട്ടുണ്ട്”

തുടര്‍ന്ന് ഞങ്ങള്‍ ക്ഷേത്ര കമ്മറ്റി സെക്രട്ടറി അശോകനുമായി സംസാരിച്ചു. “തെറ്റായ പ്രചരണമാണിത്. തിരുവോണത്തിന് പൂക്കളം ഇടുന്നതിനെ കുറിച്ച് ഓഗസ്റ്റ് 31 ന് നടന്ന യോഗത്തില്‍ കമ്മറ്റി തീരുമാനമെടുത്തതാണ്. എന്നാല്‍ കമ്മറ്റിയിലെ ഒരു അംഗത്തിന്‍റെ നേതൃത്വത്തില്‍  തീരുമാനം മറികടന്ന് കുറച്ച് ചെറുപ്പക്കാര്‍ സ്വന്തം തീരുമാന പ്രകാരം പൂക്കളമിടാന്‍ ആരംഭിച്ചു. പൂക്കളമോ അല്ലെങ്കില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന എഴുത്തോ അല്ല ഇവിടെ പ്രശ്നം. മത സംഘടനയായ ആര്‍എസ്എസിന്‍റെ പതാക വരച്ചു വയ്ക്കുകയും കൂടാതെ കോടതി വിധി ലംഘിച്ച് ഛത്രപതി ശിവാജിയുടെ ഫ്ലെക്സ് സ്ഥാപിക്കുകയും ചെയ്തതാണ്. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഞങ്ങള്‍ പോലീസില്‍ പരാതി നല്‍കി. പോലിസ് സ്ഥലത്തെത്തിയപ്പോള്‍ സ്വയരക്ഷയ്ക്കായി അവര്‍ പ്രശ്നം വളച്ചൊടിച്ച് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് എഴുതിയതിന് പോലിസ് ഇടപെട്ടു എന്നാക്കുകയായിരുന്നു. മത സംഘടനയുടെ ചിഹ്നങ്ങള്‍ ക്ഷേത്ര പരിസരത്ത് നിന്നും പൂക്കളത്തില്‍ നിന്നും നീക്കം ചെയ്യണം എന്ന് മാത്രമാണ് പോലിസ് ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ FIR ഇട്ട് കേസെടുക്കും എന്ന് പോലിസ് പ്രശ്നമുണ്ടാക്കിയവരോട് പറഞ്ഞു. ഇതാണ്‌ യഥാര്‍ത്ഥ സംഭവം.”

ക്ഷേത്ര കമ്മറ്റി ഞങ്ങള്‍ക്ക് നല്‍കിയ കോര്‍ട്ട് ഓര്‍ഡര്‍ പകര്‍പ്പ്:

കൂടാതെ ഞങ്ങള്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറോട് വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി സമാനമാണ്: “ക്ഷേത്ര കമ്മറ്റിയില്‍ മുന്‍ വര്‍ഷങ്ങളില്‍ ബിജെപി അനുഭാവികളാണ് കൂടുതല്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ്‌- കമ്മ്യൂണിസ്റ്റ് അനുഭാവികളാണ് കമ്മറ്റിയില്‍ ഭൂരിപക്ഷം. മുന്‍ സൈനികനായിരുന്ന ഒരംഗത്തിന്‍റെ നേതൃത്വത്തില്‍ ഓണ പൂക്കളത്തെ കുറിച്ച് കമ്മറ്റി ഒരുമിച്ചെടുത്ത തീരുമാനത്തെ മറികടന്ന് കമ്മറ്റിക്ക് വെളിയില്‍ നിന്നുള്ള കുറച്ചു ചെറുപ്പക്കാര്‍ കമ്മറ്റിയുടെ എതിര്‍പ്പിനെ മറികടന്ന് പൂക്കളത്തോടൊപ്പം ആര്‍എസ്എസ് പതാക വരച്ചിടുകയും ഛത്രപതി ശിവജിയുടെ ഫ്ലക്സ് സ്ഥാപിക്കുകയുമായിരുന്നു. ഇതിനെതിരെ പോലിസ് സ്റ്റേഷനില്‍ കമ്മറ്റിക്കാര്‍ പരാതി നല്കിയതനുസരിച്ച് പോലിസ് സ്ഥലത്തെത്തിയതാണ്. “ഓപ്പറേഷന്‍ സിന്ദൂര്‍” എന്നെഴുതിയത് മായിക്കാന്‍ പോലിസ് ആവശ്യപ്പെട്ടു എന്നൊക്കെ വെറുതെ വ്യാജ പ്രചരണം മാത്രമാണ്.”

ശാസ്താംകോട്ട മുതു പിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഓണ പൂക്കളത്തിനു താഴെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതിയത് മായ്ക്കണമെന്ന് പോലിസ് ആവശ്യപ്പെട്ടു എന്ന തരത്തില്‍ നടത്തുന്നത് വ്യാജ പ്രചാരണമാണ് എന്നും തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്തുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി പോലിസ് മീഡിയ സെന്‍റര്‍ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

പുബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് ഫാക്റ്റ് ചെക്ക് വിഭാഗം പൂക്കാലവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിന്‍റെ സത്യാവസ്ഥ  വ്യക്തമാക്കി ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

നിഗമനം 

കൊല്ലം ശാസ്താംകോട്ട മുതു പിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഓണ പൂക്കളത്തിനു താഴെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതിയത് മായ്ക്കണമെന്ന് ആവശ്യപ്പെട്ട് പോലിസ് കേസെടുത്തു എന്ന തരത്തില്‍ നടത്തുന്നത് വ്യാജ പ്രചാരണമാണ്. ആര്‍എസ്എസിന്‍റെ പതാക പൂക്കളത്തോടൊപ്പം വരച്ചു വയ്ക്കുകയും കോടതി വിധി ലംഘിച്ച് ശിവാജിയുടെ ഫ്ലെക്സ് സ്ഥാപിക്കുകയും ചെയ്തത് നീക്കം ചെയ്യുകയും വേണം എന്ന് മാത്രമാണ് ക്ഷേത്ര കമ്മറ്റിയുടെ പരാതിയിന്മേല്‍ പോലിസ് ആവശ്യപ്പെട്ടത്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ശാസ്താംകോട്ട ക്ഷേത്രത്തില്‍ പൂക്കളത്തോടൊപ്പം ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്നെഴുതിയതിനു പോലിസ് കേസെടുത്തു എന്ന വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…

Fact Check By: Vasuki S 

Result: False