മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശ ടൂര്‍ ഓപ്പറേറ്ററായി ഡോ.വാസുകിയെ നിയമിച്ചു എന്നൊരു പ്രചരണം മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും നടക്കുന്നുണ്ട്.

“പിണറായിയുടെ വിദേശ ടൂര്‍ ഓപ്പറേറ്ററായി ഡോ. വാസുകി! പുതിയ വിദേശ പര്യടനം ഉടന്‍.. കേരളത്തിന് സ്വന്തം വിദേശ സഹകരണ സെക്രട്ടറി, യൂണിയന്‍ ലിസ്റ്റിനെ അവഗണിച്ച പിണറായിക്ക് കേരളം രാജ്യമോ” എന്ന വിവരണവുമായി ഡോ. വാസുകിയുടെ നിയമനത്തെ അപലപിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ ലിങ്ക് ഇതോടൊപ്പമുണ്ട്.

FB postarchived link

“കേരളത്തിന് സ്വന്തം വിദേശ സഹകരണ സെക്രട്ടറി, യൂണിയന്‍ ലിസ്റ്റിനെ അവഗണിച്ച പിണറായിക്ക് കേരളം രാജ്യമോ?

തിരുവനന്തപുരം: കേരളം രാജ്യമായോ ? ഈ 15ന് മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് വായിച്ചാൽ അങ്ങനെ തോന്നുന്നവരെ കുറ്റപ്പെടുത്താൻ ആവില്ല. തൊഴിൽ സെക്രട്ടറി ഡോ. വാസുകിയെ വിദേശ സഹകരണത്തിൽ പൊളിറ്റിക്കൽ വകുപ്പ് സഹായിക്കണമെന്നാണ് ഉത്തരവ്. കൂടാതെ വിദേശകാര്യ മന്ത്രാലയം, എംബസികൾ, വിദേശ മിഷനുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വാസുകിയെ ഡൽഹി റെസിഡെൻ്റ് കമ്മീഷണർ സപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.” എന്നാണ് റിപ്പോര്‍ട്ടിലെ വിവരണം.

malayalammedia | archived link

അതായത് കേരളം സ്വന്തന്ത്രമായും ആദ്യമായും വിദേശ സഹകരണ സെക്രട്ടറിയെ നിയമിച്ചുവെന്നും പിണറായിയുടെ വിദേശ ടൂര്‍ ഓപ്പറേറ്ററായാണ് നിയമണമെന്നും റിപ്പോര്‍ട്ട് എടുത്തു പറയുന്നു. നിയമന ഉത്തരവിന്‍റെ പകര്‍പ്പ് റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത

നിയമന ഉത്തരവില്‍ വിദേശ സഹകരണ സെക്രട്ടറി എന്ന നിലയില്‍ എന്താണ് ഡോ.വാസുകിയുടെ ചുമതല എന്നു വ്യക്തമായി പറയുന്നുണ്ട്.

"തൊഴിൽ, നൈപുണ്യ വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി ഐഎഎസ് (കെഎൽ 2008) വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അധിക ചുമതല വഹിക്കും. നിലവിലുള്ള ചാർജുകൾക്ക് പുറമെ വിദേശ സഹകരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യും.

ജനറൽ അഡ്മിനിസ്ട്രേഷൻ (രാഷ്ട്രീയ) വകുപ്പ് ബാഹ്യ സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുകയും ഇതര സംവിധാനങ്ങൾ ഉണ്ടാകുന്നതുവരെ ഡോ. കെ.വാസുകി ഐഎഎസിനെ സഹായിക്കുകയും ചെയ്യും. വിദേശകാര്യ മന്ത്രാലയവുമായും മിഷനുകളുമായും എംബസികളുമായും ബന്ധപ്പെടുന്നതിന് കേരള ഹൗസ് റസിഡന്‍റ് കമ്മീഷണർ, ന്യൂഡൽഹി, വിദേശ സഹകരണ കാര്യങ്ങളിൽ ഉദ്യോഗസ്ഥനെ പിന്തുണയ്ക്കും. എന്നാണ് ഉത്തരവിന്‍റെ പരിഭാഷ.

ഞങ്ങള്‍ വിശദാംശങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി‌എം മനോജ് വിശദമാക്കിയത് ഇങ്ങനെ: “കേരളത്തിൽ ഇന്ത്യൻ വിദേശ മന്ത്രാലയവും എംബസികളുമായി പ്രവാസി വിഷയങ്ങളിൽ ബന്ധപ്പെടാനും ഏകോപിപ്പിക്കാനും ഐ എഎസ് ഓഫീസര്‍ക്ക് ചുമതല നല്‍കുന്നത് ഇതാദ്യമല്ല. നേരത്തെ വേണുരാജാമണിയും സുമൻ ബില്ലയും ഇതേ ചുമതല വഹിച്ച ഉദ്യോഗസ്ഥരായിരുന്നു. ആ ചുമതലയിലേയ്ക്ക് അടുത്ത ആളെ നിയമിച്ചു എന്നു മാത്രമേയുള്ളൂ. മാത്രമല്ല ഇത് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയുള്ളതല്ല. കേരള സര്‍ക്കാരിനായുള്ളതാണ്. മുമ്പ് ഉദ്യോഗസ്ഥര്‍ക്ക് വിദേശ സഹകരണ സെക്രട്ടറിമാരായി അധിക ഉത്തരവാദിത്തം നല്‍കിയപ്പോഴും ഇതുപോലെതന്നെ സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിരുന്നു. ഡോ. വാസുകിക്ക് ഇതേ ചുമതല നല്‍കിയപ്പോള്‍ വെറുതെ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്.”

ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം സോഷ്യല്‍ മീഡിയ ഹാന്‍റിലുകളില്‍ വിശദീകരണം നല്കിയിട്ടുണ്ട്.

ഡോ. വാസുകിയുടെ നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ പ്രചരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി വിശദീകരണ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

“പല വിദേശ ഏജൻസികൾ, multilateral agencies, വിദേശരാജ്യങ്ങളുടെ എംബസികളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, പ്രതിനിധി സംഘങ്ങൾ, കേരള സംസ്ഥാന സർക്കാരിനോടും അതുപോലെതന്നെ മറ്റു സംസ്ഥാന സർക്കാരുകളോടും നിരന്തരം ബന്ധപ്പെടാറുണ്ട്. ഈ ഇടപാടുകളിലൂടെ വാണിജ്യ വ്യാവസായിക സാംസ്കാരിക രംഗങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കുവാനുള്ള ബന്ധങ്ങൾ സ്ഥാപിക്കാറുണ്ട്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോ മന്ത്രിമാരോ വിദേശത്ത് പോകുമ്പോൾ അവിടെ നടക്കുന്ന ചർച്ചകളുടെ ഫലമായി പല പ്രതിനിധികളും കേരളം സന്ദർശിക്കാറുണ്ട് പുതിയ ബന്ധങ്ങൾ തേടാറുണ്ട്. മുൻ വർഷങ്ങളിൽ ഇവ പ്രത്യേക വകുപ്പുകളുടെ ചുമതലയായിട്ടായിരുന്നു കണ്ടിരുന്നത്. ഇതുപോലെയുള്ള ചർച്ചകളുടെ എണ്ണം കൂടി വന്നപ്പോൾ കുറേക്കൂടി മെച്ചപ്പെട്ട coordination ആവശ്യമെന്ന് കണ്ടു. അതിനായി കുറച്ചു കാലം മുമ്പ് ഉണ്ടാക്കിയ സംവിധാനമാണ് external cooperation എന്ന ഡിവിഷൻ.

സമീപ കാലം വരെ സംസ്ഥാന സർവീസിൽ ഉണ്ടായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ സുമൻ ബില്ലയ്ക്കായിരുന്നു ഇതിന്റെ ചുമതല. അദ്ദേഹം കേന്ദ്ര സർവീസിലേക്ക് പോയപ്പോൾ ശ്രീമതി വാസുകിക്ക് നൽകി. എന്താണ് ചെയ്യേണ്ടത് എന്നുള്ളത് ഉത്തരവിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.. വിദേശരാജ്യങ്ങളുമായി നയതന്ത്ര ബന്ധത്തിൽ ഏർപ്പെടാനും കേന്ദ്രസർക്കാരിന്റെ അധികാരത്തിൽ പെടുന്ന വിഷയങ്ങളിൽ കൈ കടത്താനുമല്ല, മറിച്ച് സംസ്ഥാനത്തിന്റെ വികസനത്തിനായി പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായാണ് ഈ കാര്യങ്ങൾ സർക്കാർ ചെയ്തത്.”

കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഞങ്ങള്‍ കേരള ഹൈക്കോടതി അഭിഭാഷകനായ അനന്തനാരായണനുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞതിങ്ങനെ: "കേരളവുമായി ബന്ധപ്പെട്ട വിദേശ വിഷയങ്ങളില്‍ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും വേണ്ട സഹായം യഥാസമയം കിട്ടാനായി ഒരു ലെയിസണിംഗ് ഓഫീസറായിട്ടാണ് വിദേശ സഹകരണ സെക്രട്ടറി പ്രവർത്തിക്കുന്നത് എന്നാണ് ഉത്തരവില്‍ നിന്നും മനസ്സിലാകുന്നത്. ഭരണഘടനാ പ്രകാരം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനാണ് എല്ലാ സംസ്ഥാനങ്ങളുടെയും വിദേശകാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള പരമാധികാരമുള്ളത്. കേന്ദ്ര ചട്ടങ്ങളോ ഭരണഘടനയുടെ ലംഘനമോ നിയമനത്തിലില്ല എന്ന് പറയാം. വിദേശ രാജ്യങ്ങളുമായി കേരളത്തിന് വേണ്ടി നേരിട്ട് ഇടപെടല്‍ നടത്താന്‍ വിദേശ സഹകരണ സെക്രട്ടറിക്ക് അധികാരമുണ്ടായിരിക്കില്ല."

ഹരിയാനയിൽ വിദേശ സഹകരണ സെക്രട്ടറി തസ്തികയുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥനായ അംഷജ് സിംഗാണ് നിലവില്‍ തസ്തികയിലുള്ളതെന്ന് ഹരിയാന സർക്കാർ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.

കേരള സര്‍ക്കാര്‍ വിദേശ സഹകരണ സെക്രട്ടറി എന്ന അധിക ചുമതലയാണ് ഡോ. വാസുകിക്ക് നല്‍കിയിട്ടുള്ളത്. ഈ ചുമതല കേരളത്തില്‍ ആദ്യമായല്ല, ഇതിന് മുമ്പും ഉദ്യോഗസ്ഥര്‍ക്ക് ഇതേ ചുമതല നല്‍കിയിരുന്നു.

നിഗമനം

പിണറായി വിജയന് വിദേശ പര്യടനം നടത്താന്‍ കേരളം സ്വതന്ത്രമായി വിദേശ സഹകരണ സെക്രട്ടറി എന്ന തസ്തിക സൃഷ്ടിച്ച് ഡോ.വാസുകിയെ നിയമിച്ചു എന്ന പ്രചരണം തെറ്റാണ്. കേരള സര്‍ക്കാരിന്‍റെ വിദേശ, നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്താനായി വിദേശ സഹകരണ സെക്രട്ടറി എന്ന ചുമതല അധികമായി ഡോ.വാസുകിക്ക് നല്കി എന്നു മാത്രമേയുള്ളൂ. ഇതിനുമുമ്പ് ഇതേ ചുമതല വഹിച്ചിരുന്ന സുമന്‍ ബില്ല എന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ കേന്ദ്ര സര്‍വീസിലേക്ക് പോയതിനാലാണ് ഡോ.വാസുകിയെ തല്‍സ്ഥാനത്ത് നിയമിച്ചത്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:“വിദേശ സഹകരണ സെക്രട്ടറിയായി ഡോ.വാസുകിയുടെ നിയമനത്തെ പറ്റിയുള്ള വിവാദങ്ങളും യാഥാര്‍ത്ഥ്യവും...

Fact Check By: Vasuki S

Result: Insight