
പ്രചരണം
സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവരുടെ ദയനീയ ചിത്രങ്ങളാണ്. ഒരു കുടുംബം മുഴുവൻ റോഡ് അരികിൽ ഇരുന്ന് പരസ്പരം കെട്ടിപ്പിടിച്ചു കൊണ്ട് കരയുന്ന ഒരു ദയനീയതയാര്‍ന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിനൊപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “ഓക്സിജൻ കിട്ടാതെ അച്ഛനും അമ്മയും മരിച്ചു… ആ ദേഹങ്ങൾ വിട്ടു കിട്ടണമെങ്കിൽ 23000 കൊടുക്കണം… ഒരു രാജ്യം നേരിടുന്ന ഏറ്റവും സങ്കടകരമായ അവസ്ഥ 😥😥😥”

വിവിധ സംസ്ഥാനങ്ങളിൽ നേരിടുന്ന ഓക്സിജൻ ക്ഷാമത്തെ കുറിച്ചും കോവിഡ് ചികിത്സയില്‍ ഇതുമൂലം ഉണ്ടാവുന്ന പരിമിതികളെ കുറിച്ചും മാധ്യമ വാര്‍ത്തകള്‍ നാം കണ്ടിരുന്നു. ഓക്സിജൻ ക്ഷാമം മൂലം നിരവധി പേർക്ക് ചികിത്സ നൽകാൻ കഴിയാതെ മരണത്തിനു വിട്ടു കൊടുക്കേണ്ട അവസ്ഥ പലഭാഗങ്ങളിലും ഉണ്ട്.
ഈ പോസ്റ്റിലൂടെ വാദിക്കുന്നത് ഓക്സിജൻ കിട്ടാതെ അച്ഛനുമമ്മയും മരിച്ചുവെന്നും മൃതദേഹങ്ങൾ വിട്ടു കൊടുക്കണമെങ്കിൽ 23,000 രൂപ കൊടുക്കണം എന്നുമാണ്. അതിന്‍റെ പേരിൽ റോഡരികിലെ ഫുട്പാത്തിൽ ഇരുന്നു കരയുന്ന കുടുംബത്തിന്‍റെ ചിത്രമെന്ന നിലയിലാണ് പോസ്റ്റിൽ ചിത്രം പ്രചരിപ്പിക്കുന്നത്. ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണം മാത്രമാണിതെന്ന് വ്യക്തമായി
വസ്തുത ഇങ്ങനെ
ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ നിരവധി ദേശീയ മാധ്യമങ്ങളിൽ ഈ ചിത്രവും ഇതിനോട് ബന്ധപ്പെട്ട മറ്റു ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് കാണാൻ കഴിഞ്ഞു. മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗത്തിൽ ഏപ്രിൽ 16ന് നടന്ന ഒരു തീപിടിത്തത്തിൽ 14 കോവിഡ് രോഗികൾ മരിച്ചിരുന്നു. ഐസിയുവിൽ കിടന്ന് 13 പേരാണ് ദാരുണമായി മരിച്ചത്. ഒരു രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു എന്നാണ് വാര്‍ത്തകള്‍ അറിയിക്കുന്നത്. ആശുപത്രിയ്ക്ക് മുന്നിൽ മരിച്ച രോഗികളുടെ ബന്ധുക്കളുടെ ചിത്രമാണിത്. സംഭവത്തെ പറ്റി വിശദമായ വാർത്ത പല മാധ്യമങ്ങളും നൽകിയിട്ടുണ്ട്. മാധ്യമങ്ങൾ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന വാർത്ത ഏജൻസിക്ക് ക്രെഡിറ്റ് നൽകിയാണ് ഈ ചിത്രം കൊടുത്തിട്ടുള്ളത്.

എസി യൂണിറ്റിൽ ഉണ്ടായ സ്ഫോടനമാണ് തീപിടുത്തത്തിന് കാരണമായി വിലയിരുത്തുന്നത്. 17 പേർ ഐസിയുവിൽ ഉണ്ടായിരുന്നു. ചിത്രത്തിനൊപ്പം എല്ലാ മാധ്യമങ്ങളിലും കാണുന്ന വിവരണം ഒന്നുതന്നെയാണ്.
23000 രൂപ അടയ്ക്കാൻ വഴിയില്ലാതെ ഓക്സിജൻ മൂലം മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കൾ പുറത്തിരുന്ന് കരയുന്നു എന്ന പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. അത് സത്യമല്ല. ആശുപത്രിയിൽ തീപിടിത്തം ഉണ്ടായപ്പോൾ വെന്തുമരിച്ച കോവിഡ് രോഗിയുടെ ബന്ധുക്കൾ ആണ് പുറത്തിരുന്നു കരയുന്നത്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. മഹാരാഷ്ട്രയിലെ പല്‍ഖര്‍ ജില്ലയിലെ വിരാര്‍ എന്ന സ്ഥലത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ
തീപിടുത്തം ഉണ്ടായപ്പോൾ വെന്തു മരിച്ച കോവിഡ് രോഗികളുടെ ബന്ധുക്കളാണ് ചിത്രത്തില്‍ കരയുന്നത്. ആശുപത്രി ബില്ലടയ്ക്കാൻ പണമില്ലാതെ കരയുന്നു എന്നത് വ്യാജ പ്രചരണമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഓക്സിജൻ ക്ഷാമം മൂലം മരിച്ച കോവിഡ് രോഗിയുടെ ബന്ധുക്കൾ ആശുപത്രി ബില്ലിന് പണമില്ലാതെ കരയുന്നുവെന്ന് പ്രചരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ വസ്തുത അറിയൂ
Fact Check By: Vasuki SResult: False
