
പ്രധാനമന്ത്രിയുടെ അമ്മയെ അസഭ്യം പറഞ്ഞ വ്യക്തി മുഹമ്മദ് റിസ്‌വി BJP നേതാവാണ് എന്ന തരത്തിൽ ചില ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ചില ചിത്രങ്ങൾ കാണാം. ചിത്രങ്ങളിൽ ഒരു വ്യക്തിയെ കാണാം കൂടെ ബിജെപി നേതാക്കൾക്കൊപ്പം ഒരു വ്യക്തിയുടെ ചിത്രങ്ങളും കാണാം. ചിത്രങ്ങൾക്ക് മുകളിൽ എഴുതിയ വാചകം ഇപ്രകാരമാണ്:
“മോദിജിയുടെ അമ്മയ്ക്ക് വിളി നാടകം, കോൺഗ്രസ് നേതാക്കളെ കുരുക്കാനുള്ള തന്ത്രം ആയിരുന്നു എന്നും, തെറി വിളിച്ചത് ബിജെപി പ്രവർത്തകൻ തന്നെ ആയിരുന്നു എന്നും ജനങ്ങൾക്ക് മനസ്സിലായതോടെ ആ അടവും ചീറ്റിപോയി… രാജ്യത്തിന്റെ” കറുത്ത ദശകം ആണ് വ്യാജൻ മോദിയുടെ ഭരണം..”
എന്നാൽ എന്താണ് ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ചിത്രങ്ങളെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ചിത്രങ്ങൾ വെച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. ചിത്രങ്ങളിൽ ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ അസഭ്യം പറഞ്ഞ വ്യക്തി മുഹമ്മദ് റിസ്‌വിയോടൊപ്പം ഭോപ്പാലിലെ ഒരു ബിജെപി നേതാവിൻ്റെ ചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്. ചിത്രത്തിൽ ബനിയൻ ധരിച്ച വ്യക്തിയാണ് പ്രധാനമന്ത്രി മോദിയുടെ അമ്മയെ ആക്ഷേപിച്ച മുഹമ്മദ് റിസ്‌വിയാണ്. രാഹുൽ ഗാന്ധി നടത്തുന്ന വോട്ട് അധികാർ യാത്രയിലാണ് ഈ സംഭവം ഉണ്ടായത്. ഇയാളെ ദർഭംഗ 29 ഓഗസ്റ്റ് 2025ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പക്ഷെ ബിജെപി നേതാക്കളോടൊപ്പം കാണുന്നത് ബിഹാറിൽ പ്രധാനമന്ത്രി മോദിയുടെ അമ്മയെ ആക്ഷേപിച്ച മുഹമ്മദ് റിസ്‌വി അല്ല. പകരം മധ്യപ്രദേശിലെ ഒരു ബിജെപി നേതാവ് നെക് മുഹമ്മദ് റിസ്‌വിയാണ്. തൻ്റെ ചിത്രങ്ങൾ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം നടക്കുന്നുണ്ടെന്ന് നെക് മുഹമ്മദ് റിസ്‌വി തൻ്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ ഒരു പോസ്റ്റ് ഇട്ട് വ്യക്തമാക്കി. ഈ പോസ്റ്റിൽ മധ്യപ്രദേശ് പോലീസിനെയും ഇയാൾ ടാഗ് ചെയ്തിട്ടുണ്ട്.

പോസ്റ്റ് കാണാൻ – Facebook | Archived
നെക് മുഹമ്മദ് റിസ്‌വി മധ്യപ്രദേശിലെ അനുപൂർ ജില്ലയിലെ കൊത്തമ പോലീസ് സ്റ്റേഷനിൽ സംഭവത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഇയാളുടെ വീഡിയോ നമുക്ക് താഴെ കാണാം.
വിഡിയോയിൽ നെക് മുഹമ്മദ് പറയുന്നു, “ചില ട്രോളന്മാർ എൻ്റെ അക്കൗണ്ടുകൾ നിന്ന് ചില ചിത്രങ്ങൾ എടുത്ത് ഞാനാണ് പ്രധാനമന്ത്രിയുടെ അമ്മയെ അസഭ്യം പറഞ്ഞത് എന്ന വ്യാജ പ്രചരണം നടത്തി. ഇവർ എന്നെയും ബിജെപിയെയും മോശമായി ചിത്രീകരിക്കാൻ നടത്തിയ വ്യാജപ്രചരണമാണിത്. ഞാൻ ഇതിനെതിരെ കേസ് കൊടുത്തിട്ടുണ്ട്”.
പരാതിയുടെ കോപ്പി ഇയാൾ ക്യാമറയുടെ മുന്നിൽ കാണിക്കുന്നുണ്ട്.
നിഗമനം
പ്രധാനമന്ത്രിയുടെ അമ്മയെ അപശബ്ദം വിളിച്ച വ്യക്തി എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രങ്ങളിൽ കാണുന്നത് മറ്റൊരു വ്യക്തിയാണ്. ഇയാൾ ഒരു ബിജെപി പ്രവർത്തകനാണ്. ഇയാൾ പ്രധാനമന്ത്രി മോദിയുടെ അമ്മയെ ആക്ഷേപിച്ചിട്ടില്ല. വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ ഇയാൾ മധ്യപ്രദേശിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:പ്രധാനമന്ത്രി മോദിയുടെ മാതാവിനെ അസഭ്യം പറഞ്ഞ വ്യക്തി എന്ന തരത്തിൽ ബിജെപി നേതാവിൻ്റെ ചിത്രങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: False
