അയോധ്യയിലെ ശ്രീരാമ ക്ഷേത്രം പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ഭക്തജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. ഭക്തരുടെ അഭൂത പൂർവ്വമായ തിരക്കാണ് അവിടെ അനുഭവപ്പെടുന്നത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ രാമക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടിയില്‍ കാണിക്കയായി ലഭിച്ച കോടിക്കണക്കിന് പണം എണ്ണുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്

പ്രചരണം

കറൻസി നോട്ടുകളും നാണയങ്ങളും ഉൾപ്പെടെ കാണിക്കയായി ലഭിച്ച പണം ഏതാനും വ്യക്തികള്‍ ചേര്‍ന്ന് ഭണ്ഡാരപ്പെട്ടിയില്‍ നിന്നും എണ്ണിത്തിട്ടപ്പെടുത്താനായി എടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ദർശനത്തിനായി തുറന്നുകൊടുത്ത ഉടൻ തന്നെ അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ ലഭിച്ച കാണിക്ക എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: "ദിവസത്തിൻറെ പകുതിയാകുമ്പോഴേക്കും ഭണ്ഡാരം നിറയുന്നു🙏🏽 അയോധ്യ 🙏🏽 ജയ് ശ്രീറാം🙏🏽"

FB postarchived link

എന്നാൽ തെറ്റായ പ്രചരണമാണിത് എന്നും അയോധ്യയുമായി ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങൾ കണ്ടെത്തി

വസ്തുത ഇതാണ്

ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ അമ്പലത്തിലെ ശ്രീകോവിൽ കാണാം.

അയോധ്യയിൽ ഇക്കഴിഞ്ഞ ദിവസം പ്രാണ പ്രതിഷ്ഠ നടന്ന ശ്രീകോവിൽ അല്ല ഇതെന്ന് അനായാസം മനസ്സിലാകും പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്നും ശ്രീകോവിലിന്‍റെ സ്ക്രീൻഷോട്ട് എടുത്ത് ഞങ്ങൾ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഇതേ ശ്രീകോവിലിന്‍റെ ദൃശ്യങ്ങളുള്ള ചില വീഡിയോകൾ ലഭിച്ചു. രാജസ്ഥാനിലെ ചിത്തോര്‍ഗഡ് ജില്ലയില്‍ സ്ഥിതിചെയ്യുന്ന ശ്രീ സാവലിയ സേഠ് ക്ഷേത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്.

ഭണ്ഡാരപ്പെട്ടി എന്നീ തിട്ടപ്പെടുത്തുന്ന സന്ദര്‍ഭത്തില്‍ ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് വൈറല്‍ വീഡിയോയില്‍ ഉള്ളതെന്ന് അനുമാനിക്കുന്നു.

ശ്രീ സാവലിയ സേഠ് ക്ഷേത്രത്തിലെ ശ്രീകോവിലിന്‍റെ നിരവധി ചിത്രങ്ങളും വീഡിയോകളും ലഭ്യമാണ്. വൈറല്‍ വീഡിയോയില്‍ കാണുന്നത് ഇതേ ദൃശ്യങ്ങള്‍ തന്നെയാണെന്ന് വ്യക്തമാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീ സാവലിയ സേഠ് ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ദൃശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ യുട്യൂബ് ചാനലില്‍ കാണാം.

ക്ഷേത്രത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലും ശ്രീകോവിലിന്‍റെ ദൃശ്യങ്ങള്‍ കാണാം. ക്ഷേത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും വെബ്സൈറ്റിലുണ്ട്.

ശ്രീ സാവലിയ സേഠ് ജി എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ക്ഷേത്ര ശ്രീകോവിലിന്‍റെ ദൃശ്യങ്ങള്‍ കാണാം.

അയോധ്യയില്‍ പുതുതായി നിര്‍മ്മിച്ച രാം ലല്ലയുടെ ശ്രീകോവില്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ്. രണ്ടു ക്ഷേത്രങ്ങളുടെയും നിര്‍മ്മിതിയില്‍ കാണുന്ന സാമ്യം മൂലമാകാം ഇത്തരത്തില്‍ ഒരു പ്രചരണം നടന്നത്. ഏതായാലും ഭണ്ഡാരപ്പെട്ടിയുടെ ദൃശ്യങ്ങള്‍ അയോധ്യയില്‍ നിന്നുള്ളതല്ല.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ദൃശ്യങ്ങള്‍ അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ നിന്നുള്ളതല്ല, രാജസ്ഥാനിലെ ചിത്തോര്‍ഗഡിലുള്ള ശ്രീ സാവലിയ സേഠ് ക്ഷേത്രത്തില്‍ നിന്നുള്ളതാണ്, അയോധ്യയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഭണ്ഡാരപ്പെട്ടിയില്‍ നിറഞ്ഞ കാണിക്കപ്പണം എണ്ണുന്ന ദൃശ്യങ്ങള്‍ അയോധ്യയില്‍ നിന്നുള്ളതല്ല, സത്യമറിയൂ...

Written By: Vasuki S

Result: False