പോലീസ് സാന്നിധ്യത്തില്‍ ഒരു സ്ത്രീയെ ആൾക്കൂട്ടംമൃഗീയമായി ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

പ്രചരണം

ഒരു സ്ത്രീയെ ഒരു കൂട്ടം ആളുകള്‍ പോലിസ് സാന്നിധ്യത്തില്‍ അതിക്രൂരമായി വടികൊണ്ടും കൈകൊണ്ടും മര്‍ദ്ദിക്കുക്കത്ത് കാണാം. സ്ത്രീ പോലീസ് ജീപ്പില്‍ ചാരി നില്‍ക്കുകയാണ്. ആക്രമണത്തിനിടെ ജീപ്പിന്‍റെ മുൻവശത്തെ ചില്ലുകൾ തകർന്നിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ ഹിന്ദു യുവതിയെ മുസ്ലിങ്ങള്‍ ആക്രമിക്കുന്ന ദൃശ്യങ്ങളാണിത് എന്നാരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പശ്ചിമ ബംഗാളിലെ ഒരു ഹിന്ദു സഹോദരിയെ ശരിയാ നിയമമനുസരിച്ചു കൊല്ലുന്ന മതേതര കാഴ്ച പോലീസിനെയും സർക്കാരിനേയും നോക്കിയിരുന്നാൽ ഹിന്ദു കാണില്ല. മുസ്ലിം ഭൂരിപക്ഷമായാൽ നമുക്കും ഇതായിരിക്കും ഗതി. പോലീസ് അനങ്ങില്ല”

മുന്നറിയിപ്പ്: വീഡിയോകളിൽ ശല്യപ്പെടുത്തുന്ന ദൃശ്യങ്ങൾ അടങ്ങിയിരിക്കുന്നു, വായനക്കാര്‍ ശ്രദ്ധിക്കുക.

FB postarchived link

എന്നാല്‍ വെസ്റ്റ് ബംഗാളില്‍ നടന്ന ഈ പഴയ സംഭവത്തിന് വര്‍ഗീയ തലങ്ങള്‍ ഒന്നുമില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ പോലീസ് ജീപ്പില്‍ ബരാസത് പോലീസ് എന്ന് എഴുതിയിരിക്കുന്നത് കണ്ടു.

ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ സംഭവത്തെ കുറിച്ചുള്ള ചില വാര്‍ത്താ ബുള്ളറ്റിനുകള്‍ ലഭിച്ചു. 2024 ജൂൺ മുതൽ ബംഗാളി മുഖ്യധാരാ മാധ്യമങ്ങളില്‍ ഇതേ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ദൃശ്യങ്ങളില്‍ കാണുന്നത് പ്രദേശത്തെ കുട്ടികളെ തട്ടിക്കൊണ്ടുപോകൽ കിംവദന്തികൾ ആരോപിച്ച് ഒരു നിരപരാധിയായ സ്ത്രീയെ ജനക്കൂട്ടം ക്രൂരമായി തല്ലിച്ചതച്ച പഴയ സംഭവമാണ്. വാര്‍ത്തകളില്‍ സംഭവത്തിന് വര്‍ഗ്ഗീയ തലങ്ങള്‍ ഉണ്ടെന്ന് പരാമര്‍ശമില്ല.

തുടർന്ന് ഞങ്ങൾ ബരാസത്ത് പോലീസിനെ സമീപിച്ചു, ബരാസത് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ അജിങ്ക്യ വിദ്യാഗർ ഐപിഎസ് അവകാശവാദം തെറ്റാണെന്ന് സ്ഥിരീകരിച്ചു.” സംഭവത്തിന് യാതൊരു വര്‍ഗീയ തലങ്ങളുമില്ല. പ്രദേശത്തെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവള്‍ എന്ന കിംവദന്തി കാരണം പ്രദേശവാസികളുടെ ആക്രമണത്തിന് ഇരയായ മുസ്ലീം സ്ത്രീയാണിത്.

സംഭവത്തിന് സാമുദായിക തലങ്ങള്‍ ഇല്ലെന്നും അവർ വ്യക്തമാക്കി. അവയവ കച്ചവടത്തിനായി കുട്ടികളെ തട്ടിക്കൊണ്ടു പോകുകയും കടത്തുകയും ചെയ്യുന്നു എന്ന അഭ്യൂഹത്തെ തുടർന്ന് 19.06.24-ന് ബരാസത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിൽ രണ്ട് ആൾക്കൂട്ട ആക്രമണങ്ങള്‍ നടന്നു. മോളപ്പാറ, അശ്വിനിപ്പള്ളി, വാർഡ് 23-ൽ ഒരാളെ, കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ആളാണെന്ന് പൊതുജനങ്ങൾ സംശയിക്കുകയും രാവിലെ 10.30 ഓടെ ഒരു ജനക്കൂട്ടം ആക്രമിക്കുകയും ചെയ്തു. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി ആളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. അയാള്‍ സാധാരണക്കാരനായ ഒരു തൊഴിലാളി ആണെന്ന് പിന്നീട് വ്യക്തമായി.

അൽപ്പസമയത്തിനകം മറ്റൊരു സംഭവം ബരാസത്ത് വാർഡ് 29ലെ സെൻട്രൽ മോഡേൺ സ്‌കൂളിന് മുന്നിലാണ്. സ്‌കൂൾ വിട്ട് കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനെത്തിയ രക്ഷിതാക്കൾ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് സംശയിച്ച് ഒരു സ്ത്രീയെയും പുരുഷനെയും മർദ്ദിക്കാൻ തുടങ്ങി. പോലീസ് സംഘം സ്ത്രീയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അവർ സ്ത്രീയെ മർദിക്കുന്നതാണ് വൈറലായ വീഡിയോ. നെഹറ ബാനു എന്ന മെഹറബാനു ബീബിയാണ് മര്‍ദ്ദനത്തിന് ഇരയായത്. അംദംഗ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രഭാകര്‍ ഖണ്ടിയില്‍ നിന്നുള്ള ഖോക്കോണ്‍ ബിശ്വാസിന്‍റെ പത്നിയാണ് 35കാരിയായ നെഹറ ബാനു. സംഭവത്തില്‍ 10 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു കേസുകളിലും ഇരയായവര്‍ ബരാസത്ത് പോലീസ് സ്റ്റേഷനില്‍ 5 കേസുകള്‍ വേറെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബരാസത്തിൽ നടക്കുന്ന കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളെക്കുറിച്ചുള്ള ഏതാനും ഫേസ്ബുക്ക് പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ നിരപരാധികളെ സംശയിക്കുന്നതായി പോലീസിന് അറിയാന്‍ കഴിഞ്ഞു. ഈ സംഭവങ്ങളിൽ ബരാസത്ത് പോലീസ് സ്വമേധയാ കേസുകൾ ഫയൽ ചെയ്തു.

നിഗമനം

പശ്ചിമ ബംഗാളിലെ ഒരു ഹിന്ദു സഹോദരിയെ ശരിയത്ത് നിയമമനുസരിച്ചു കൊല്ലുന്ന മതേതര കാഴ്ച എന്ന പ്രചരണം തെറ്റാണ്. ജൂണ്‍ 19 ന് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തില്‍ പെട്ട സ്ത്രീ എന്നു സംശയിച്ച് പ്രദേശവാസികള്‍ സ്കൂളിന് മുന്നില്‍വച്ച് നേഹറ ബാനു എന്ന മുസ്ലിം സ്ത്രീയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണിത്. സംഭവത്തിന് യാതൊരു വര്‍ഗീയ തലങ്ങളുമില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘പശ്ചിമ ബംഗാളില്‍ ഒരു ഹിന്ദു സഹോദരിയെ ശരിയ നിയമമനുസരിച്ചു കൊല്ലുന്ന കാഴ്ച’ എന്ന വ്യാജ പ്രചരണത്തിന്‍റെ വസ്തുത അറിയൂ...

Fact Check By: Vasuki S

Result: False