കാനഡയില്‍ തീവ്രവാദ ആക്രമണം എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ഥ്യം ഇതാണ്…

False അന്തര്‍ദേശീയം | International

പഹൽഗാം തീവ്രവാദ ആക്രമണത്തിന് ശേഷം ഇന്ത്യൻ സൈന്യം തീവ്രവാദികളെ കണ്ടെത്താനുള്ള തീവ്ര ശ്രമങ്ങള്‍ നടത്തുകയാണ്. ഈ പശ്ചാത്തലത്തില്‍ കാനഡയില്‍ തീവ്രവാദി ആക്രമണമെന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

റോഡില്‍ ഏതാനും പേര്‍ വീണു കിടക്കുന്നതും കുറേപ്പേര്‍ അവരെ ശുശ്രൂഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കാനഡയില്‍ തീവ്രവാദി ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദൃശ്യങ്ങള്‍ എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:  “കാനഡയിൽ തീവ്രവാദി ആക്രമണം 15 പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് 

FB postarchived link

എന്നാല്‍ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ദൃശ്യങ്ങള്‍ തീവ്രവാദി ആക്രമണത്തിന്‍റെതല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ്അന്വേഷണം നടത്തി നോക്കിയപ്പോള്‍ ചില  മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. അവയില്‍ സമാന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വണ്‍ഇന്ത്യ   യൂട്യൂബ് ചാനലില്‍ 2025 ഏപ്രില്‍ 27ന് പങ്കുവെച്ച റിപ്പോര്‍ട്ടില്‍ ഇതേ ദൃശ്യങ്ങള്‍ കാണാം.

കാനഡയില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാന്‍കൗവര്‍ നഗരത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഒപ്പമുള്ള വിവരണം.   മേള നടക്കുന്നതിനിടെ ജനങ്ങള്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയാണ് അപകടമെന്നും സംഭവത്തില്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

A screenshot of a news article

AI-generated content may be incorrect.

ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍  ദി ഗാര്‍ഡിയന്‍ സംഭവവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചു. കാനഡയില്‍ ആഘോഷിക്കുന്ന ലാപുലാപു ദിനത്തോടനുബന്ധിച്ച് തെരുവില്‍ നടന്ന മേളയില്‍ പങ്കെടുത്തവര്‍ക്കിടയിലേയ്ക്ക് വാഹനം ഓടിച്ചുകയറ്റി അപകടമുണ്ടാക്കുകയായിരുന്നു എന്നാണ് വിവരണം. സംഭവത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടുവെന്നും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ 26ന്  നടന്ന സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്.

മാനസിക വൈകല്യമുള്ള യുവാവാണ് വാഹനം ഓടിച്ചുകയറ്റിയതെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  മേഖലാ പൊലിസ് ചീഫ് സ്റ്റീവ് റോയ് ഇക്കാര്യം വിശദീകരിക്കുന്ന ദൃശ്യങ്ങള്‍ ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

സംഭവം ഭീകരാക്രമണമല്ലെന്നും തീവ്രവാദി ബന്ധമില്ലെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ അറസ്റ്റിലായ 30-കാരനായ യുവാവിന് മാനസികവൈകല്യങ്ങളുണ്ട്. 

നിഗമനം 

കാനഡയില്‍ ഉണ്ടായ തീവ്രവാദ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നത് മാനസിക വൈകല്യമുള്ള യുവാവ് ആളുകള്‍ക്കിടയിലേയ്ക്ക് വാഹനം ഓടിച്ചു കയറ്റി അപകടമുണ്ടാക്കിയ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ്. സംഭവം ഭീകരാക്രമണമല്ലെന്ന് പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കാനഡയില്‍ തീവ്രവാദ ആക്രമണം എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ഥ്യം ഇതാണ്…

Fact Check By: Vasuki S 

Result: False

Leave a Reply

Your email address will not be published. Required fields are marked *