മലയോര മേഖലയില്‍ തീവ്രവാദികളെ തിരയുന്ന ഇന്ത്യന്‍ സൈന്യം എന്ന് പ്രചരിപ്പിക്കുന്നത് കൊളമ്പിയന്‍ ആര്‍മിയുടെ ദൃശ്യങ്ങള്‍…

ദേശീയം | National

പഹൽഗാം തീവ്രവാദ ആക്രമണത്തിന് ശേഷം ഇന്ത്യൻ സൈന്യം തീവ്രവാദികളെ കണ്ടെത്താനുള്ള തീവ്ര ശ്രമങ്ങള്‍ നടത്തുകയാണ്. പാകിസ്ഥാൻ അതിർത്തിയിലും തിരച്ചില്‍ ഊര്‍ജ്ജിതമാണ്‌. ഈ പശ്ചാത്തലത്തില്‍ തീവ്രവാദികളെ കണ്ടെത്താന്‍  സൈന്യം നടത്തുന്ന തിരച്ചിൽ എന്ന രീതിയിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

ഹെലികോപ്റ്ററിൽ നിന്നിറങ്ങി സൈനികര്‍ കാടിന് നടുവിൽ തിരച്ചില്‍ നടത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. തീവ്രവാദികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയ ഇന്ത്യന്‍ സൈന്യമാണിത്  എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “തീവ്രവാദികളെ നീയൊക്കെ ഏത് മാളത്തിലൊളിച്ചാലും ഭാരത സൈന്യം നിന്നെയൊക്കെ പൊക്കിയിരിക്കും. കാരണം പാശുപതം കിട്ടിയാലും ധർമ്മം വഴി കാട്ടുന്നത് നീതിമാന്മാർക്കായിരിക്കും. 🔥

FB postarchived link

എന്നാൽ വീഡിയോയിലുള്ളത് ഇന്ത്യൻ സൈനികരല്ലെന്നും കൊളമ്പിയൻ ആർമി നടത്തിയ ഓപ്പറേഷന്‍റെ ദൃശ്യങ്ങളാണ് ഇതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ സമാന വീഡിയോ ‘webinfomil’ എന്ന മാധ്യമത്തിന്‍റെ ഇൻസ്റ്റഗ്രാം പേജിൽ 2025 ഫെബ്രുവരി 2ന്   പങ്കുവച്ചിട്ടുണ്ട്. “പ്രതികൂല സാഹചര്യങ്ങൾക്കിടയിലും കൊളംബിയൻ പട്ടാളക്കാർ തങ്ങളുടെ രാജ്യത്തിനായി എല്ലാം നൽകുന്നത് തുടരുന്നു. കര്‍മ്മ മേഖലയിൽ കൊളംബിയൻ ആർമി സൈനികരുടെ ലാൻഡിംഗ്.” എന്ന സ്പാനിഷ് ഭാഷയിലുള്ള വിവരണത്തോടെയാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്.

കൊളംബിയൻ ആർമി 2025 ഫെബ്രുവരി മാസം നടത്തിയ ഓപ്പറേഷനാണിത്. ഈ കാലയളവിൽ കൊളംബിയയും വെനിസ്വെലയും ചേർന്ന് നടത്തുന്ന ഓപ്പറേഷനെ കുറിച്ച് വാര്‍ത്തകളുണ്ട്

കൊളംബിയയിലെ കാറ്ററ്റുബോ മേഖലയിലുള്ള ഗറില്ല ഗ്രൂപ്പുകൾക്കെതിരായിട്ടാണ് ഈ ഓപ്പറേഷൻ നടത്തുന്നത്. ഇത് സംബന്ധിച്ച് ഫ്രാൻസ് 24 മാധ്യമത്തിന്‍റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോ കാണാം.

വീഡിയോയിലുള്ള ഹെലികോപ്റ്റര്‍ അമേരിക്കൻ നിർമ്മിത സിക്കോർസ്‌കി ബ്ലാക്ക് ഹോക്ക് വിഭാഗത്തിൽ വരുന്ന ഹെലികോപ്റ്ററാണ്. അമേരിക്കൻ സർക്കാരിന്‍റെ ധനസഹായം നിർത്തിവച്ചതോടെ കൊളംബിയൻ സായുധ സേനയുടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ വിഭാഗത്തിന്‍റെ പ്രവർത്തനം നിലയ്ക്കാൻ സാധ്യതയുണ്ടെന്ന് എയർ ഡാറ്റ ന്യൂസ് 2025 ഫെബ്രുവരി 4ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെനിസ്വേലയ്ക്കടുത്തുള്ള കാറ്ററ്റുബോ മേഖല ഉൾപ്പെടെ പ്രദേശങ്ങളില്‍ അമേരിക്ക നൽകിയ 32 ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 

ഇന്ത്യൻ ആർമിയുടെ വീഡിയോ എന്ന രീതിയിൽ പ്രചരിക്കുന്നത് കൊളംബിയൻ സേനയുടെ ദൃശ്യമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

പഹല്‍ഗാം ആക്രമണം നടത്തിയ തീവ്രവാദികള്‍ക്കായി മലയോര പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈനികര്‍ തിരച്ചില്‍ നടത്തുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ കൊളംബിയയില്‍ ഗറില്ല ഗ്രൂപ്പുകള്‍ക്കെതിരെ 2025 ഫെബ്രുവരി ഒന്നിന് അവിടുത്തെ സൈനികര്‍ നടത്തിയ സംയുക്ത ഓപ്പറേഷന്‍റെ ദൃശ്യങ്ങളാണ്. ഇന്ത്യയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.   

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മലയോര മേഖലയില്‍ തീവ്രവാദികളെ തിരയുന്ന ഇന്ത്യന്‍ സൈന്യം എന്ന് പ്രചരിപ്പിക്കുന്നത് കൊളമ്പിയന്‍ ആര്‍മിയുടെ ദൃശ്യങ്ങള്‍…

Written By: Vasuki S  

Result: False

Leave a Reply

Your email address will not be published. Required fields are marked *