എരുമേലിയിലെ പള്ളിയില്‍ ഭണ്ഡാരപ്പെട്ടിയുടെ കണക്കെടുപ്പ് ദൃശ്യങ്ങള്‍ – പ്രചരിക്കുന്ന വീഡിയോ ബംഗ്ലാദേശിലെ പഗ്ല മസ്ജിദിന്‍റെത്…

അന്തര്‍ദേശീയം | International രാഷ്ട്രീയം | Politics

ശബരിമലയിലെ എരുമേലിയില്‍ നിന്നുമാണ് എന്നവകാശപ്പെട്ട് മുസ്ലിം ആരാധനാലയത്തിലെ കാണിക്ക വഞ്ചിയിൽ നിന്നും പണം എണ്ണി തിട്ടപ്പെടുത്തുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലായി പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

മുസ്ലിം ആരാധനാലയത്തിലെ വലിയ ഭണ്ഡാര പെട്ടി തുറക്കുന്നതും അതിലെ പണം ചാക്കുകളിലേക്ക് പോലീസ് അകമ്പടിയോടെ നിറക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. ഇത് ശബരിമലയ്ക്ക് സമീപം എരുമേലി പള്ളിയിൽ നിന്നുള്ള ദൃശ്യങ്ങളാണെന്നും ഹിന്ദു ആരാധനാലയങ്ങളുടെ പണം പൊതുവില്‍ സർക്കാർ എടുക്കും, എന്നാൽ മുസ്ലിം ആരാധനാലയങ്ങളുടേത് അവർ തന്നെയാണ് വിനിയോഗിക്കുന്നതെന്നും സൂചിപ്പിച്ച് ദൃശ്യങ്ങളുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഇത് ഞമ്മക്ക് മാത്രം ഉള്ളതും, അമ്പലത്തിലേത് ഗവണ്മെന്റിനും… എന്താ അല്ലെ.. അര്‍മ്മാദിക്കല്‍..?🤷🏻️🤷🏻

🤷🏻‍♂️എരുമേലി പള്ളിയിലെ ഭണ്ഡാരമെടുപ്പും, അതിന്റെ ഉറവിടവുമാണ് ഈ വീഡിയോ…! കഴുതകളോ പന്നികളോ അല്ലാത്ത ഉപ്പും ചോറും തിന്നുന്ന മുഴുവന്‍ മനുഷ്യഗണത്തില്‍ പെട്ടവര്‍ക്കും ഇത് സമര്‍പ്പിക്കുന്നു…!’ 

FB postarchived link

എന്നാൽ ഈ ദൃശ്യങ്ങൾ എരുമേലിയിൽ നിന്നുള്ളതല്ലെന്നും  കേരളവുമായോ അല്ലെങ്കിൽ ഇന്ത്യയിലെ മറ്റ് ഏതെങ്കിലും സംസ്ഥാനവുമായോ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. 

വസ്തുത ഇതാണ്

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇത് ബംഗ്ലാദേശിലെ കിഷോർഗഞ്ചിലുള്ള പഗ്ല മോസ്ക്  ആണ് എന്ന് വ്യക്തമായി. 

ഈ സൂചന ഉപയോഗിച്ച് ബംഗ്ലാദേശിലെ പ്രാദേശിക മാധ്യമങ്ങളിൽ തിരഞ്ഞപ്പോൾ കിഷോർ ഖഞ്ചിലെ ചരിത്രപ്രസിദ്ധമായ പഗ്ല മസ്ജിദിന്‍റെ സംഭാവന പെട്ടിയിൽ നിന്ന് മൂന്ന് കോടി 60 ലക്ഷത്തി ഇരുപത്തി എണ്ണായിരം രൂപയ്ക്ക്  തത്തുല്യമായ 415 ടാക്ക കണ്ടെത്തി എന്നാണ് വാർത്തകളിൽ വ്യക്തമാക്കുന്നത്.

ശനിയാഴ്ച രാവിലെ 8 മണിക്ക് പള്ളിയിലെ സംഭാവനപ്പെട്ടി തുറന്ന് വൈകിട്ട് 6 മണി വരെയാണ് പണം തിട്ടപ്പെടുത്തിയത്. ഈ ഭീമമായ സംഭാവന കൂടാതെ വിവിധ വിദേശ കറൻസികളും നിരവധി സ്വർണാഭരണങ്ങളും സംഭാവനയായി കണ്ടെത്തി. സാധാരണയായി മൂന്ന് മാസത്തിൽ ഒരിക്കൽ പഗ്ലാ മസ്ജിദിന്‍റെ സംഭാവന പെട്ടി തുറക്കാറുണ്ട്. ഇപ്പോൾ മൂന്നുമാസവും 20 ദിവസവും കഴിഞ്ഞപ്പോഴാണ് സംഭാവനപ്പെട്ടി തുറന്നത്. ഈ വീഡിയോ ആണ് വൈറൽ പോസ്റ്റിൽ നൽകിയിട്ടുള്ളത്. ഇത് എരുമേലിയിൽ നിന്നുള്ളതല്ല. ആരാധനാലയത്തിലെ ജീവനക്കാരന്‍റെ ഷര്‍ട്ടില്‍ ബംഗ്ലാ ഭാഷയിലുള്ള എഴുത്ത് കാണാം. 

വീഡിയോ ദൃശ്യങ്ങളിലെ കറന്‍സി ശ്രദ്ധിക്കുക. ഇന്ത്യയുടെ കറന്‍സി അല്ല എന്നു എളുപ്പം വ്യക്തമാകും. ബംഗ്ലാദേശിലെ കറന്‍സിയായ ടാക്കയാണിത്. 

കിഷോര്‍ഗഞ്ചില്‍ നിന്നുള്ള ഒരു ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച സമാന ദൃശ്യങ്ങള്‍ കാണാം: 

സംഭവത്തിന്‍റെ യൂട്യൂബ് വീഡിയോകൾ ലഭ്യമാണ്.  കൂടാതെ ബംഗ്ലാദേശിലെ പല മാധ്യമങ്ങളും ഇത് വാർത്തയാക്കിയിട്ടുണ്ട്. എല്ലാ തവണയും സംഭാവന പെട്ടി തുറന്ന് പണം എണ്ണി തിട്ടപ്പെടുത്തുമ്പോൾ ഇതിന്‍റെ ലൈവ് വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വരാറുണ്ട്. 

വീഡിയോ എരുമേലിയിൽ നിന്നുള്ളതല്ലെന്നും ബംഗ്ലാദേശിൽ നിന്നുള്ളതാണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. ബംഗ്ലാദേശിലെ കിഷോർഗഞ്ചിലുള്ള പഗ്ല മസ്ജിദിൽ കാണിക്ക വഞ്ചിയിൽ സംഭാവനയായി കിട്ടിയ തുക എണ്ണി തിട്ടപ്പെടുത്തുന്നതിന്‍റെ വീഡിയോ ആണിത്. എരുമേലിയിലെ മുസ്ലിം ആരാധനാലയവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:എരുമേലിയിലെ പള്ളിയില്‍ ഭണ്ഡാരപ്പെട്ടിയുടെ കണക്കെടുപ്പ് ദൃശ്യങ്ങള്‍ – പ്രചരിക്കുന്ന വീഡിയോ ബംഗ്ലാദേശിലെ പഗ്ല മസ്ജിദിന്‍റെത്…

Written By: Vasuki S 

Result: False