ഇന്ത്യയില്‍ പശുക്കടത്തിനെ തുടര്‍ന്ന് ഭയന്ന് അഴുക്കുചാലില്‍ ഒളിച്ച മുസ്ലിം യുവാവിനെ പിടികൂടിയ ദൃശ്യങ്ങള്‍..? വീഡിയോയുടെ സത്യമിങ്ങനെ…

അന്തര്‍ദേശീയം | International വര്‍ഗീയം

അനധികൃതമായി പശുക്കടത്ത് നടത്തിയ മുസ്ലീം യുവാവ് പിടിക്കപ്പെട്ടപ്പോള്‍ അഴുക്കുചാലില്‍ ഒളിക്കാന്‍ ശ്രമിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

അഴുക്കുചാലിലെ മാലിന്യങ്ങള്‍ക്ക് ഇടയില്‍ മറഞ്ഞിരിക്കുന്ന ഒരാളെ ചാലിന്‍റെ ഇരുവശവും കൂടി നില്‍ക്കുന്ന സംഘം കണ്ടുപിടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ കണ്ട് ഭയന്ന യുവാവ് അഴുക്കുചാലില്‍ ഒളിച്ചെന്നാണ് പോസ്റ്റുകളില്‍ പറയുന്നത്. ഇതു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഭാരതത്തിലെ പല സംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തുള്ള സർക്കാറിനും അതിനുള്ള സ്വാതന്ത്ര്യം ഭാരതത്തിന്റെ ഭരണഘടന അനുവദിക്കുന്നുണ്ട്.

ഹൈന്ദവ സമൂഹത്തെ ഭയന്ന് ഗോവധം നിരോധിച്ച സംസ്ഥാനത്ത് പശുക്കടത്ത് നടത്തിയ സുഡാപ്പികളെ ഓടയിൽ നിന്നും പൊക്കി എടുക്കുന്ന വീഡിയോ ദൃശ്യം”

FB postarchived link

എന്നാല്‍, ദൃശ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളതല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. പാകിസ്ഥാനിലെ കറാച്ചിയില്‍ പൊലീസ് പരിശോധനയില്‍ നിന്ന് രക്ഷപെടാനായി മദ്യപന്മാര്‍ അഴുക്കുചാലില്‍ ഒളിച്ചത് കണ്ടെത്തിയപ്പോഴുള്ളതാണ് ദൃശ്യങ്ങള്‍.

വസ്തുത ഇതാണ് 

വീഡിയോ കീ ഫ്രെയ്മുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ സമാന ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ചില പോസ്റ്റുകള്‍ ലഭിച്ചു. പാകിസ്ഥാനില്‍ നടന്ന സംഭവമാണിത് എന്ന് വിവരണം സൂചിപ്പിക്കുന്നു. കൂടുതല്‍ തിരഞ്ഞപ്പോള്‍ കറാച്ചിയില്‍ നടന്ന സംഭവമാണ് ദൃശ്യങ്ങളില്‍ എന്ന് വ്യക്തമാക്കി ഇന്‍ഷോര്‍ട്ട് പാകിസ്ഥാന്‍ എന്ന പ്രദേശിക മാധ്യമം ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച സമാന വീഡിയോ ലഭിച്ചു. കറാച്ചി പൊലീസിന്‍റെ ലഹരി ഓപ്പറേഷന്‍ നടപടിയുടെ  ദൃശ്യമാണെന്ന് പോസ്റ്റില്‍ പറയുന്നു. 

പാക് മാധ്യമങ്ങള്‍ ഇതേ വീഡിയോ പങ്കുവച്ചിട്ടുണ്ട്. കറാച്ചി പൊലീസ് നടത്തിയ ഡ്രഗ് ഓപ്പറേഷനിടെ അഴുക്കുചാലില്‍ ഒളിച്ചവരെ കണ്ടെത്തുന്ന ദൃശ്യമെന്നാണ് വാര്‍ത്തയില്‍ വ്യക്തമാക്കിയിട്ടുള്ളത്. 

പാകിസ്ഥാനില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ സെയിദ് ഹനാന്‍ ഷാ 
അഴുക്കുചാലില്‍ കിടക്കുന്നയാളെ രക്ഷിക്കുന്ന മറ്റൊരു വീഡിയോ പങ്കുവച്ചിട്ടുണ്ട്. വൈറല്‍ ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തിയെ കൂടാതെ മറ്റു പലരും അഴുക്കുചാലില്‍ ഒളിച്ചിരുന്നുവെന്ന് വീഡിയോയില്‍ കാണാം. രക്ഷിക്കാന്‍ ശ്രമിക്കുന്നവരുടെ കൂടെ ഒരു പൊലീസ് ഓഫിസറുമുണ്ട്. ‘COMMANDO EAGLE’ എന്നെഴുതിയ കറുത്ത നിറത്തിലുള്ള യൂണിഫോമാണ് പൊലീസുകാരന്‍ ധരിച്ചിട്ടുള്ളത്. 

കറാച്ചി പൊലീസിന്‍റെ ഡ്രഗ് ഓപ്പറേഷന്‍  ദൃശ്യങ്ങള്‍ പങ്കുവച്ച  മറ്റൊരു ഇന്‍സ്റ്റഗ്രാംപേജ് ഞങ്ങള്‍ക്ക് ലഭിച്ചു. ഓറഞ്ച് നിറത്തിലുള്ള ടീഷര്‍ട്ടും പച്ചയും കറുപ്പും നിറത്തിലുള്ള ക്യാപ്പും ധരിച്ച് വൈറല്‍ വീഡിയോയില്‍ സംസാരിക്കുന്നയാളാണ് ഇതിലും അവതാരകനായി എത്തുന്നത്. കറാച്ചി പൊലീസിന്‍റെ ഡ്രഗ് ഓപ്പറേഷന്‍ നടക്കുന്ന വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ച് ഇവര്‍ വീഡിയോ പകര്‍ത്തിയിട്ടുണ്ട്.

നിഗമനം 

ഇന്ത്യയില്‍ അനധികൃത പശുക്കടത്ത് നടത്തിയ മുസ്ലിം യുവാവ് ഹിന്ദു സംഘടനകളെ ഭയന്ന് അഴുക്കുചാലില്‍ ഒളിച്ചത് കണ്ടുപിടിച്ചപ്പോഴുള്ള ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നത് പാകിസ്ഥാനില്‍ കറാച്ചി പൊലീസ് നടത്തിയ ലഹരിവിരുദ്ധ ഓപ്പറേഷന്‍റെ വീഡിയോ ആണ്. ഇന്ത്യയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsAppചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഇന്ത്യയില്‍ പശുക്കടത്തിനെ തുടര്‍ന്ന് ഭയന്ന് അഴുക്കുചാലില്‍ ഒളിച്ച മുസ്ലിം യുവാവിനെ പിടികൂടിയ ദൃശ്യങ്ങള്‍..? വീഡിയോയുടെ സത്യമിങ്ങനെ…

Fact Check By: Vasuki S  

Result: False