കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നു എന്ന വാർത്ത ഈ കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ കെ സുധാകരൻ യുഎസിലേക്ക് യാത്ര തിരിച്ചു ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.

പ്രചരണം

ട്രാവൽ ബാഗുമായി കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ജെബി മേത്തറോടൊപ്പം കെ സുധാകരന്‍ വിമാനത്താവളത്തിലൂടെ നടന്നുവരുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അദ്ദേഹം അമേരിക്കയിലേക്ക് ജെബി മേത്തറോടൊപ്പം ചികിത്സയ്ക്കായി പോവുകയാണ് എന്ന് പരിഹസിച്ചുകൊണ്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “പിണറായി സ്വന്തം ഭാര്യയെ കൂട്ടിയാണ് ചികിത്സക്ക് പോയത് സുധാകരൻ ആരെ കൂട്ടിയാണ് ചികിത്സക്ക് പോകുന്നത്.”

അതായത് കെ സുധാകരന്‍ അമേരിക്കയില്‍ ചികില്‍സയ്ക്ക് പോകുന്നത് ജെബി മേത്തറോടൊപ്പമാണ് എന്നാണ് പരോക്ഷമായി പോസ്റ്റില്‍ പരിഹസിക്കുന്നത്.

FB postarchived link

എന്നാല്‍ കഴിഞ്ഞ ആഴ്ചയിലെ ദൃശ്യങ്ങള്‍ ദുഷ്പ്രചരണത്തിന് ഉപയോഗിക്കുകയാണ് എന്നു അന്വേഷണത്തില്‍ വ്യക്തമായി.

വസ്തുത ഇതാണ്

കെ സുധാകരൻ ചികിത്സയ്ക്കായി യുഎസിലേക്ക് കുറിച്ചുള്ള വാർത്തകൾ തിരഞ്ഞപ്പോൾ മലയാളത്തിലെ മിക്കവാറും എല്ലാ മാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഉള്ളതായി കാണാൻ സാധിച്ചു. മനോരമ നല്‍കിയ വാര്‍ത്ത പ്രകാരം “യുഎസിലെ മയോ ക്ലിനിക്കിൽ വിദഗ്ധ വൈദ്യപരിശോധനയ്ക്കായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നാളെ വൈകിട്ട് 4ന് കൊച്ചിയിൽനിന്നു പുറപ്പെടും. ഭാര്യയും ഡൽഹിയിലെ പിഎയും ഒപ്പമുണ്ടാകും. കൺപേശികളുടെ ബലക്ഷയത്തിനു 2 വർഷമായി സുധാകരൻ ചികിത്സ തേടുന്നുണ്ട്. ചികിത്സയിലും ജീവിതശൈലിയിലും മാറ്റം വേണമോയെന്നു മയോയിലെ പരിശോധനയ്ക്കു ശേഷം തീരുമാനിക്കും. കെപിസിസി വർക്കിങ് പ്രസിഡന്റുമാരടക്കമുള്ള അഞ്ചംഗ സംഘം പാർട്ടി കാര്യങ്ങൾ കാര്യങ്ങൾ നിയന്ത്രിക്കും” യാത്രയെ കുറിച്ചും ചികില്‍സയെ കുറിച്ചും കെ സുധാകരന്‍റെ പ്രതികരണവും റിപ്പോര്‍ട്ടിലുണ്ട്.

ചികിത്സ എത്രനാൾ വേണ്ടിവരും എന്ന് പറഞ്ഞശേഷം മാത്രമാകും ഇത്തരം കാര്യങ്ങളിൽ വ്യക്തത ഉണ്ടാവുക. അദ്ദേഹം ഇതുവരെയും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചിട്ടില്ല എന്നതാണ് വസ്തുത. കൂടുതൽ വ്യക്തമായി ഞങ്ങൾ കെ സുധാകരന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും പേഴ്സണൽ സ്റ്റാഫ് അംഗ മറുപടി ഇങ്ങനെ യാണ്: “ചികിത്സയ്ക്കായി പോകുന്ന ക്ലിനിക്കിൽ നിന്നും അപ്പോയിൻമെന്‍റ് ലഭിച്ചത് അനുസരിച്ച് ഡിസംബർ 31ന് വൈകീട്ട് നാലുമണിക്കാണ് അദ്ദേഹം ഇവിടെ നിന്നും യാത്ര തിരിക്കുക. അദ്ദേഹത്തിന്‍റെ ഭാര്യ അനുഗമിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച പാർലമെന്‍റ് കഴിഞ്ഞ് ഡൽഹിയിൽ നിന്നും മടങ്ങുന്ന വേളയിലുള്ള വീഡിയോ ആണ് തെറ്റായി പ്രചരിക്കുന്നത്.”

ജെബി മേത്തര്‍ തന്‍റെ സാമൂഹ്യ മാധ്യമ അക്കൌണ്ടുകളില്‍ ഈ വീഡിയോ ഡിസംബര്‍ 23/24 തിയതികളാണ് പങ്കുവച്ചത്.

കെ സുധാകരന്‍ അമേരിക്കയിൽ ചികിത്സയ്ക്കായി പോകുന്നു എന്ന തരത്തിൽ ഇപ്പോൾ പ്രചരിപ്പിക്കുന്ന വീഡിയോയ്ക്ക് അദ്ദേഹത്തിന്‍റെ അമേരിക്കൻ യാത്രയുമായി യാതൊരു ബന്ധവുമില്ല എന്നതാണ് വസ്തുത.

നിഗമനം

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഡിസംബർ 31നാണ് (അതായത് നാളെ) ചികിത്സയ്ക്കായി കെ സുധാകരൻ അമേരിക്കയിലേക്ക് തിരിക്കുക. ഡിസംബർ 23ന് ജെബി മേത്തര്‍ ഔദ്യോഗിക സാമൂഹ്യ മാധ്യമ ഹാൻഡിലുകളിൽ പങ്കുവെച്ച വീഡിയോ ആണ് ദുഷ്പ്രചരണത്തിന് ഉപയോഗിക്കുന്നത്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കെ സുധാകരന്‍ ചികില്‍സക്കായി ജെബി മേത്തറോടൊപ്പം അമേരിക്കയിലേയ്ക്ക്: പ്രചരിക്കുന്നത് ദൃശ്യങ്ങളുടെ സത്യമിങ്ങനെ...

Written By: Vasuki S

Result: False