വോട്ട് അധികാര്‍ യാത്രയെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ ബിജെപി ഓഫീസുകള്‍ ആളുകള്‍ തകര്‍ക്കുന്നു…? വീഡിയോയുടെ സത്യമിതാണ്… 

അന്തര്‍ദേശീയം | International രാഷ്ട്രീയം | Politics

രാഹുല്‍ ഗാന്ധി നടത്തുന്ന വോട്ട് അധികാര്‍ യാത്ര ബിഹാറില്‍ നിന്നും  ഓഗസ്റ്റ് 17ന് ആരംഭിച്ചു.  യാത്ര 16 ദിവസത്തിന് ശേഷം അവസാനിക്കും. വോട്ട് അധികാര്‍ യാത്ര ആരംഭിച്ചതിന് പിന്നാലെ ഉത്തരേന്ത്യയിലെ ആളുകള്‍ ബിജെപി ഓഫിസ് തകര്‍ക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

ഹിന്ദിയില്‍ ‘ഭാരതീയ ജനതാ പാര്‍ട്ടി ജനമ്പര്‍ക്ക് ഓഫിസ്’ എന്ന്  എഴുതിയിരിക്കുന്ന ഓഫീസിന്‍റെ ചില്ല് പ്രതലം ഒരു യുവതി അടിച്ചു പൊട്ടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. രാഹുല്‍ ഗാന്ധി വോട്ട് അധികാര്‍ യാത്ര ആരംഭിച്ചതിനു പിന്നാലെ ബിജെപി ഓഫീസുകളുടെ നേര്‍ക്ക് ജനരോഷം വര്‍ദ്ധിച്ചുവെന്നും ആളുകള്‍ ബിജെപി ഓഫീസുകള്‍ തകര്‍ക്കുന്നുവെന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെയാണ്: “രാഹുൽ ഗാന്ധിയുടെ യാത്ര തുടങ്ങി 2 ദിവസം ആയിട്ടേയുള്ളു ഉത്തരേന്ത്യയിലെ BJP ഓഫീസുകൾ ജനങ്ങൾ തകർക്കാൻ തുടങ്ങി മക്കളെ”

FB postarchived link

എന്നാല്‍ വീഡിയോയ്ക്ക് വോട്ട് അധികാര്‍ യാത്രയുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. ബിജെപി മഹിളാ നേതാവ് 2025 ഏപ്രില്‍ മാസം  പങ്കുവച്ച വീഡിയോയാണിത്.

വസ്തുത ഇതാണ് 

ഞങ്ങള്‍  വീഡിയോ കീഫ്രെയ്മുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍  2025 ഏപ്രില്‍ നാലിന്  മിറ ഭയന്ദര്‍ ന്യൂസ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച ഇതേ  വീഡിയോ ലഭിച്ചു. ബിജെപി നേതാവ് നവീന്‍ സിംഗിന്‍റെ ഓഫിസ് സോനല്‍ സാവന്ദ് അടിച്ചു തകര്‍ക്കുന്നു എന്നാണ് പോസ്റ്റിലുള്ള വിവരണം.

ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ മെട്രൊ ഇന്ത്യ ന്യൂസ്  യുട്യൂബ് ചാനല്‍ ഇതേ വീഡിയോ സമാന വിവരണത്തോടെ നല്‍കിയിട്ടുള്ളത് കണ്ടു. സോനല്‍ സാവന്ദ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയാണെന്ന് റിപ്പോര്‍ട്ടുകളില്‍ അറിയിക്കുന്നു. 

സോനല്‍ സാവന്ദ് പട്ടേല്‍ ബിജെപി മഹിളാ മോര്‍ച്ച അംഗമാണ്.  സോനലിന്‍റെ സാവന്ദിന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഇതേ വീഡിയോ ഏപ്രില്‍ നാലിന് പങ്കുവച്ചിട്ടുണ്ട്. മുംബൈയിലെ മിറ ഭയന്ദറില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകയാണെന്നും ജന്‍ കല്യാണ്‍ സമാജ് സേവയുടെ ചെയര്‍പേഴ്‌സണ്‍ ആണെന്നും ഇന്‍സ്റ്റഗ്രാം ബയോ വ്യക്തമാക്കുന്നു. 

സോനല്‍ സാവന്ദ് ബിജെപി നേതാവ് നവീന്‍ സിംഗിന്റെ ഓഫിസ് തകര്‍ക്കുന്നതിനെ പറ്റി നവഭാരത് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സംഭവത്തിന്‌ ആസ്പദമായ യഥാര്‍ഥ കാരണം വ്യക്തമല്ലെന്ന് പറയുന്നു. മുന്‍പ് പീഡന പരാതിയില്‍ ആരോപണ വിധേയനായ നേതാവാണ് നവീന്‍ സിംഗ് എന്നും വാര്‍ത്തയില്‍ സൂചനയുണ്ട്. സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്രആരംഭിച്ച ശേഷം  ഉത്തരേന്ത്യയില്‍ ബിജെപി ഓഫിസുകള്‍ക്കെതിരെ ആക്രമണങ്ങള്‍ നടന്നതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. 


വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത് 2025 ഏപ്രില്‍ മാസത്തിലെ ദൃശ്യങ്ങളാണ്. വോട്ട് അധികാര്‍ യാത്ര ആരംഭിച്ചത് 2025 ഓഗസ്റ്റ് 16 നാണ്. 

നിഗമനം 

രാഹുല്‍ ഗാന്ധി ബീഹാറില്‍ നിന്നും ഓഗസ്റ്റ് 16 ന് ആരംഭിച്ച വോട്ട് അധികാര്‍ യാത്രയ്ക്ക് പിന്നാലെ ഉത്തരേന്ത്യയില്‍ ആളുകള്‍ ബിജെപി ഓഫീസുകള്‍ ആക്രമിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ 2025 ഏപ്രില്‍ നാലിന് മുംബൈ മിറാ ഭയന്ദറില്‍ ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ തമ്മിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് വനിതാ നേതാവ് സോനല്‍ സാവന്ദ് പട്ടേല്‍ ബിജെപി നേതാവ് നവീന്‍ സിംഗിന്‍റെ ഓഫിസ് അടിച്ചു തകര്‍ക്കുന്ന ദൃശ്യങ്ങളാണ്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വോട്ട് അധികാര്‍ യാത്രയെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ ബിജെപി ഓഫീസുകള്‍ ആളുകള്‍ തകര്‍ക്കുന്നു…? വീഡിയോയുടെ സത്യമിതാണ്… 

Fact Check By: Vasuki S  

Result: False