ഓഡിഷ ബാലസോര്‍ ട്രെയിന്‍ അപകടത്തിന് കാരണം അന്വേഷിക്കാന്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സിയായ സി‌ബി‌ഐയെ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്. ഇതിനിടയില്‍ സി‌ബി‌ഐ ബഹനാഗ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫിനെ പിടികൂടിയെന്നും കേസ് അന്വേഷണത്തിന്‍റെ ഭാഗമായി അയാളെ മര്‍ദ്ദിക്കുന്നു എന്നും അവകാശപ്പെട്ട് ഒരു വീഡിയോ വൈറലാകുന്നുണ്ട്.

പ്രചരണം

ഒരു വ്യക്തിയെ നഗ്നനാക്കി കൈകള്‍ പിന്നില്‍ കെട്ടിയിട്ട് മരത്തടി കൊണ്ട് ക്രൂരമായി മർദിക്കുന്ന ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. പശ്ചിമ ബംഗാളിലെ ഒരു മദ്രസയിൽ ഒളിച്ചിരുന്ന പ്രതിയെ സി‌ബി‌ഐ പിടികൂടി മര്‍ദ്ദിക്കുകയാണ് എന്നാണ് അവകാശവാദം. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ബ്രേക്കിംഗ് ന്യൂസ് ബാലസോർ ട്രെയിൻ അപകടത്തിന്റെ മുഖ്യപ്രതി മോ.ഷരീഫ് സ്റ്റേഷൻ മാസ്റ്റർ പശ്ചിമ ബംഗാളിലെ മദ്രസയിൽ ഒളിവിൽ കഴിയുകയായിരുന്നു, സിബിഐ പിടികൂടി, ഇപ്പോൾ സിബിഐയും ഇഡിയും ലോക്കൽ പോലീസും എല്ലാം ഈ തെമ്മാടി രാജ്യദ്രോഹിയെ ചോദ്യം ചെയ്യും......... !🚩💪ഭയപ്പെടേണ്ട! ചോദ്യംചെയ്യിലിൽ കേരളത്തിൽ 15 ED ഓഫീസുകൾ കൂടി തുറക്കുന്നതായിരിക്കും😇 എന്ന് കേന്ദ്രം വെളിപ്പെടുത്തി”

archived link

എന്നാല്‍ രണ്ടു കൊല്ലം പഴക്കമുള്ള വീഡിയോ ആണിതെന്നും വീഡിയോ ഇന്ത്യയില്‍ നിന്നുള്ളതല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

വൈറലായ വീഡിയോയുടെ താഴെയായികൊടുത്തിരിക്കുന്ന യൂണിഫോം ധരിച്ച റെയിൽവേ ഉദ്യോഗസ്ഥന്‍റെ ഇൻസെറ്റ് ചിത്രം ശ്രദ്ധിക്കുക. ചിത്രത്തിലെ റെയില്‍വേ ഉദ്യോഗസ്ഥന്‍ ബാലസോര്‍ അപകടത്തിന് കാരണക്കാരനായ സ്റ്റേഷന്‍ മാസ്റ്റര്‍ ആണെന്നും ഈ വ്യക്തി ഒളിവിലാണെന്നും ആരോപിച്ച് അപകടമുണ്ടായ ശേഷം പ്രചരണം നടന്നിരുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റായ പ്രചരണമാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തുകയും ഫാക്റ്റ് ചെക്ക് ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ഒഡിഷ ട്രെയിന്‍ അപകടത്തിന് ശേഷം സ്റ്റേഷന്‍ മാസ്റ്റര്‍ ഷെരീഫ് അഹമ്മദ് ഒളിവില്‍ പോയി- വ്യാജ പ്രചരണത്തിന്‍റെ സത്യമറിയൂ…

ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷന്റെ സ്റ്റേഷൻ മാസ്റ്റർ അപകടത്തിന് നിമിഷങ്ങൾക്കകം സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയ ഷരീഫ് അലി എന്ന വ്യക്തിയാണെന്ന വൈറൽ അവകാശവാദം തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തിയിരുന്നു. സ്റ്റേഷൻ മാസ്റ്റർ എസ്ബി മൊഹന്തിയാണെന്നും ഷരീഫ് അലിയല്ലെന്നും സ്റ്റേഷൻ മാസ്റ്റർ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി എന്ന അവകാശവാദം തെറ്റാണെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

കൺട്രോൾ പാനലിൽ എഴുതിയിരിക്കുന്ന ബോറ അഗുഹാലു എന്ന സ്ഥലം ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലെ ബോറയിൽ സ്ഥിതി ചെയ്യുന്ന ഒരു സ്റ്റേഷനാണ്. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ 2004-ൽ ഒരു ഫോട്ടോഗ്രാഫറും ട്രെയിൻ‌സ്‌പോട്ടറുമായ വികാസ് ചന്ദറിന്‍റെ ബ്ലോഗിൽ ഇതേ ചിത്രം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കോട്ടവലസയിൽ നിന്ന് കിരണ്ടുലിലേക്കുള്ള യാത്രാ വിവരണമാണ് ബ്ലോഗിലുള്ളത്. 2004 മാർച്ച് 6 ന് ബോറ ഗുഹുലു റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററുടെ ചിത്രം ചന്ദർ പകര്‍ത്തിയതായി ബ്ലോഗിൽ പറയുന്നു. ചന്ദർ അപ്‌ലോഡ് ചെയ്ത ഫോട്ടോയുടെ അടിക്കുറിപ്പ്, "ഞങ്ങൾ തിരികെ സ്റ്റേഷനിലേക്ക് നടന്നു, സ്റ്റേഷൻ മാസ്റ്ററോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചു..." എന്നാണ്.

പോസ്റ്റിലെ വൈറലായ വീഡിയോയ്‌ക്കായി ഞങ്ങൾ തിരഞ്ഞപ്പോള്‍ മെക്‌സിക്കൻ മയക്കുമരുന്നു മാഫിയ അംഗങ്ങൾ മോഷ്ടിച്ചതിന് ഒരു മനുഷ്യനെ മർദ്ദിക്കുന്നതായി അടിക്കുറിപ്പ് നല്‍കി ഇതേ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. "കാർട്ടലിൽ നിന്ന് മോഷ്ടിച്ചതിന് കള്ളനെ പാഡിൽ കൊണ്ട് അടിച്ചു. പീഡിപ്പിക്കുന്നവരോ കൈവിലങ്ങ് വെച്ച ആളോ ഏത് സംഘടനയിൽ പെട്ടയാളാണെന്ന് അറിയില്ല" എന്ന വിവരണത്തോടുകൂടിയ ഒരു റെഡ്ഡിറ്റ് ത്രെഡും ഞങ്ങൾ കണ്ടെത്തി. റെഡ്ഡിറ്റിൽ കാണിച്ചിരിക്കുന്ന അപ്‌ലോഡ് തീയതി "ഒക്‌ടോബർ 30, 2021" ആണ്. അതായത് ബാലസോര്‍ അപകടം നടക്കുന്നതിന് ഏകദേശം ഒരു വര്‍ഷം മുമ്പ് മുതല്‍ ഈ വീഡിയോ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്.

വീഡിയോ ദൃശ്യങ്ങള്‍ എവിടെ നിന്നാണ് എന്നു കൃത്യമായി പരിശോധിക്കാൻ കഴിഞ്ഞില്ല. എന്നാൽ വൈറൽ വീഡിയോ പഴയതാണെന്നും ഒഡീഷ ട്രെയിൻ അപകടവുമായോ ഏതെങ്കിലും റെയിൽവേ ജീവനക്കാരെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടോ അല്ലെന്നും വ്യക്തമാണ്.

സ്റ്റേഷന്‍ മാസ്റ്റര്‍ ഒളിവില്‍ പോയി എന്ന വാർത്ത തള്ളി സൗത്ത് ഈസ്റ്റേൺ റെയിൽവേ സിപിആർഒ ആദിത്യ കുമാർ ചൗധരി പ്രസ്താവന നല്കിയിട്ടുണ്ട്. “ബഹ്നാഗയിലെ ജീവനക്കാരൻ ഒളിവിലാണെന്നും കാണാതായെന്നും ചില മാധ്യമ റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇത് വസ്തുതാപരമായി തെറ്റാണ്. മുഴുവൻ ഉദ്യോഗസ്ഥരും ഹാജരുണ്ട്, ചോദ്യം ചെയ്യലിനായി അന്വേഷണ ഏജൻസിയായ സിബിഐക്ക് മുമ്പാകെ ഹാജരാകുന്നുണ്ട്. ഒരു ജീവനക്കാരനെയും കാണാതാവുകയോ ഒളിച്ചോടുകയോ ചെയ്തിട്ടില്ല. എല്ലാവരും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. കൂടാതെ സ്റ്റേഷൻ മാസ്റ്ററോ റെയിൽവേ ജീവനക്കാരനോ ഷെരീഫ് അലിയോ അന്വേഷണത്തിന്‍റെ ഭാഗമല്ല. ഇതു സംബന്ധിച്ച മാധ്യമവാർത്തകൾ തെറ്റിദ്ധാരണാജനകമാണ്.”

വൈറല്‍ വീഡിയോ ദൃശ്യങ്ങളും ഒപ്പമുള്ള വിവരണവും തെറ്റിദ്ധരിപ്പിക്കുന്നതാണ്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ബാലസോര്‍ അപകടത്തിന് കാരണക്കാരനായ സ്റ്റേഷണ മാസ്റ്റര്‍ എന്ന തരത്തില്‍ വീഡിയോയില്‍ നല്കിയിരിക്കുന്ന ഇന്‍സൈറ്റ് ചിത്രം ഇന്‍റര്‍നെറ്റില്‍ വര്‍ഷങ്ങളായി പ്രചരിക്കുന്നതാണ്. ഒരു വ്യക്തിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളതല്ല. മെക്സിക്കോയില്‍ നിന്നുള്ളതാണെന്ന് അനുമാനിക്കുന്നു. ബാലസോര്‍ അപകടവുമായോ കേസ് അന്വേഷണവുമായോ വൈറല്‍ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ബാലസോര്‍ അപകടത്തിന്‍റെ പ്രധാന പ്രതി സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫിനെ സിബിഐ പിടികൂടി കൈകാര്യം ചെയ്യുന്നു... വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്...

Written By: Vasuki S

Result: False