
മരുന്നുകളെ കുറിച്ചും മരുന്ന് കമ്പനികളെ കുറിച്ചും നിരവധി കാര്യങ്ങൾ പങ്കുവയ്ക്കാൻ പലരും സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കാറുണ്ട്. മരുന്നുമായി ബന്ധപ്പെട്ട വളരെ വിചിത്രവും അപകടകരവുമായ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.
പ്രചരണം
സ്ട്രിപ്പ് പൊട്ടിച്ച് ക്യാപ്സൂൾ പുറത്തെടുത്ത് തുറക്കുമ്പോൾ അതിൽ നിന്നും ഒരു ആണി ലഭിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാൻ സാധിക്കുന്നുണ്ട്. മറ്റൊരു മരുന്നിന്‍റെ സ്ട്രിപ്പ് പൊട്ടിക്കുമ്പോൾ അതിൽ നിന്നും മൂന്ന് നാല് ആണികൾ ലഭിക്കുന്നുണ്ട്. ക്യാപ്സൂളിന്‍റെ ഉള്ളിൽ എന്താണുള്ളത് എന്ന് മനസ്സിലാക്കാതെ വിഴുങ്ങുമ്പോൾ മരണം പോലുള്ള ദുരന്തങ്ങള്‍ പോലും സംഭവിച്ചേക്കാം എന്ന സന്ദേശം പ്രചരിപ്പിക്കാനാണ് വീഡിയോ ഉപയോഗിക്കുന്നത്. ഇങ്ങനെ സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “മനുഷ്യരെ കൊന്നിട്ടാണേലും Cash സമ്പാദിക്കണം എന്ന ചിന്തയിൽ മരുന്ന് കമ്പനികൾ കാട്ടി കൂട്ടുന്ന ശുദ്ധ തെമ്മാടിത്തരം കണ്ടോ……? ക്യാപ്സൂൾ ടാബ് ലറ്റ് കൾ കഴിക്കുന്നവർ വല്ലപ്പോഴും ഒന്ന് തുറന്ന് നോക്കുന്നത് ആയുസ് കൂടാൻ കാരണമായേക്കും”
എന്നാൽ ഞങ്ങൾ പ്രചരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ അടിസ്ഥാന രഹിതമായ ഒരു വീഡിയോ ആണ് ഇതെന്നും ഇന്ത്യയുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി.
വസ്തുത ഇങ്ങനെ
ഞങ്ങൾ ഞങ്ങൾ വീഡിയോയുടെ പ്രധാനപ്പെട്ട ഫ്രെയിമുകളിൽ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ലഭിച്ച ഫലങ്ങൾ ഇങ്ങനെയാണ്:
ഒരു വര്‍ഷത്തിലേറെയായി ഈ രണ്ടു ക്ലിപ്പുകളും പ്രാചരിക്കുന്നുണ്ട്. രണ്ടും രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ളതാണ്. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നുള്ള ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മരുന്നാണ് ആദ്യ ക്ലിപ്പിലുള്ളത്. ബോസ്നിയ ആൻഡ് ഹെർസഗോവിന ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ മരുന്നാണ് രണ്ടാമത്തെ ക്ലിപ്പില്‍ കാണുന്നത്.
രണ്ട് വീഡിയോകളും ക്യാപ്‌സ്യൂൾ പാക്കേജിംഗും അവ കൈകാര്യം ചെയ്യുന്ന ആളുകളുടെ കൈകളും വേറെ വേറെയാണെന്ന് വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ തന്നെ മനസ്സിലാകും. ഒരു വീഡിയോയിൽ കാപ്‌സ്യൂളിന്‍റെ പേര് Esoral എന്ന് പാക്കേജിൽ ഉറുദു ഭാഷയിലും എഴുതിയിരിക്കുന്നു. വീഡിയോയിലെ Esoral മരുന്ന് നിര്‍മ്മിക്കുന്നത് പാകിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ City Pharmaceutical Laboratories ആണെന്ന് അന്വേഷണത്തില്‍ സൂചനകള്‍ ലഭിച്ചു.
യുട്യൂബില്‍ നിന്നും ലഭിച്ച കുറച്ചുകൂടി വ്യക്തതയുള്ള വീഡിയോയില്‍ നിന്നുമുള്ള സ്ക്രീന്‍ഷോട്ട് ശ്രദ്ധിക്കുക:

പാകിസ്ഥാന്‍ പ്രസ്സ് ഇന്‍ഫോര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് വെബ്സൈറ്റില്‍ ഈ കമ്പനി സര്‍ക്കാര്‍ അംഗീകൃത കമ്പനികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശദീകരണം ചോദിച്ച് ഞങ്ങള്‍ കമ്പനി അധികൃതര്‍ക്ക് മെയില്‍ അയച്ചിട്ടുണ്ട്. മറുപടി ലഭിച്ചാലുടന്‍ ലേഖനത്തില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.
അടുത്ത ക്ലിപ്പ് തിരഞ്ഞപ്പോള്‍ റഷ്യൻ ഭാഷയിൽ 2021 ഫെബ്രുവരി 21-ന് അപ്‌ലോഡ് ചെയ്‌ത ദീർഘവും വ്യക്തവുമായ ഒരു ക്ലിപ്പ് യുറ്റൂബില്‍ കണ്ടെത്തി, “ക്യാപ്‌സ്യൂളുകൾക്കുള്ളിൽ ആണികള്‍ നിറച്ച് പൊതുജനങ്ങൾക്ക് മരുന്നുകൾ നൽകുന്നു എന്നാണ് അടിക്കുറിപ്പ്.
ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ‘എന്‍ററോഫ്യൂറിൽ 200’ (Enterofuryl 200 mg) എന്നാണ് മരുന്നിന്‍റെ പേര് എന്ന് കണ്ടെത്തി. സാരജേവോ, ബോസ്നിയ, ഹെർസഗോവിന എന്നിവിടങ്ങളിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബോസ്നിയൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബോസ്നാലിജെക്കിന്‍റെ (Bosnalijek) ഉൽപ്പന്നമാണ് എന്ന ഈ ക്യാപ്സൂള്‍ പാക്കറ്റുകള്‍ ഇന്ത്യയിൽ നിന്നുള്ളതല്ലെന്ന് വ്യക്തമാണ്.
നിഗമനം
പോസ്റ്റിലെ വീഡിയോയിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ദൃശ്യങ്ങള്‍ ഇന്ത്യയിലെതല്ല, ഇന്ത്യയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ക്യാപ്സൂളിനുള്ളില്‍ ആണി കണ്ടെത്തിയ ദൃശ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളതല്ല… വസ്തുത അറിയൂ…
Fact Check By: Vasuki SResult: Misleading
