
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പലസ്തീൻ യുവാവ് തൊട്ടടുത്ത ദിവസം തന്നെ ഗാസയിൽ വീഡിയോയുണ്ടാക്കുന്നു എന്ന് അവകാശപ്പെട്ട് പലസ്തീൻകാർ ഇസ്രായേലിനെ ലോകത്തിന്‍റെ മുന്നിൽ താഴത്താൻ നാടകം കളിക്കുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്. ഈ പ്രചരണത്തിന്‍റെ അടിസ്ഥാനത്തിൽ രണ്ട് വീഡിയോകളാണ്.
പക്ഷെ ഈ വീഡിയോകളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോകൾ തമ്മിൽ യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോകളുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റിൽ നമുക്ക് രണ്ട് വീഡിയോകൾ കാണാം. ഈ വീഡിയോകൾ തൊട്ടടുത്ത ദിവസങ്ങളിൽ എടുത്തതാണ് എന്ന് അവകാശപ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു പലസ്തീൻ യുവാവ് തൊട്ടടുത്ത ദിവസം തന്നെ വീഡിയോയുണ്ടാക്കുന്നു എന്ന് നമുക്ക് തോന്നും. പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “അത്ഭുതം.. അത്ഭുതം….
അൽഹംദുലില്ലാഹ്, ഈശോമിശിഹാക്ക് സ്തുതി, സ്വാമിയേ ശരണം അയ്യപ്പ, have a nice Night 😂😂😂😂😂
ഗാസയിൽ നിന്നും ഒരു അത്ഭുതം ഇന്നലെ ICUൽ കിടന്ന വ്ലോഗർ ഇതാ പറന്നു നടക്കുന്നു…”
എന്നാല്‍ എന്താണ് ഈ പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ആദ്യത്തെ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് Toronto Sun പ്രസിദ്ധികരിച്ച ഒരു ലേഖനം ലഭിച്ചു. ഈ ലേഖനം പ്രകാരം വീഡിയോയിൽ ഗാസയിൽ ഇസ്രായേൽ ആക്രമണത്തിന് ശേഷം നടന്ന നാശം കാണിക്കുന്ന യുവാവിന്‍റെ പേര് സാലേഹ് അൽജാഫറാവി എന്നാണ്. ഈ യുവാവിന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നമുക്ക് കാണാം.

ഈ യുവാവിന്‍റെ യുട്യൂബ് പ്രൊഫൈൽ പ്രകാരം, 25 വയസായ ഈ യുവാവ് ഗാസയിലെ ഒരു യുട്യൂബറാണ്. പ്രസ്തുത വീഡിയോ നമുക്ക് ഇയാളുടെ അക്കൗണ്ടിൽ കാണാം. പക്ഷെ ഇയാൾ ICUയിൽ കിടക്കുന്ന യാതൊരു വീഡിയോ അക്കൗണ്ടിൽ കണ്ടെത്തിയില്ല.
ഞങ്ങൾ അടുത്ത വീഡിയോയുടെ സ്ക്രീൻഷോട്ട് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഓഗസ്റ്റിൽ ടിക്കറ്റോക്കിൽ പ്രസിദ്ധികരിച്ച ഈ വീഡിയോ ലഭിച്ചു.

ഈ വീഡിയോയുടെ അടികുറിപ്പിൽ പറയുന്നത് ഈ യുവാവിന് നൂർ ഷംസിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റത്. ഞങ്ങൾ ഈ വിവരങ്ങൾ വെച്ച് ഗൂഗിളിൽ അന്വേഷിച്ചപ്പോൾ International Solidarity Movement പ്രസിദ്ധികരിച്ച ഒരു വാർത്ത ഞങ്ങൾക്ക് ലഭിച്ചു. ഈ വാർത്തയിൽ നമുക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഈ യുവാവിനെ കാണാം.

വാർത്ത പ്രകാരം 16 വയസായ മുഹമ്മദ് സണ്ടികാണ് നമുക്ക് വീഡിയോയിൽ കാണുന്നത്. ഈ ബാലൻ ജൂലൈയിൽ ഇസ്രായേൽ നുര ഷംസ് അഭയാർത്ഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിലാണ് പരിക്കേറ്റിയത്. ഈ ആക്രമണത്തിൽ മുഹമ്മദിന് തന്‍റെ ഒരു കാല്‍ നഷ്ടപെടേണ്ടി വന്നു. നൂർ ഷംസ് വെസ്റ്റ് ബാങ്കിലാണ് കിടക്കുന്നത്. അതായത് യുദ്ധം നടക്കുന്ന ഗാസയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകാല.

അങ്ങനെ രണ്ട് വീഡിയോകള്‍ തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന് നമുക്ക് വ്യക്തമാകുന്നു. ആദ്യത്തെ വീഡിയോ ഗാസയിലെ 25 വയസായ സാലേഹ് അൽ ജാഫറാവിയുടേതും രണ്ടാമത്തെ വീഡിയോ ജൂലൈയിൽ ഇസ്രായേൽ വെസ്റ്റ് ബാങ്കിൽ നടത്തിയ ആക്രമണത്തിൽ ഒരു കാല്‍ നഷ്ടപെടേണ്ടി വന്ന മുഹമ്മദ് സണ്ടിക്കിന്‍റെതാണ്. ഞങ്ങൾക്ക് മൊഹമ്മദിന്‍റെ ടിക്കറ്റോക് അക്കൗണ്ട് ലഭിച്ചു.

ഈ അക്കൗണ്ടിൽ ഈ ബാലനെ ആശുപത്രിയിൽ കൊണ്ട് പോയപ്പോഴുള്ള വീഡിയോ ലഭ്യമാണ്. ഈ വീഡിയോകള്‍ തമ്മിൽ താരതമ്യം ചെയ്‌താൽ ഈ രണ്ട് വീഡിയോ ഒരേ സംഭവത്തിന്‍റെ താണ് എന്ന് നമുക്ക് വ്യക്തമാകും.

വൈറൽ വീഡിയോയിൽ മൊഹമ്മദിന്‍റെ ഒപ്പം കാണുന്ന വ്യക്തിയെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലും കാണാം. സാലേഹും മുഹമ്മദും തമ്മിൽ താരതമ്യം നമുക്ക് താഴെ കാണാം. ഇവർ രണ്ടും വ്യത്യസ്തരായ വ്യക്തികളാണ് എന്ന് വ്യക്തമാണ്.

നിഗമനം
ഗാസയിൽ ഇസ്രായേലിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ICUയിൽ കിടന്ന യുവാവ് തൊട്ടടുത്ത ദിവസം യാതൊരു കുഴപ്പമില്ലാതെ വീഡിയോയുണ്ടാക്കുന്നു എന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന വീഡിയോകൾ വ്യത്യസ്തരായ യുവാക്കളുടെതാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ആദ്യത്തെ വീഡിയോ ഗാസയിലെ 25 വയസായ ഒരു യുട്യൂബറിന്‍റെ താണ് കൂടാതെ മറ്റേ വീഡിയോ ജൂലൈ മാസത്തിൽ ഇസ്രായേൽ വെസ്റ്റ് ബാങ്കിൽ നടത്തിയ ആക്രമണത്തിൽ ഒരു കാല്‍ നഷ്ടപെട്ട 16 വയസായ ഒരു യുവാവിന്‍റെതാണ്
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ജൂലൈ മാസത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കാല്‍ നഷ്ടപ്പെട്ട യുവാവിനെ മറ്റൊരു പലസ്തീൻ യുവാവായി അവതരിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം…
Written By: Mukundan KResult: False
