തീവ്രവാദ സംഘടനയായ ഹമാസ് ഇസ്രായേലിനെതിരെ ഒക്ടോബർ ആദ്യവാരം വലിയ സൈനിക ആക്രമണം അഴിച്ചുവിട്ടതിനെ തുടർന്ന് ഇസ്രായേൽ സേന പ്രത്യാക്രമണം ആരംഭിച്ചു. അങ്ങോട്ടുമിങ്ങോട്ടുമുള്ള തുടർ ആക്രമണങ്ങളും സമ്പൂർണ്ണ ഉപരോധവും മൂലം ഇസ്രായേലിൽ 1,400-ലധികം പേരുടെയും ഗാസയിൽ 4,137-ലധികം ഫലസ്തീനുകളുടെയും ജീവൻ നഷ്ടപ്പെട്ടു എന്നാണ് കണക്കുകൾ അറിയിക്കുന്നത്. ഇതിനിടെ ഇസ്രായേലിനെ വിമർശിക്കുന്ന സൗദി രാജകുമാരൻ തുർക്കി ബിൻ ഫൈസൽ അൽ സൗദിന്റെ ഒരു വീഡിയോ വൈറലാകുന്നുണ്ട്.

പ്രചരണം

സൗദി രാജകുമാരൻ ഇസ്രായേലിനെ അപലപിച്ച് പറയുന്നതിങ്ങനെ:

"സൈനീക അധിനിവേശത്തിൻ കീഴിൽ കഴിയുന്ന എല്ലാ ജനങ്ങൾക്കും അവരുടെ അധിനിവേശത്തെ ചെറുക്കാനുള്ള അവകാശമുണ്ട്, സൈനീകമായി പോലും..

പാലസ്തീനിലെ സൈനീക നീക്കത്തെ ഞാൻ പിന്തുണക്കുന്നില്ല. ഞാൻ മറ്റൊരു കാര്യത്തെയാണ് പിന്തുണക്കുന്നത്. നിസഹകരണ പ്രസ്ഥാനവും നിയമ ലംഘനങ്ങളും. അതുവഴി ഇന്ത്യക്കാർ ബ്രിട്ടീഷ് സാമ്രാജ്യത്തെ തോൽപ്പിച്ചു, കിഴക്കൻ യൂറോപ്പിൽ സോവിയറ്റ് യൂണിയനും തോൽവി നേരിടേണ്ടി വന്നു.

ഇസ്രായേലിന് അതിശക്തമായ സൈനീക മേൽക്കോയ്മയുണ്ട്, അതുപയോഗിച്ച് ഗാസയിലെ ജനങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന്റെയും, അവിടെ അവർ സൃഷ്ടിക്കുന്ന നാശനഷ്ടങ്ങളുടെയും ദൃശ്യങ്ങൾ ഇപ്പോൾ നമ്മുടെ കണ്മുന്നിൽ ഉണ്ട്.

ആൺ - പെൺ വ്യത്യാസമില്ലാതെയോ, പ്രായ വ്യത്യാസമില്ലാതെയോ, സാധാരണ ജനങ്ങൾക്കെതിരെ ഹമാസ് നടത്തിയ അക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു.

അത്തരം അക്രമണങ്ങൾ തങ്ങൾ ഇസ്ലാം ആണെന്നുള്ള ഹമാസിന്റെ അവകാശവാദത്തിന് കടകവിരുദ്ധമാണ്.

സ്ത്രീകളെയും കുട്ടികളെയും വയോധികരെയും ലക്ഷ്യം വെച്ചുള്ള യുദ്ധമുറകൾ ഇസ്ലാമിൽ വിലക്കപ്പെട്ടിരിക്കുന്നു.

ആരാധനാലയങ്ങളെ നശിപ്പിക്കുന്നതിനെതിയും ഇസ്ലാമിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഇസ്രായേലിന് ഒരു Moral High Ground നൽകിയ ഹമാസിന്റെ അക്രമണത്തെ ഞാൻ അപലപിക്കുന്നു. 50% ഇസ്രായേലി പൗരന്മാർ തന്നെ ഫാസിസ്റ്റ് എന്നും വെറുക്കപ്പെടുന്നതെന്നും വിശേപ്പിക്കുന്ന ഇസ്രായേലി സർക്കാരിന് ഹമാസ് ഇങ്ങനെയൊരു അവസരം സമ്മാനമായി നൽകിയതിനെ ഞാൻ അപലപിക്കുന്നു.

ഈ ഇസ്രായേൽ സർക്കാരിന് ഗാസയെ വംശീയ ശുദ്ധീകരണത്തിന് വിധേയമാക്കാനും, ഇല്ലായ്മ ചെയ്യാനുമുള്ള കാരണം ഉണ്ടാക്കി കൊടുത്തതിന് ഞാൻ ഹമാസിനെ അപലപിക്കുന്നു.

ഇസ്രായേൽ ചെയ്യുന്നത് പോലെ തന്നെ പാലസ്‌തീൻ അതൊറിറ്റിയുടെ പ്രസക്തി ഇല്ലാതാക്കുന്നതിന് ഞാൻ ഹമാസിനെ അപലപിക്കുന്നു.

പാലസ്തീൻ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ സൗദി അറേബ്യ നടത്തിയിരുന്ന ശ്രമങ്ങൾക്ക് തുരങ്കം വെച്ചതിന് ഞാൻ ഹമാസിനെ അപലപിക്കുന്നു.

അതോടൊപ്പം തന്നെ പാലസ്തിൻ ജനങ്ങളെ ബോംബിട്ട് കൊല്ലുന്നതിനും, അവരെ സീനായി മരുഭൂമിയിലേക്ക് പലായനം ചെയ്യിക്കുന്നതിനും ഞാൻ ഇസ്രായേലിയും അപലപിക്കുന്നു.

വെസ്റ്റ് ബാങ്കിലെ സ്ത്രീകളും കുട്ടികളും അടക്കമുള്ള ജനങ്ങളെ ഒരു കാരണവും കൂടാതെ അറസ്റ്റ് ചെയ്യുന്ന ഇസ്രായേൽ നടപടിയെ ഞാൻ അപലപിക്കുന്നു.

രണ്ട് തെറ്റുകൾ കൊണ്ട് ഒരു ശരി ഉണ്ടാവില്ല.”

പ്രചരിക്കുന്ന വീഡിയോ കാണാം:

FB postarchived link

എന്നാൽ വീഡിയോ പഴയതാണെന്നും ഇപ്പോഴത്തെ ഇസ്രായേൽ- പാലസ്തീൻ സംഘർഷത്തെ തുടർന്നല്ല സൌദി രാജകുമാരൻ ഇസ്രായേലിനെ അപലപിച്ച് സംസാരിക്കുന്നതെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളിൽ ഒന്നിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഇതേ വീഡിയോ യുട്യൂബിൽ നിന്നും ലഭിച്ചു. 2020 ഡിസംബർ 4 മുതൽ 6 വരെ ബഹ്‌റൈനിന്റെ തലസ്ഥാനമായ മനാമയിൽ നടന്ന ഐഐഎസ്എസ് മനാമ ഡയലോഗ് പരിപാടിയിൽ സൌദി രാജകുമാരൻ സംസാരിക്കുന്ന ദൃശ്യങ്ങളാണിത്.

2020 ഡിസംബർ 6-ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ചാനൽ അപ്‌ലോഡ് ചെയ്ത ഒരു യുട്യൂബ് വീഡിയോ ലഭിച്ചു. 2020-ൽ ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയിൽ ദി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് നടത്തുന്ന വാർഷിക പരിപാടിയായ IISS മനാമ ഡയലോഗിന്റെ അവസാന ദിവസമാണ് സൌദി രാജകുമാരൻ തുർക്കി ബിൻ ഫൈസൽ അൽ സൗദി പ്രസംഗം നടത്തിയതെന്ന് വിവരണം വ്യക്തമാക്കുന്നു. ദൃശ്യങ്ങളുടെ 2:45 മിനിറ്റ് മുതല് വൈറൽ വീഡിയോയിലെ ദൃശ്യങ്ങൾ കാണാം.

അൽ സൗദിന്റെ പ്രസംഗം ഫിനാൻഷ്യൽ ടൈംസ് ഉൾപ്പെടെയുള്ള വിവിധ വാർത്താ ഏജൻസികൾ കവർ ചെയ്തിരുന്നു. "മുതിർന്ന സൗദി രാജകുടുംബം ഇസ്രായേലിനെതിരെ വിമർശിക്കുന്നു" എന്ന തലക്കെട്ടിലാണ് റിപ്പോർട്ട്. പ്രചരിക്കുന്ന ദൃശ്യങ്ങൾ രണ്ടുകൊല്ലം പഴയതാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം

സൌദി രാജകുമാരൻ തുർക്കി ബിൻ ഫൈസൽ അൽ സൗദി ഇസ്രായേലിനെ അപലപിച്ച് സംസാരിക്കുന്ന ദൃശ്യങ്ങൾ രണ്ടുകൊല്ലം പഴയതാണ്. ഇസ്രായേലും ഹമാസും തമ്മിൽ ഇപ്പോൾ നിലനിൽക്കുന്ന സംഘർഷവുമായി ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പലസ്തീൻ പ്രശ്നത്തിൽ സൗദി രാജകുമാരൻ ഇസ്രായേലിനെ അപലപിക്കുന്നു... പ്രചരിക്കുന്ന വീഡിയോ 2020 ലേതാണ്...

Written By: Vasuki S

Result: MISSING CONTEXT