‘മ്യാൻമറിൽ നിന്നുള്ള രോഹിങ്ക്യകള്‍ മണിപ്പൂരിൽ അനധികൃതമായി പ്രവേശിക്കുന്ന ദൃശ്യങ്ങള്‍’-പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

സാമൂഹികം

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മ്യാൻമറിൽ നിന്നും ചിലർ മണിപ്പൂരിലേക്ക് അനധികൃതമായി കടന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ മണിപ്പൂരില്‍ ആശങ്കയുടെ അന്തരീക്ഷമാമുണ്ടായി. 

തങ്ങളുടെ ജീവൻ പണയപ്പെടുത്തി മ്യാൻമറിൽ നിന്നുള്ള രോഹിങ്ക്യകൾ അനധികൃതമായി മണിപ്പൂരിലേക്ക് പ്രവേശിക്കുന്നുവെന്ന് അവകാശപ്പെട്ട് ഈ പശ്ചാത്തലത്തിൽ, ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

ചില സ്ത്രീകൾ ദുർഘടമായ പർവതങ്ങളിലൂടെ അതിസാഹസികമായി  സഞ്ചരിക്കുന്നത് വീഡിയോയിൽ കാണാം. ഒപ്പമുള്ള വിവരണമനുസരിച്ച് മ്യാന്മറില്‍ നിന്നും രോഹഹിങ്ക്യന്‍ കുടിയേറ്റക്കാര്‍ രഹസ്യപാതയിലൂടെ മണിപ്പൂരിലേക്ക് കടന്നു വരുന്ന ദൃശ്യങ്ങളാണിത്. “മ്യാൻമറിൽ നിന്ന് മണിപ്പൂരിലേക്ക് വരാൻ

റോഹിങ്ക്യനുകൾ കള്ള വഴി ഉണ്ടാക്കി കഷ്ടപ്പെട്ട് എത്തിക്കൊണ്ടിരിക്കുന്നു,

എന്തിനുവേണ്ടിയാണ് ഇവർ ജീവൻ പണയപ്പെടുത്തി ഇന്ത്യയിലേക്ക് വരുന്നത് ?,

ഒരു പുരുഷന് , മൂന്ന് ഭാര്യമാർ, പിന്നെ കുറച്ച് കുട്ടികൾ വർഷങ്ങൾക്ക് ശേഷം വീണ്ടും കുറേ കുട്ടികൾ,

ഇതേപോലെ ഓളിച്ചു വന്നു കേറി കൊള്ളയും കൊലപാതകവും ആരംഭിക്കുന്നു,

ഇതെല്ലാം കാണുമ്പോൾ നമ്മുടെ മക്കൾ ഈ നാട്ടിൽ നിന്ന് ഓടിപ്പോകുന്നു,

ഇനിയും ഇതുപോലുള്ള അവസ്ഥകൾ”

facebook

ഞങ്ങളുടെ അന്വേഷണത്തില്‍ വീഡിയോ മണിപ്പൂരിൽ നിന്നോ മ്യാൻമറിൽ നിന്നോ അല്ലെന്നും ഇറാനിൽ നിന്നാണെന്നും കണ്ടെത്തി.

വസ്തുത പരിശോധന

വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍  ഈ വീഡിയോ പങ്കുവച്ചഒരു  ഫേസ്ബുക്ക് പേജ് ലഭിച്ചു.  2023 ഏപ്രില് ഒന്നിന് പോസ്റ്റു ചെയ്ത വീഡിയോയുടെ ഒപ്പം  കുർദിഷ് ഭാഷയിൽ (ഇറാനിലെ ഒരു സംസാര ഭാഷ) അടിക്കുറിപ്പ് ഇങ്ങനെ: “ഗ്രാമവാസികളുടെ കഠിനമായ ദൈനംദിന ജീവിതം!”

മേൽപ്പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ തിരഞ്ഞപ്പോള്‍ കുറച്ചുകൂടി ദൈര്‍ഘ്യമുള്ള ഇതേ വീഡിയോ ഒരു ടർക്കിഷ് യൂട്യൂബ് ചാനലിൽ കണ്ടെത്തി. മാർച്ച് 12 നാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തത്. ഈ വീഡിയോ ഇറാനിൽ നിന്നുള്ളതാണെന്ന് അടിക്കുറിപ്പില്‍ പറയുന്നു. “മൂന്ന് കൊച്ചുകുട്ടികളുള്ള ഒരു ഇറാനിയൻ നാടോടി കുടുംബം അവരുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ ബുദ്ധിമുട്ടുള്ള വഴിയിലൂടെ സഞ്ചരിക്കുന്നു” എന്നായിരുന്നു അടിക്കുറിപ്പ്.

ചാനല്‍ വിവരണം ഇങ്ങനെ: “ഈ യൂട്യൂബ് ചാനൽ ഇറാനിയിലെ നാടോടികളുടെ ജീവിതവും ഈ സ്ഥലത്തെ ദേന പർവതത്തിൽ താമസിക്കുന്ന ആളുകളുടെ നാടോടികളായ പർവത ജീവിതവും കാണിക്കുന്നു.”

ഒറിജിനൽ വീഡിയോയുടെ സ്ക്രീൻഷോട്ടും വൈറലായ വീഡിയോയിലെ സ്ക്രീന്‍ഷോട്ടും താരതമ്യം ചെയ്താൽ, രണ്ട് വീഡിയോകളും ഒന്നുതന്നെയാണെന്ന് വ്യക്തമാകും. 

മണിപ്പൂരിലെ മ്യാൻമർ ജനതയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചില നിലപാടുകള്‍ കൈക്കൊണ്ടിട്ടുണ്ട് എന്നാണ് വാര്‍ത്തകള്‍ അറിയിക്കുന്നത്. ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം, മണിപ്പൂർ ജോയന്‍റ് സെക്രട്ടറിയും നോഡൽ (സ്പെഷ്യൽ മിഷൻ) ഓഫീസറുമായ പീറ്റർ സലാമിന്‍റെ വാര്‍ത്താക്കുറിപ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരം, അനധികൃത മ്യാൻമർ കുടിയേറ്റക്കാരുടെ ബയോമെട്രിക്സ് പിടിച്ചെടുക്കാനുള്ള ഡ്രൈവ് മണിപ്പൂരില്‍ 2023 സെപ്റ്റംബറിൽ പൂർത്തിയാകും.

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. വീഡിയോ ദൃശ്യങ്ങള്‍ക്ക് മണിപ്പൂരുമായോ മ്യാൻമാറുമായോ യാതൊരു ബന്ധവുമില്ല. ഇറാനിലെ ‘മൗണ്ട് ദേന’യിൽ നിന്നുള്ള ഏതാനും മാസം പഴക്കമുള്ള ദൃശ്യങ്ങളാണിത്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘മ്യാൻമറിൽ നിന്നുള്ള രോഹിങ്ക്യകള്‍ മണിപ്പൂരിൽ അനധികൃതമായി പ്രവേശിക്കുന്ന ദൃശ്യങ്ങള്‍’-പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

Written By: Vasuki S 

Result: Misleading