ഝാര്‍ഖണ്ഡില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ മഹാകുംഭമേളയില്‍ പോലീസിന്‍റെ ലാത്തി ചാര്‍ജ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു  

Misleading Political

സമൂഹ മാധ്യമങ്ങളിൽ മഹാകുംഭമേളയില്‍ പോലീസ് ലാത്തി ചാര്‍ജ് ചെയ്യുന്നു എന്ന തരത്തിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ ഈ വീഡിയോ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയുടെതല്ല എന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം.     

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.ഈ വീഡിയോയില്‍ നമുക്ക് പോലീസുകാര്‍ ഒരു കൂട്ടം ജനങ്ങളെ ലാത്തിയുമായി മര്‍ദിക്കുന്നതായി കാണാം. ഈ ദൃശ്യങ്ങളെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “മഹാകുംഭംമേള, പ്രയാഗ്രാജ്, അരാജകത്വം എന്നിവയ്‌ക്കൊപ്പം യോഗിപോലീസ് ഗുണ്ടായിസവും അത് ഈ സ്ഥലത്തിൻ്റെ ഏക ഐഡൻ്റിറ്റിയാണ്… കാണാതായ ബന്ധുക്കളെ അന്വേഷിക്കുന്ന ഭക്തരെ യോഗി പോലീസ് അതിക്രൂരമായി മർദ്ദിക്കുന്നു….”   

എന്നാല്‍ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ ദൃശ്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി. അന്വേഷണത്തിൽ ഞങ്ങൾക്ക് ദി ഝാര്‍ഖണ്ഡ് സ്റ്റോറി എന്ന മാധ്യമ വെബ്സൈറ്റില്‍ ഈ സംഭവത്തിനെ കുറിച്ചുള്ള വാര്‍ത്ത‍ ലഭിച്ചു. 

വാര്‍ത്ത‍ വായിക്കാന്‍ – The Jharkhand Story | Archived

വാർത്ത പ്രകാരം സംഭവം ഝാർഖണ്ഡിലെ ധൻബാദ് നഗരത്തിലാണ് സംഭവിച്ചത്. ഇവിടെ ആകാശ് കുമാർ എന്നൊരു പ്രതിയെ പോലീസ് ഒരു യുവാവിൻ്റെ കൊലപാതക കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് ജനുവരി 1ന് ചിലർ പോലീസ് സ്റ്റേഷൻ എത്തി ഇയാളെ തനിക്ക് വിട്ട് നൽകണം എന്ന് ആവശ്യപ്പെടാൻ തുടങ്ങി എന്ന് വാർത്തയിൽ പറയുന്നു.

ഇവർ റോഡ് ബ്ലോക്ക് ചെയ്ത് ടയറുകൾ കത്തിച്ചപ്പോൾ പോലീസ് ഇവർക്കെതിരെ ബലം പ്രയോഗിച്ചു എന്നും വാർത്തയിൽ പറയുന്നുണ്ട്. ഈ സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് നാം കാണുന്നത്. ഈ സംഭവത്തിനെ കുറിച്ച് പ്രഭാത് ഖബർ, ഹിന്ദുസ്ഥാൻ എന്നി മാധ്യമങ്ങളും ഈ സംഭവത്തിനെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ന്യൂസ് 11 എന്ന മാധ്യമം അവരുടെ യുട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ച വാർത്ത നമുക്ക് താഴെ കാണാം.

 ഞങ്ങൾ വാർത്തയിൽ പറയുന്ന ബാങ്ക് മോഡ് പോലീസ് സ്റ്റേഷൻ ഗൂഗിൾ മാപ്പിൽ പരിശോധിച്ചു. വീഡിയോയിൽ കാണുന്ന ഷോപ്പിംഗ് കോംപ്ലക്സ് ഞങ്ങൾക്ക് ഗൂഗിൾ മാപ്പിലും കണ്ടെത്തി. ഈ ഷോപ്പിംഗ് കോംപ്ലക്സ് പോലീസ് സ്റ്റേഷൻ്റെ പുറത്ത് തന്നെയാണ്.

വീഡിയോയുടെ സ്ക്രീൻഷോട്ടുകളും ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൻ്റെ സ്ക്രീൻഷോട്ടുകൾ തമ്മിൽ താരതമ്യം നമുക്ക് താഴെ കാണാം. വീഡിയോയിൽ കാണുന്ന സ്ഥലം തന്നെയാണ് നമുക്ക് ഗൂഗിൾ മാപ്പിലും കാണുന്നത്.

നിഗമനം

സമൂഹ മാധ്യമങ്ങളിൽ മഹാകുംഭമേളയിൽ ഉത്തർ പ്രദേശ് പോലീസ് നടത്തിയ ലാത്തി ചാർജ് എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ മാസം ഝാർഖണ്ഡിൽ നടന്ന ഒരു സംഭവത്തിൻ്റെതാണ്. അന്വേഷണത്തിൽ നിന്ന് ഈ കാര്യം വ്യക്തമാകുന്നു. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഝാര്‍ഖണ്ഡില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ മഹാകുംഭമേളയില്‍ പോലീസിന്‍റെ ലാത്തി ചാര്‍ജ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു

Written By: Mukundan K  

Result: Misleading