കാടുകളുടെ ഉള്ളില്‍ ചിത്രീകരിച്ച മനോഹരങ്ങളായ വീഡിയോ ഇടയ്ക്കിടെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകാറുണ്ട്. ഒരു കരടി കുഞ്ഞ് അതിസാഹസികമായി സിംഹത്തിന്‍റെ പിടിയില്‍ നിന്നും രക്ഷപ്പെടുന്നതിന്‍റെ വീഡിയോ ഈയിടെ പ്രചരിക്കുന്നുണ്ട്.

പ്രചരണം

ഒരു കരടികുഞ്ഞിനെ പിടിക്കാന്‍ സിംഹം തക്കംപാര്‍ത്ത് ഇരിക്കുന്നതും അപകടം മനസ്സിലാക്കിയ കരടികുഞ്ഞ് രക്ഷപ്പെടാന്‍ സാഹസികമായി ശ്രമിക്കുന്നതിനൊടുവില്‍ മറ്റൊരു കരടി വന്ന് സിംഹത്തിന്‍റെ പിടിയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ഈ വീഡിയോ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടെന്ന് അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട വീഡിയോ! വീഡിയോഗ്രാഫറുടെ കഴിവും പരിശ്രമവും അദ്ഭുതകരം തന്നെ”

FB postarchived link

ഏതോ വീഡിയോഗ്രാഫര്‍ ശ്രമപ്പെട്ട് ചിത്രീകരിച്ച ദൃശ്യങ്ങളാണിത് എന്നാണ് വിവരണത്തിലെ സൂചന. എന്നാല്‍ സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ യഥാര്‍ത്ഥ സംഭവമെന്ന വിവരണത്തോടെ പങ്കുവയ്ക്കുകയാണ് എന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

വീഡിയോ ദൃശ്യങ്ങളിലെ ഫോട്ടോഗ്രാഫി ശ്രദ്ധിച്ചാല്‍ സിനിമയിലേത് പോലെ മനോഹരമാണെന്ന് കാണാം. അതിനാല്‍ ദൃശ്യങ്ങള്‍ സിനിമായിലെതാവാം എന്ന അനുമാനത്തോടെ ഞങ്ങള്‍ അന്വേഷണം ആരംഭിച്ചു. വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍, 2007 ഒക്ടോബർ 31-ന് ഒരു യുട്യൂബ് ചാനൽ പ്രസിദ്ധീകരിച്ച സമാന ദൃശ്യങ്ങളുള്ള ഒരു വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചു. 1988-ൽ പുറത്തിറങ്ങിയ L'Ours ഫിലിമിൽ നിന്നുള്ള വീഡിയോ ക്ലിപ്പ് എന്നാണ് ചാനല്‍ ഡിസ്ക്രിപ്ഷനില്‍ വിശേഷിപ്പിച്ചത്.

ഈ സൂചന ഉപയോഗിച്ച് സിനിമയെ കുറിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ “ദി ഗ്രിസ്ലി കിംഗ്" എന്ന നോവലിനെ ആസ്പദമാക്കി ജീൻ-ജാക്വസ് അന്നാഡ് സംവിധാനം ചെയ്ത ഫ്രഞ്ച് സിനിമയാണിത് എന്ന് വ്യക്തമായി. ഒരു അപകടത്തിൽ അമ്മയെ നഷ്ടപ്പെടുന്ന കരടിക്കുഞ്ഞിന്‍റെ പിന്നീടുള്ള ജീവിതമാണ് 94 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയുടെ ഇതിവൃത്തം. ഒറ്റയ്ക്ക് വിശാലമായ ലോകത്തേക്ക് കടക്കുന്ന കരടികുഞ്ഞ് വലിയ ആൺ കരടിയെ കണ്ടുമുട്ടുകയും അവർ ഒരുമിച്ച് അതിശക്തവും എന്നാൽ അപകടകരവുമായ പ്രകൃതിയിൽ അതിജീവിക്കാൻ ശ്രമിക്കുന്നതുമായ കഥയാണിത്. കരടി എപ്പോഴും എങ്ങനെ ജാഗ്രത പാലിക്കണമെന്ന് അനുഭവങ്ങള്‍ വഴിയും പിശകുകളിലൂടെയും കരടികുഞ്ഞ് മനസ്സിലാക്കുന്നതിലൂടെ സിനിമ വികസിക്കുന്നു.

മൂവീസ് അണ്‍ലിമിറ്റഡ് എന്ന വെബ്സൈറ്റില്‍ അക്കൌണ്ട് തുറന്നാല്‍ സിനിമ കാണാന്‍ സാധിക്കും.

'ദി ബിയർ' (യഥാർത്ഥത്തിൽ എൽ'ഓർസ് എന്നായിരുന്നു പേര്) ‘ദി ബിയർ’ ചിത്രം ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിന്‍റെ വെബ്‌സൈറ്റിൽ ഒരു വിഭാഗത്തിലും ‘ദി ബിയർ’ ചിത്രം ഇടംപിടിച്ചതായി കാണാനായില്ല.

അക്കാദമി, ബാഫ്റ്റ, മറ്റ് അവാർഡുകൾ എന്നിവയിലെ വിവിധ വിഭാഗങ്ങളിൽ ‘ദ ബിയർ’ സിനിമ നാമനിർദ്ദേശം ചെയ്യപ്പെട്ടു. 1990-ലെ ജെനസിസ് അവാർഡിൽ ഈ ചിത്രം മികച്ച ഫീച്ചർ ഫിലിം നേടി. എന്നാൽ പോസ്റ്റിൽ പരാമർശിച്ചതുപോലെ ചിത്രം ഗിന്നസ് ബുക്കിൽ ഇടം നേടിയില്ല.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. 1989 ല്‍ റിലീസ് ചെയ്ത ദി ബിയര്‍ എന്ന സിനിമയിലെ ദൃശ്യങ്ങളാണ് യഥാര്‍ഥത്തില്‍ ചിത്രീകരിച്ചത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത്. മാത്രമല്ല, 'ദ ബിയർ' എന്ന ചിത്രത്തിലെ ഈ വീഡിയോ ക്ലിപ്പ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘ഗിന്നസ് ബുക്കിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട വീഡിയോ’-പ്രചരിക്കുന്നത് സിനിമയിലെ ദൃശ്യങ്ങള്‍...

Fact Check By: Vasuki S

Result: False