
അമേരിക്കയിലെ കാലിഫോര്‍ണിയയുടെ തലസ്ഥാനമായ ലോസ് ആഞ്ചലസില്‍ ഈയിടെയുണ്ടായ തീപിടുത്തം ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും 20 ലധികം പേര്‍ മരിച്ചുവെന്നാണ് വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് രോഗികളെ ഒഴിപ്പിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പ്രചരണം
ഒരു കെട്ടിടത്തില്‍ തീ കത്തുന്നതും വീല്‍ ചെയറുകളില്‍ രോഗികളെ അതിവേഗം ഒഴിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കാട്ടുതീ പടര്‍ന്ന ന്യൂയോര്‍ക്ക് ആശുപത്രിയില്‍ നിന്നും രോഗികളെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പ്രകൃതി കൊളുത്തിയ തീ
കാലിഫോർണിയയിൽ പിടിച്ചതീ ഇപ്പോൾ എല്ലാ നിയന്ത്രണങ്ങളെയും മറികടന്ന് ന്യൂയോർക്കിലേക്ക് പടരുന്നതായിട്ടാണ് വാർത്ത. ആശുപത്രികളിൽ നിന്നും രോഗികളെയും കൊണ്ട് രക്ഷപെടുന്ന അഭയാർത്തി കളുടെ ചിത്രം കരകളിയിക്കുന്നു. സാങ്കേതിക വിദ്യകളുടെ തലതൊട്ടപ്പന്മാരായ അമേരിക്കക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധം അഗ്നി അതിൻറെ സംഹാരതാണ്ഡവം തുടരുകയാണ് ഗസ്സയിലെ കുഞ്ഞങ്ങളടക്കം എല്ലാത്തിനെയും ചുട്ടു കളയാൻ ആഹ്വാനം ചെയ്ത ഹോളിവുഡ് നടൻ ജെയിmസ് വുഡ് ന്റെ വീട് അടക്കം അനന്തകോടികളുടെ സമ്പത്ത് ചാരമായി കഴിഞ്ഞു….
ആകാശ വീക്ഷണത്തിൽ കാഴ്ച ഒന്നുതന്നെ ഗസ്സയിൽ ഇസ്രായേൽ യു എസ് സഹായത്തോടെ കൊളുത്തിയ തീയ്യിനും യുഎസ്സിൽ പ്രകൃതി കൊളുത്തിയ തീയ്യിനും ഒരേ വർണ്ണം ഒരേ ചൂട്.,…”
എന്നാല്‍ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വീഡിയോയ്ക്ക് ന്യൂയോര്‍ക്കുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ലോസ് ആഞ്ചലസ് നഗരത്തില്‍ തീ പിടിത്തം ഉണ്ടായി എന്നാണ് വാര്‍ത്തകളുള്ളത്. ന്യൂയോര്‍ക്ക് നഗരത്തില്‍ തീപിടിത്തം ഉണ്ടായതായി ഇതുവരെ വാര്‍ത്തകളൊന്നുമില്ല. കൂടാതെ, കാലിഫോര്‍ണിയയും ന്യൂയോര്‍ക്കും തമ്മില്‍ 2792 മൈല്‍ ദൂരമുണ്ട്. ഇവയുടെ ഇടയില്‍ മറ്റ് സംസ്ഥാനങ്ങളുണ്ട്. അതിനാല്‍ കാട്ടുതീ കാലിഫോര്‍ണിയയില്‍ നിന്നും ന്യൂയോര്‍ക്കിലേയ്ക്ക് പടര്‍ന്നു എന്ന വാദം അടിസ്ഥാന രഹിതമാണ്.
തുടര്‍ന്ന് ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഇതേ വീഡിയോ ദൃശ്യങ്ങൾ യൂട്യൂബിൽ ഡെയിലി മെയിൽ പങ്കുവെച്ചിരിക്കുന്നതായി കണ്ടു. ‘കാലിഫോർണിയയിലെ കാട്ടുതീ: ലോസ് ഏഞ്ചൽസിൽ കാട്ടുതീ പടരുന്നതിനാൽ മുതിർന്ന പൗരന്മാരെ മാറ്റിപ്പാർപ്പിച്ചു.” എന്ന അടിക്കുറിപ്പ് വീഡിയോയ്ക്ക് നല്കിയിട്ടുണ്ട്.
തീപിടത്തത്തില്‍ നിന്നും രക്ഷ നേടാന്‍ മുതിര്‍ന്ന പൌരന്മാരെ ലോസ് ആഞ്ചലസ് നഗരത്തില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചതായി പല മാധ്യമങ്ങളും റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്. മുതിർന്ന പൗരന്മാർ പാര്‍ക്കുന്ന സീനിയർ ഹോം കെട്ടിടം തീപിടിച്ചപ്പോള്‍ അന്തേവാസികളെ ഒഴിപ്പിച്ചതിനെ കുറിച്ചും പിന്നാലെ കെട്ടിടം അഗ്നിക്കിരയായതിനെ കുറിച്ചും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത് കാട്ടുതീയില്‍ അകപ്പെട്ട ന്യൂയോര്‍ക്ക് ആശുപത്രിയില്‍ നിന്നും രോഗികളെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങളല്ല. കാലിഫോര്‍ണിയയില്‍ മുതിര്‍ന്ന പൌരന്‍മാര്‍ പാര്‍ക്കുന്ന കെട്ടിടം അഗ്നിക്ക് ഇരയായപ്പോള്‍ അവരെ അടിയന്തിരമായി ഒഴിപ്പിക്കുന്ന ദൃശ്യങ്ങളാണിത്. ന്യൂയോര്‍ക്കുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:തീപിടുത്തം വ്യാപിച്ചതിനാല്‍ ന്യൂയോര്‍ക്കിലെ ആശുപത്രി ഒഴിപ്പിച്ചോ..? വീഡിയോയുടെ സത്യമിതാണ്…
Written By: Vasuki SResult: False
