FACT CHECK - വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റോഡിലെ വെള്ളക്കെട്ടില്‍ കുളിക്കുന്ന സ്ത്രീ; ദൃശ്യം കേരളത്തിലെയാണോ? വസ്‌തുത അറിയാം..
വിവരണം
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ മഴയെ തുടര്‍ന്ന് പ്രളയക്കെടുതിയില്‍ ജനങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളത്തിന്‍റെ മലയോര മേഖലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ നിരവധി പേര്‍ മരണപ്പെടുകയും വലിയ നാശനഷ്ടങ്ങള്‍ സംഭനിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും പ്രളയം സംഭവിച്ചു. കനത്ത മഴയും വെള്ളക്കെട്ടും ഇപ്പോഴും തമിഴ്‌നാട്ടില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഇതിനിടയിലാണ് ശക്തമായ മഴയെ തുടര്‍ന്ന് വീടും റോഡുമെല്ലാം മുങ്ങിയ ഒരു പ്രദേശത്ത് ഒരു സ്ത്രീ വെള്ളക്കെട്ടില്‍ ഇരുന്നു കുളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങള്‍ വൈറലായത്. റീല്‍സ് വീഡിയോയായിട്ടാണ് പലരും ഇത് പങ്കുവെച്ചിരിക്കുന്നത്. കേരളത്തില്‍ എന്ത് മഴ.. എന്ത് കൊറോണ.. കേരളം പൊളിക്കും.. എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.. മനു കെ.എസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് ഇതുവരെ 4,300ല്‍ അധികം റിയാക്ഷനുകളും 430ല്‍ അധികം ഷെയറുകളും ലഭിച്ചി്ട്ടുണ്ട്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് കേരളത്തിലെ മഴക്കെടുതിക്കിടയിലെ വീഡിയോ തന്നെയാണോ? വീഡിയോയില്‍ കാണുന്നത് കേരളം തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
വീഡിയോ തമിഴ്‌നാട്ടില്‍ നിന്നും ഉള്ളതാണോ എന്ന സംശയത്തെ തുടര്‍ന്ന് ഞങ്ങളുടെ തമിഴ്‌നാട് പ്രതിനിധി വീഡിയോ പരിശോധിച്ച ശേഷം ഇത് തമിഴ്‌നാട് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന്‍റെ അയല്‍ ജില്ലയായ തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കത്തിനിടയിലുള്ള വീഡിയോയാണിത്.
യൂട്യൂബില്‍ തമിഴ്‌നാട് ‘തമിഴ്‌നാട് ഫ്ലഡ് ഫണ്‍’ എന്ന കീവേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇതെ കുറിച്ച് ന്യൂസ് 18 തമിഴ്‌നാട് കന്യാകുമാരി ഫ്ലഡ് മീംസ് എന്ന പേരില്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഈ വാര്‍ത്തയിലും സ്ത്രീ വെള്ളക്കെട്ടില്‍ ഇരുന്ന് കുളിക്കുന്ന വീഡിയോയും തമാശ രൂപേണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
യൂട്യൂബ് സെര്‍ച്ച് റിസള്‍ട്ട്-
ന്യൂസ് 18 തമിഴ്‌നാട് വാര്‍ത്ത (യൂട്യൂബ്)-
ന്യൂസ് 18 വാര്‍ത്തയുടെ ദൃശ്യവും ഞങ്ങളുടെ പ്രതിനിധി പരിശോധിച്ച് സ്ഥിരീകരിച്ചതാണ്.
നിഗമനം
വീഡിയോ തമിഴ്‌നാട്ടിലെ കന്യാകുമാരിയിലെ വെള്ളപ്പൊക്കത്തിലെയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റോഡിലെ വെള്ളക്കെട്ടില്‍ കുളിക്കുന്ന സ്ത്രീ; ദൃശ്യം കേരളത്തിലെയാണോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False