
വിവരണം
വഴിയോരത്ത് പാട്ട് പാടി ജനങ്ങളെ വിസ്മയിക്കുന്ന നിര്‍ധനരായ ധാരാളം ഗായകര്‍ ലോകം എമ്പാടുമുണ്ട്. ഇത്തരത്തിലുള്ള പല വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ കാണാറുണ്ട്. ഇത്തരത്തില്‍ ഇന്ത്യയിലെ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വഴിയരികില്‍ ഗിറ്റാറുമായി ഇരിക്കുന്ന രണ്ട് യുവാക്കളുടെ അടുത്ത് ചെന്ന് ഹിന്ദിയില്‍ ഒരു തവണ ഗിറ്റാര്‍ ഒന്നു വായിക്കാന്‍ നല്‍കുമോ എന്ന് ചോദിക്കുന്ന ഭിക്ഷക്കാരിയുടെ വീഡിയോയാണിത്. ഒടുവില്‍ യുവാക്കള്‍ ഗിറ്റാര്‍ കൈമാറുകയും പിന്നീട് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഗിറ്റാര്‍ സ്ട്രം ചെയ്ത് മനോഹരമായി ഹിന്ദി ഗാനം ആലപിക്കുകയും ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. വഴിയിലൂടെ പോയ ഭിക്ഷാടാനക്കാരി ഗിത്താർ വായിക്കാൻ ചോദിച്ചപ്പോൾ അവരാരും ഇത്രയും പ്രതീക്ഷില്ല.! എന്ന തലക്കെട്ട് നല്‍കി അജിത്ത് കൃഷ്ണന്‍കുട്ടി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 114ല്‍ അധികം 39ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഭിക്ഷക്കാരി തന്നെയാണോ വീഡിയോയില്‍ ഗിറ്റാര്‍ വായിക്കുന്ന സ്ത്രീ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
Beggar playing guitar എന്ന കീ വേര്‍ഡ് ഉപയോഗിച്ച് യൂട്യൂബില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ ആദ്യം ലഭിച്ച റിസള്‍ട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇതെ വീഡിയോ തന്നെയാണ്. Beggar Singing English Songs | Prank Gone Emotional😢 | Pranks In India | The Japes Uncut എന്ന തലക്കെട്ട് നല്‍കിയിരിക്കുന്ന വീഡിയോ ദ് ജേപ്‌സ് അണ്‍കട്ട് എന്ന പേരുള്ള ചാനലില്‍ നിന്നും ഒരു വര്‍ഷം മുന്‍പ് അപ്‌ലോഡ് ചെയ്തതാണ്. വീഡിയോ ടൈറ്റിലില്‍ എഴുതിയിരിക്കുന്നത് പോലെ തന്നെ ഇതൊരു പ്രാങ്ക് ചാനല്‍ മാത്രമാണ്. അതായത് ഭിക്ഷക്കാരിയെ പോലെ മേക്ക് അപ് ഇട്ട് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് അഭിനയിക്കുക മാത്രമാണ് ഇവര്‍ ചെയ്തിരിക്കുന്നത്. ജനങ്ങള്‍ ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ ക്യാമറ ഒളിപ്പിച്ച് വെച്ച് ഷൂട്ട് ചെയ്യുന്ന ഇത്തരം പ്രാങ്ക് വീഡിയോകള്‍ക്ക് ലോകത്ത് എമ്പാടും ധാരളം കാഴ്ച്ചക്കാരും ആരാധകരുമുണ്ട്. ജേപ്‌സ് അണ്‍കട്ടിന്‍റെ വീഡിയോയുടെ കമന്‍റുകള്‍ പരിശോധിച്ചതില്‍ നിന്നും ഭിക്ഷക്കാരിയായി വേഷമിട്ട് വരുന്നത് മുസ്കാന്‍ ടൊമാര്‍ (Muskaan Tomar) എന്ന ഗായികയാണെന്നും മനിസിലാക്കാന്‍ കഴിഞ്ഞു. മുസ്കാന്‍ ടൊമാര്‍ എന്ന് യൂട്യൂബില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും പ്രാങ്കില്‍ പാട്ടു പാടുന്നതും മറ്റ് പാട്ട് വീഡിയോകളും കണ്ടെത്താനും കഴിഞ്ഞു.
യൂട്യൂബ് സെര്‍ച്ച് റിസള്‍ട്ട്-

യഥാര്‍ത്ഥ വീഡിയോ-
മുസ്‌കാന്‍ ടൊമാര്‍ എന്ന് സെര്‍ച്ച് ചെയ്തപ്പോള്‍ ലഭിച്ച റിസള്‍ട്ട്-

നിഗമനം
യൂട്യൂബില്‍ ഒരു പ്രാങ്ക് ചാനല്‍ ഒരു വര്‍ഷം മുന്‍പ് പങ്കുവെച്ച ഒരു പ്രാങ്ക് വീഡിയോ മാത്രമാണിതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:വഴിയിലൂടെ പോയ ഭിക്ഷക്കാരി ഗിറ്റാര്‍ വായിച്ച് പാട്ട് പാടുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
