വിവരണം

അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നെങ്കിലും അതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. അതിനിടയിലാണ് സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ പ്രതിമ രാമ ഭക്തരായ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മോഡിയുടെ രാമരാജ്യം കാണാൻ, വരൂ Iron Man വല്ലഭായ് പട്ടേലിൻ്റെ പ്രതിമ പോലീസിൻ്റെ മുന്നിൽ വെച്ച് രാമ ഭക്തരായ വിശ്വാസികൾ തകർത്തു തരിപ്പണമാക്കി ഇപ്പോൾ മനസ്സിലായില്ലേ ബിജെപി ഭക്തർ രാമഭക്തരല്ല എന്ന്.. എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പ്രചരിക്കുന്നത്. ഒരു സംഘം റോഡില്‍ സ്ഥാപിച്ചിരിക്കുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ പ്രതിമ ട്രാക്ടര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. സഖാവ് എനിക്ക് ജീവന്‍ വാസുദേവന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived ScreenRecord

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ശ്രീരാമ ഭക്തരായ ബിജെപി പ്രവര്‍ത്തകര്‍ പട്ടേല്‍ പ്രതിമ തകര്‍ക്കുന്ന വീഡിയോ തന്നെയാണോ ഇത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും സംഭവവുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞു. ഇതില്‍ നിന്നും ഹിന്ദുസ്ഥാന്‍ ടൈംസ് നല്‍കിയ വാര്‍ത്ത പ്രാകരം ലഭിച്ച വിവരം ഇപ്രകാരമാണ്-

മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയില്‍ ഈ കഴിഞ്ഞ ബുധനാഴ്ച്ചയാണ് സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ പ്രതിമ ഒരു സംഘം ട്രാക്ടര്‍ ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തതത്. മക്ദൊന്‍ ഗ്രാമത്തിലെ പട്ടിദാര്‍ സമുദായത്തില്‍പ്പെട്ടവര്‍ സ്ഥാപിച്ച പട്ടേല്‍ പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ദലിത് സംഘടനയായ ഭീം ആര്‍മിയാണെന്നാണ് പോലീസ് നിഗമനം. ഏറെ നാളുകളായി ഈ പ്രദേശത്ത് പട്ടേല്‍ പ്രതിമ സ്ഥാപിക്കണമെന്ന് പട്ടിദാര്‍ വിഭാഗവും അംബേദ്കര്‍ പ്രതിമ സ്ഥാപിക്കണമെന്ന് ഭീം ആര്‍മിയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് പട്ടിദാര്‍ സമുദായത്തില്‍പ്പെട്ടവരുടെ സംഘം വല്ലഭായി പട്ടേലിന്‍റെ പ്രതിമ പൊതുസ്ഥലത്ത് സ്ഥാപിച്ചത്. ഇതിന് പിന്നാലെ ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ സമുദായത്തില്‍പ്പെട്ടവര്‍ സംഘടിച്ച് പട്ടേല്‍ പ്രതിമ തകര്‍ക്കുകയും സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിമയില്‍ കല്ലറിയുകയും ചെയ്തത്.

സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഹിന്ദുസ്ഥാന്‍ ടൈംസ് വാര്‍ത്ത റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ്ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..

ഹേറ്റ് ഡിറ്റെക്‌ടര്‍ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം വീഡിയോ സഹിതം എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്-

X Tweet

നിഗമനം

പട്ടിദാര്‍ സമുദായവും ദലിത് സമുദായത്തിന്‍റെ ഭീം ആര്‍മിയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭീം ആര്‍മി പട്ടേല്‍ പ്രതിമ തകര്‍ക്കുന്ന വീഡിയോയാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. വീഡിയോയ്ക്ക് ബിജെപിയുമായോ രാമ ഭക്തരായോ യാതൊരു ബന്ധവുമില്ലായെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ബിജെപി പ്രവവര്‍ത്തകര്‍ പട്ടേല്‍ പ്രതിമ തകര്‍ക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത ഇതാണ്..

Written By: Dewin Carlos

Result: False