
കർണാടകയിൽ പർദ്ദ ധരിച്ച് പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയ RSS പ്രവർത്തകരെ പോലീസ് പിടികൂടുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ പോലീസ് ഒരു പർദ്ദ ധരിച്ച പുരുഷനെ പിടികൂടുന്നത് നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “കർണാടക യിൽ പാകിസ്ഥാൻ സിന്ദാബാദ് വിളിക്കുന്ന പർദ്ദ ധരിച്ച മുസ്ലിം സ്ത്രീ കൾ,
പോലിസ് എത്തി അറസ്റ്റ് ചെയ്തു പർദ്ദ നീക്കിയപ്പോൾ നല്ല എണ്ണം പറഞ്ഞ ദേശ സ്നേഹികൾ ആയ RSS കാർ.
പാകിസ്ഥാൻ സിന്ദാബാദ് വിളിച്ചു കൊണ്ട് കലാപം സൃഷ്ടിക്കാൻ ഇറങ്ങി പുറപ്പെട്ട രാജ്യ ദ്രോഹി കൾ.. കാശ്മീരിൽ പാവം മനുഷ്യരെ വെടി വെച്ച് കൊന്നതും ഇവർ തന്നെ ആയിരിക്കും പാകിസ്ഥാന് വേണ്ടി ജയ് വിളിക്കാൻ ഒരു മടിയും ഇല്ലാത്ത കപട ദേശ സ്നേഹികൾ ആയ RSS കാർ.
എന്താണ് നമ്മുടെ രാജ്യത്ത് നടക്കുന്നത് സത്യം തിരിച്ചറിയുക. സാധാരണ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം”
എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ പ്രചരണം പുതിയതല്ല. ഇതിന് മുൻപും ഇതേ അവകാശവാദവുമായി ഈ വീഡിയോ പ്രചരിപ്പിക്കുകയുണ്ടായിട്ടുണ്ട്. 2020ൽ ഞങ്ങൾ ഈ വീഡിയോ വ്യാജമാണെന്ന് തെളിയിച്ച് എഴുതിയ റിപ്പോർട്ട് നിങ്ങൾക്ക് താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോയെ കുറിച്ച് ഒരു വാര്‍ത്ത ലഭിച്ചു. വാര്‍ത്ത പ്രകാരം വീഡിയോയില്‍ കാണുന്ന വ്യക്തിയെ ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ ആന്ധ്ര പോലീസാണ് പിടികൂടിയത്. എക്സൈസ് നല്‍കാതെ മദ്യം കടത്താനുള്ള ശ്രമത്തിന്‍റെ ഇടയിലാണ് ഇയാളെയും ഇയാളുടെ കൂട്ടത്തിലുള്ളവരെയും പോലീസ് പിടികൂടിയത് എന്ന് വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. ഞങ്ങളുടെ പ്രതിനിധി കുര്‍ണൂല്‍ സിറ്റി എസ്.പി. ഫക്കിരപ്പ കഗിനെല്ലിയോട് ബന്ധപെട്ടപ്പോള്‍ അദേഹം പറയുന്നത് ഇങ്ങനെ-
“നിങ്ങള്‍ വീഡിയോയില്‍ കാണുന്നവര്‍ മദ്യം കള്ളക്കടത്തുമായി ബന്ധപെട്ടു അറസ്റ്റ് ആയ സംഘത്തിന്‍റെ അംഗങ്ങള്‍ ആണ്. എക്സൈസ് നല്‍കാതെ മദ്യകടത്ത് നടത്തുന്നതിന്‍റെ ശ്രമത്തില്‍ ഞങ്ങള്‍ ഇവരെ ആന്ധ്ര-തെലിംഗാന അതിര്‍ത്തിയില്‍ പിടികൂടിയതാണ്. ഇവരുടെ അടുത്തു നിന്ന് മദ്യത്തിന്‍റെ 72 ബോട്ടിലുകളും പോലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ ഒരു വ്യക്തി പോലീസില്‍ നിന്നും രക്ഷപ്പെടാനായി പര്‍ദ്ദ ധരിച്ചിരുന്നു. ഈ വീഡിയോയ്ക്ക് ആര്‍.എസ്.എസുമായി യാതൊരു ബന്ധവുമില്ല. ”
ഈ സംഭവത്തിൻെ കുറിച്ചുള്ള ETVയുടെ വാർത്ത നമുക്ക് താഴെ കാണാം. വാർത്തയിൽ നമുക്ക് ഈ വീഡിയോയും കാണുന്നുണ്ട്. 8 ഓഗസ്റ്റ് 2020നാണ് ഈ വാർത്ത പ്രസിദ്ധികരിച്ചത്. വാർത്ത പ്രകാരം പർദ്ദ ധരിച്ച് തെലുങ്കാനയിൽ നിന്ന് ആന്ധ്ര പ്രദേശിലേക്ക് സ്പിരിറ്റ് കടത്തി കൊണ്ട് വരാൻ ശ്രമിച്ച ഒരു സംഘത്തിനെ പോലീസ് ആന്ധ്ര പ്രദേശിലെ കുർണൂലിൽ പിടികൂടുന്ന ദൃശ്യങ്ങൾ ആണിത്.
നിഗമനം
കർണാടകയിൽ പർദ്ദ ധരിച്ച് പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയ RSS പ്രവർത്തകരെ പോലീസ് പിടികൂടി എന്ന പ്രചരണം വ്യാജമാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. 2020ൽ ആന്ധ്ര പ്രദേശിൽ പർദ്ദ ധരിച്ച് മദ്യം കടത്താൻ ശ്രമിച്ചവരുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് വ്യാജ പ്രചരണം നടത്തുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ആന്ധ്രയിൽ കള്ളക്കടത്തുകാരെ പോലീസ് പിടികൂടുന്നത്തിൻ്റെ ദൃശ്യങ്ങൾ വെച്ച് കർണാടകയിൽ RSS പ്രവർത്തകർ പിടിയിൽ എന്ന വ്യാജ പ്രചരണം
Fact Check By: K. MukundanResult: False
