ബാലവേല ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എങ്കിലും ചെറിയ കുട്ടികളെ കൊണ്ട് ജോലി എടുപ്പിക്കുന്ന ചില ഉദാഹരണങ്ങൾ നാം ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളില്‍ ഇഷ്ടികകൾ ചുറ്റിക കൊണ്ട് അടിച്ചു പൊട്ടിക്കുന്ന ജോലി എടുക്കുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ വൈറലാകുന്നുണ്ട്.

പ്രചരണം

പെൺകുട്ടി തന്‍റെ പ്രായത്തിനും ആരോഗ്യത്തിനും അതീതമായി കഠിനമായി പണിയെടുക്കുന്ന ദൃശ്യങ്ങൾ ഇന്ത്യയിലേതാണ് എന്ന് അവകാശപ്പെട്ടു കൊണ്ട് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “എന്റെ ഇന്ത്യയിൽ ഇങ്ങനെയും ജന്മങ്ങൾ ഉണ്ട്”

archived linkFB post

ഞങ്ങൾ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇത് ഇന്ത്യയിലെതല്ല എന്നും ബംഗ്ലാദേശിൽ നിന്നുള്ളതാണ് എന്നും വ്യക്തമായി

വസ്തുത ഇങ്ങനെ

വീഡിയോ പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്.

ഞങ്ങൾ വീഡിയോ വിവിധ ഫ്രെയിമുകൾ ആക്കിയ ശേഷം പ്രധാനപ്പെട്ട റിവേഴ്സ് ഇമേജ് മെസ്സേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ വീഡിയോയുമായി ബന്ധപ്പെട്ട ചില സൂചനകൾ ലഭിച്ചു

വിശപ്പിനെയും ദാരിദ്ര്യത്തെയും മാത്രമല്ല, സർക്കാരിനെ അപലപിച്ചും കൊണ്ടാണ് പലരും വീഡിയോ പങ്കു വെച്ചിട്ടുള്ളത്. അന്വേഷണത്തിനിടയിൽ ഞങ്ങൾക്ക് ഒരു ഫേസ്ബുക്ക് പോസ്റ്റ് ലഭിച്ചു. ആകാശ് എന്നൊരു ഫോട്ടോ ജേര്‍ണലിസ്റ്റിന്‍റെ പേജിൽ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

പെൺകുട്ടിയുടെ ചെറിയ വിവരണം അദ്ദേഹം നൽകിയിട്ടുണ്ട്: “ഞാനും എന്റെ ചേച്ചിയും ഒരുമിച്ച് ഇവിടെ ജോലി ചെയ്തിരുന്നു. അവൾ എന്നെക്കാൾ 8 വയസ്സ് മുതിർന്നതാണ്. കഴിഞ്ഞ വർഷം അവൾ വിവാഹിതയായി. വിവാഹിതയായ ദിവസം, അവൾ ഒരു ചുവന്ന യക്ഷിയെപ്പോലെ വളരെ സുന്ദരിയായിരുന്നു. അവളുടെ കല്യാണം കണ്ടപ്പോൾ വലുതായാൽ കല്യാണം കഴിക്കണം എന്ന് എനിക്ക് താല്പര്യം തോന്നി.

പക്ഷെ ഒരു ദിവസം ചേച്ചിയെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത പേടി തോന്നി. അവൾ ഒരു അസ്ഥികൂടം പോലെ മാറിയിരുന്നു. കഴിഞ്ഞ മാസം അവൾ ഒരു മരിച്ച കുഞ്ഞിന് ജന്മം നൽകി. അവൾ അതിജീവിക്കില്ല എന്നായിരുന്നു അന്ന് എല്ലാവരും പറഞ്ഞത്. അമ്മ ആശുപത്രിയുടെ തറയിൽ കിടന്ന് ഉറക്കെ കരയുകയായിരുന്നു. അത് വളരെ ഭയാനകമായിരുന്നു. എനിക്ക് ഇനി വിവാഹം കഴിക്കാൻ ആഗ്രഹമില്ല. എനിക്ക് മരിക്കാൻ ആഗ്രഹമില്ല

അസ്മ 8 വയസ്സ് ”

തുടർന്ന് ഞങ്ങൾ ആകാശ് എന്ന ഫോട്ടോഗ്രാഫർക്ക് മെയിൽ അയച്ചു. അദ്ദേഹം ഞങ്ങൾക്ക് തന്ന മറുപടി ഇങ്ങനെയാണ്: “ഇത് ബംഗ്ലാദേശിൽ നിന്നുള്ളതാണ്, ഇന്ത്യയിലേതല്ല. ഈ കുഞ്ഞ് ഇപ്പോൾ ജോലിക്ക് പോകുന്നില്ല. അവളെ വിദ്യാഭ്യാസത്തിനായി സ്കൂളിൽ അയക്കുന്നുണ്ട്. അവിടെ ജീവിതകാലം മുഴുവൻ വിദ്യാഭ്യാസത്തിനായുള്ള ചെലവുകൾ ഞാന്‍ വഹിക്കുന്നതാണ്.”

ഈ വീഡിയോ ദൃശ്യങ്ങൾ നിങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർ തന്നെ ഇത് ഇന്ത്യയിലെതല്ല എന്നും ബംഗ്ലാദേശിൽ നിന്നുള്ളതാണ് എന്നും വ്യക്തമാക്കിയിട്ടുണ്ട്. ചൈല്‍ഡ് ലേബറിന്‍റെ കരളലിയിക്കുന്ന ചില ഫീച്ചറുകള്‍ ബിബിസി പോലുള്ള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബംഗ്ലാദേശില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍ ഇന്ത്യയിലേത് ആണെന്ന മട്ടില്‍ പ്രചരിച്ചിട്ടുണ്ട്. ഞങ്ങളുടെ ഫാക്റ്റ് ചെക്ക് ലേഖനം താഴെ വായിക്കാം:

FACT CHECK: ബംഗ്ലാദേശിലെ പഴയ ചിത്രങ്ങള്‍ ഇന്ത്യയിലെ ലോക്ക്ഡൌനിന്‍റെ പേരില്‍ പ്രചരിക്കുന്നു…

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ഈ ദൃശ്യങ്ങൾ ഇന്ത്യയിൽനിന്നുള്ളതല്ല. ബംഗ്ലാദേശിൽ നിന്നുള്ളതാണ് ഇന്ത്യയിലേത് എന്ന് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ബാലവേലയുടെ ഈ ദൃശ്യങ്ങള്‍ ഇന്ത്യയിലെതല്ല, ബംഗ്ലാദേശില്‍ നിന്നുള്ളതാണ്...

Fact Check By: Vasuki S

Result: False