
ഭാരത് ജോഡോ യാത്ര കേരളത്തിലെ തെക്കൻ ജില്ലകളിൽ നിന്നും വടക്കൻ ജില്ലകളിലേക്ക് പര്യടനം തുടരുകയാണ്. ഇന്ന് എറണാകുളത്താണ് യാത്ര പുരോഗമിക്കുന്നത്. ജോഡോ യാത്രക്കിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രഹസ്യമായി മദ്യപിച്ചിട്ടാണ് സഞ്ചരിക്കുന്നത് എന്ന് വാദിച്ച് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്.
പ്രചരണം
കോൺഗ്രസ് പ്രവർത്തകര്‍ റസ്റ്റോറന്‍റിന് ഉള്‍വശം പോലെ തോന്നിക്കുന്ന മുറിയില്‍ നിന്നും ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാനാകുന്നത്. മദ്യം ഉപയോഗിക്കുന്നതിന്‍റെ സൂചനകളൊന്നും ദൃശ്യങ്ങളിൽ വ്യക്തമല്ലെങ്കിലും ഇവര്‍ മദ്യലഹരിയിലാണെന്ന് വാദിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്:
‘അടിച്ച സാധനം ഏതെന്ന് പറഞ്ഞാൽ
ടി സിദ്ദിഖ് ഹിക്കാന്റെ വക ഒരു വോഡ്ക്ക ഫ്രീ.. 😁
ഇത് ജോഡോ യാത്ര അല്ല ഫിറ്റാകാനുള്ള യാത്രയാണ്..😃😃”
എന്നാൽ പൂർണമായി തെറ്റായ പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നത് എന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇതാണ്
കോൺഗ്രസ് പ്രവർത്തകർ നില്‍ക്കുന്ന സ്ഥലം ഏതാണ് എന്നുള്ള ഞങ്ങളുടെ അന്വേഷണത്തില്‍ ഓച്ചിറയിലെ മലബാർ ഹോട്ടൽ ആണ് എന്നുള്ള സൂചന ലഭിച്ചു. തുടർന്ന് ഹോട്ടൽ ഉടമയും മുന്‍കാല കോൺഗ്രസ് പ്രവര്‍ത്തകനുമായ അന്‍സാറുമായി ഞങ്ങൾ സംസാരിച്ചു അദ്ദേഹം നൽകിയ മറുപടി ഇതാണ്: “ഈ വീഡിയോ മദ്യം കഴിക്കുന്ന കോൺഗ്രസ് നേതാക്കൾ എന്ന പേരില്‍ പ്രചരിക്കുന്നതായി ഞങ്ങളുടെയും ശ്രദ്ധയിൽപ്പെട്ടു. പൂർണ്ണമായും തെറ്റായ പ്രചരണമാണ്. രാവിലെ ഏഴരയോടെ കൂടി രാഹുൽഗാന്ധി അടക്കമുള്ള നേതാക്കൾ ഇവിടെ പ്രാതൽ കഴിക്കാനായി എത്തിയിരുന്നു. ഞങ്ങളുടെ സിസിടിവിയിൽ ഇതിന്‍റെ ദൃശ്യങ്ങളുണ്ട്. ഇത് പൊതുജനം പതിവായി ഭക്ഷണം കഴിക്കാനെത്തുന്ന സ്ഥലമാണ്. ഇവിടെ ഒരിയ്ക്കലും മദ്യം വിളമ്പില്ല. ഹോട്ടലിന്‍റെ മുന്‍വശമാണിത്. പുറത്തേയ്ക്ക് ഇറങ്ങുന്ന ഭാഗത്ത് ഒരു സ്റ്റെപ്പ് ഉണ്ട്. ദൃശ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും. ഇതറിയാതെ പലരും പുറത്തേയ്ക്കിറങ്ങിയപ്പോള്‍ തട്ടി വീഴാന്‍ ഭാവിച്ചു. അതാവാം ഈ ദുഷ്പ്രചാരണം നടത്താന്‍ കാരണം. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ഞങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങളുണ്ട്.”
ഹോട്ടല്‍ ഉടമ അന്‍സാര്‍ അയച്ച ചിത്രങ്ങള്‍:

ഹോട്ടൽ ഉടമ അൻസാര്‍ അയച്ചുതന്ന വീഡിയോ താഴെ കാണാം.
കെപിസിസി രാഷ്ട്രീയകാര്യ കമ്മറ്റി അംഗവും കോണ്‍ഗ്രസ്സ് നേതാവുമായ അഡ്വ. എം. ലിജുവിനെ വൈറല്‍ ദൃശ്യങ്ങളില്‍ കാണാം. ഞങ്ങളോട് പ്രചരണത്തെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെ: “വെറും നിലവാരമില്ലാത്ത പ്രചരണമാണിത്. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ഏതാണ്ട് ഏഴു മണി ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. ദൃശ്യങ്ങളില്‍ നിങ്ങള്‍ക്ക് കാണാം അവിടെ ഒരു സ്റ്റെപ്പ് ഉണ്ട്. സംസാരിച്ച് കൊണ്ട് പുറത്തേയ്ക്ക് വരുന്നതിനിടെ ആരും അതത്ര ശ്രദ്ധിക്കില്ല. നേതാക്കളായ കെ. മുരളീധരനും രാഹുല്‍ ഗാന്ധിയുടെ ബോഡി ഗാര്‍ഡുകള്‍ക്കു പോലും അവിടെ അടി തെറ്റിയേനെ. ഇത്രയും മാധ്യമ/പൊതുജന ശ്രദ്ധ കിട്ടുന്ന ഒരു പരിപാടിക്കിടെ നേതാക്കള്‍ പരസ്യമായി മദ്യപിച്ച് നടക്കുന്നുവെന്ന് പറഞ്ഞാല്‍ വിവേകമുള്ള ആരും വിശ്വസിക്കില്ല. കോണ്‍ഗ്രസ്സ് നേതാക്കള്‍ രാവിലെ തന്നെ മദ്യം കഴിച്ചു എന്നൊക്കെ പ്രചരിപ്പിക്കുന്നത് എന്തൊരു തോല്‍വിയാണ്.”
ഭാരത് ജോഡോ യാത്ര പര്യടനത്തിനിടെ രാഹുൽഗാന്ധി അടക്കമുള്ള കോൺഗ്രസ് പ്രവർത്തകർ പ്രഭാതഭക്ഷണം കഴിക്കാനായി കൊല്ലം ഓച്ചിറയിലെ മലബാർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചശേഷം പുറത്തിറങ്ങിയ വീഡിയോയാണ് തെറ്റായ വിവരണത്തോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. വീഡിയോ ദൃശ്യങ്ങൾ ജോഡോ യാത്രയിൽ ഉൾപ്പെടുന്ന പ്രവർത്തകർ രഹസ്യമായി മദ്യപിച്ചിട്ട് പുറത്തിറങ്ങുന്നതല്ല. ഓച്ചിറയിലെ മലബാർ ഹോട്ടലിൽ രാവിലെ പ്രാതൽ കഴിച്ച ശേഷം നേതാക്കള്‍ പുറത്തിറങ്ങുന്ന ദൃശ്യങ്ങളാണ് തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഭാരത് ജോഡോ: കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മദ്യലഹരിയിലെന്ന് പ്രചരണം… എന്നാല്‍ സത്യമിതാണ്…
Fact Check By: Vasuki SResult: False
