വീഡിയോ താലിബാനികളുടേതല്ല… പാകിസ്ഥാനിലെ കറാച്ചിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കള്ളക്കടത്ത് വസ്തുക്കള്‍ നശിപ്പിക്കുന്നതിന്‍റെതാണ്…

രാഷ്ട്രീയം | Politics

താലിബാനികള്‍ മൊബൈൽ ഫോണുകൾ നശിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്

പ്രചരണം 

ആയിരക്കണക്കിന് മൊബൈല്‍ ഫോണുകള്‍ നിലത്ത് നിരത്തിയിട്ട ശേഷം ചവിട്ടി നശിപ്പിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. പട്ടാള യൂണിഫോം പോലുള്ള വേഷം ധരിച്ച രണ്ടുമൂന്ന് ഉദ്യോഗസ്ഥരാണ് ഇത് ചെയ്യുന്നത്. ഇവര്‍ താലിബാനികള്‍ ആണെന്നും മൊബൈല്‍ ഫോണ്‍ അവിടെ നിരോധിച്ചുവെന്നും വാദിച്ച് വീഡിയോക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: മൊബൈൽ നിരോധിച്ച് അഫ്ഗാൻ വിസ്മയം!!!

archived linkFB post

ഞങ്ങളുടെ അന്വേഷണത്തില്‍ ഈ ആരോപണങ്ങൾ തെറ്റാണ് എന്നു കണ്ടെത്തി. ദൃശ്യങ്ങൾക്ക് താലിബാനുമായോ അഫ്ഗാനിസ്ഥാനുമായോ യാതൊരു ബന്ധവുമില്ല.

വസ്തുത ഇങ്ങനെ  

ഞങ്ങള്‍ വീഡിയോ വിവിധ കീ ഫ്രെയിമുകളായി വിഭജിച്ച ശേഷം പ്രധാനപ്പെട്ട ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ വീഡിയോ പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നുള്ളതാണെന്നും പാകിസ്ഥാൻ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കള്ളക്കടത്ത്  നിരോധിത വസ്തുക്കളും സെൽ ഫോണുകളും ചവിട്ടി നശിപ്പിക്കുന്നതിന്‍റെതാണ് വീഡിയോ എന്നും വ്യക്തമാക്കുന്ന സൂചനകളുള്ള ഒരു വീഡിയോ യുട്യൂബില്‍ നിന്നും ലഭിച്ചു. 

വീഡിയോ ക്ലിപ്പിൽ, 23 മത്തെ സെക്കണ്ട് മുതല്‍ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ദൃശ്യങ്ങള്‍  കാണാം. മദ്യക്കുപ്പികളും  സെൽ ഫോണുകളും അതേ സ്ഥലത്ത് റോളർ ഉപയോഗിച്ച് തകർക്കുന്നതും കാണാം. ഈ സൂചനകള്‍ ഉപയോഗിച്ച് ഞങ്ങള്‍ കീ വേര്‍ഡ്സ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ചില മാധ്യമ വാര്‍ത്തകള്‍  ലഭിച്ചു. 

പോസ്റ്റിലെ വീഡിയോയിലും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നടപടിയെ കുറിച്ച് വാര്‍ത്ത നല്കിയ വീഡിയോകളിലും ഒരേ വലിയ നീല കണ്ടെയ്‌നർ കാണാം.

വാസ്തവത്തിൽ, കറാച്ചി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 2021 ഡിസംബർ 29 ബുധനാഴ്ച, മയക്കുമരുന്ന്, മദ്യം, മരുന്ന്, വെറ്റില, വ്യാജ സിഗരറ്റുകൾ, സെൽ ഫോണുകൾ, മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലാത്ത, കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള കള്ളക്കടത്ത് സാധനങ്ങൾ നശിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടിക്രമങ്ങളില്‍ നിന്നുള്ള ഒരു ഭാഗമാണ് താലിബാന്‍റെ പേരില്‍ പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത്.  താലിബാനില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചതായി ഇതുവരെ വാര്‍ത്തകളില്ല. മാത്രമല്ല, താലിബാനികള്‍ ഇതുപോലുള്ള വേഷം ധരിക്കാറില്ല. 

ഗദാബ് നഗരത്തിലെ (കറാച്ചിയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത്) നരാർഹറിൽ രാവിലെ 10 മണിക്ക് നടപടി ആരംഭിച്ചതായി കസ്റ്റംസ് വക്താവ് സയ്യിദ് ഇർഫാൻ അലി പറഞ്ഞുവെന്ന് ഒരു പാകിസ്താനി മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 39,470 മൊബൈൽ ഫോണുകൾ ഉൾപ്പെടെ കള്ളക്കടത്ത്, നിരോധിത വസ്തുക്കൾ എന്നിവ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തു. വീഡിയോ 2021 ഡിസംബർ 29 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്.

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. വീഡിയോ പാകിസ്ഥാനിലെ കറാച്ചിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കള്ളക്കടത്ത് സാധനങ്ങള്‍ നശിപ്പിക്കുന്നതിന്‍റെതാണ്. താലിബാനുമായോ അഫ്ഗാനിസ്ഥാനുമായോ വീഡിയോക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:വീഡിയോ താലിബാനികളുടേതല്ല… പാകിസ്ഥാനിലെ കറാച്ചിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കള്ളക്കടത്ത് വസ്തുക്കള്‍ നശിപ്പിക്കുന്നതിന്‍റെതാണ്…

Fact Check By: Vasuki S 

Result: False