വിവരണം

ആലപ്പുഴ ജില്ലയില്‍ ജൂലൈ 31ന് മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന വലിയ ഒരു മാര്‍ച്ച് എന്ന പേരിലൊരു വീ‍ഡിയോയാണ് ഇപ്പോള്‍ ദേശീയ ശ്രദ്ധ നേടിയിരിക്കുന്നത്. ആലപ്പുഴ ജില്ലാ കളക്‌ട്റായി നിയമിക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമനെ അദ്ദേഹം ബ്രാഹ്മണന്‍ ആയതിനാല്‍ ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു മുസ്‌ലിം സംഘടനകള്‍ നടത്തിയ കൂറ്റന്‍ പ്രതിഷേധ പ്രകടനം എന്ന പേരലാണ് ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും വലിയ പ്രചരണം നടക്കുന്നത്. ഇന്ദു മക്കള്‍ കച്ചി (Indu Makkal Katchi Offcl) എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ ട്വീറ്റിന് വലിയ പ്രതികരണവും ജനശ്രദ്ധയുമാണ് ലഭിച്ചിരിക്കുന്നത്-

Tweet

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ടയാളെ കളക്ടറാക്കിയതിന്‍റെ പേരിലാണോ മുസ്‌ലിം സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്? പ്രചരിക്കുന്ന വീഡിയോ ആലപ്പുഴയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിന്‍റെ തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ഫാക്‌ട് ക്രെസെന്‍ഡോ ഇംഗ്ലിഷ് ഈ പ്രചരണത്തെ കുറിച്ച് നടത്തിയ ഫാക്‌ട് ചെക്ക് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഗൂഗിള്‍ കീ വേര്‍ഡ് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. ശ്രീറാംവെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്‌ടറായി നിയമച്ചെതിനെതിരെ കേരള മുസ്‌ലിം ജമാ അത്തിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് വാര്‍ത്ത.

ജൂലൈ 26ന് കളക്‌ടറായി സ്ഥാനമേറ്റ വെങ്കിടരാമന്‍ 2019ല്‍ ഓടിച്ച കാര്‍ ഇടിച്ച് സിറാജ് ദിനപത്രത്തിന്‍റെ ലേഖകനായ കെ.എം.ബഷീര്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് കേസ് നിലിനില്‍ക്കുന്നുണ്ട്. ഒരു നൈറ്റ് പാര്‍ട്ടി കഴിഞ്ഞ് സുഹൃത്തായ വഫ ഫിറോസുമൊത്ത് അമിത വേഗതയില്‍ കാര്‍ ഓടിച്ചപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ശ്രീറാംവെങ്കിട്ടരാമന്‍ മദ്യലഹരിയിലാണ് കാര്‍ ഓടിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് തെളിയിക്കപ്പെട്ടിട്ടില്ല. കാന്തപുരം എപി അബൂബക്കര്‍ മുസ‌ലിയാരുടെ നേതൃത്വത്തിലുള്ള എപി സമസ്ത ഫൗണ്ടേഷന്‍റെ ഉടമസ്ഥതയിലുള്ള സിറാജ് ദിന പത്രത്തിലായിരുന്നു മരിച്ച കെ.എം.ബഷീര്‍ ലേഖകനായി ജോലി ചെയ്തിരുന്നത്. അതുകൊണ്ട് തന്നെയാണ് കേരള മുസ്‌ലിം ജമാ അത്ത് ഇത്തരത്തില്‍ ഒരു പ്രതിഷേധം സംഘടിപ്പിക്കാന്‍ ഇടയായ കാരണം.

മാത്രമല്ല ഈ പ്രതിഷേധ മാര്‍ച്ചിന്‍റെ വീഡിയോ ആലപ്പുഴയില്‍ നിന്നുമുള്ളതല്ലാ എന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 30 സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോയുടെ 22-ാം സെക്കന്‍ഡില്‍ ഒരു വ്യാപാര സ്ഥാപനത്തിന്‍റെ ബോര്‍ഡ് വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. ഇതില്‍ രേഖപ്പെടുത്തിയിരക്കുന്ന സ്ഥലം മലപ്പുറം ജില്ലയിലെ അപ് ഹില്‍ എന്നതാണ്.

കൂടാതെ പോളി ദെന്തല്‍ ക്ലിനിക് എന്ന സ്ഥാപനത്തിന്‍റെ ബോര്‍ഡും വീഡിയോയില്‍ വ്യക്തമാണ്. ഇതും കൃത്യമായി അപ് ‌ഹില്‍ എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്നതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുള്‍ റഹ്മാന്‍ ഫൈസിയാണ് മലപ്പുറം ജില്ലയിലെ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. ഞങ്ങളുടെ പ്രതിനിധി അദ്ദേഹവും ഫോണില്‍ ബന്ധപ്പെട്ടു. സര്‍ക്കാര്‍ കുറ്റാരോപിതനായ ശ്രീറാംവെങ്കിട്ടരാമനെ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെയാണ് കേരളം ഒട്ടാകെ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രചരിക്കുന്ന വീഡിയോ മലപ്പുറം ജില്ലയില്‍ നിന്നുമുള്ളതാണ്. എന്നാല്‍ ഇതിന് വെങ്കിട്ടരാമന്‍റെ ജാതിയുമായി യാതൊരു ബന്ധവുമില്ല. അത്തരം പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. 2019ല്‍ കെ.എം.ബഷീറിന്‍റെ മരണത്തിന് കാരണക്കാരനായ ശ്രീരാംവെങ്കിട്ടരാമനെ കളക്‌ടര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രീരാംവെങ്കിട്ടരാമനെ കളക്‌ടര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. സിവില്‍ സപ്ലൈസ് കോര്‍പ്പൊറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് മറ്റി നിയമക്കുകയും ചെയ്തു. കൃഷ്ണ തേജയെ ആലപ്പുഴ കളക്‌റായി പകരം നിയമിച്ചു.

നിഗമനം

2019ല്‍ മാധ്യമപ്രവര്‍ത്തകന്‍റെ മരണത്തിനിടയായ കാര്‍ അപകടത്തില്‍ പ്രതിസ്ഥാനത്തുള്ള ശ്രീരാംവെങ്കിട്ട രാമനെ ആലപ്പുഴയില്‍ കളക്‌ടറായി നിയമിച്ചതിനെതിരെ കേരള മുസ്‌ലിം ജമാഅത്തിന്‍റെ നേതൃത്വത്തില്‍ മലപ്പുറത്ത് നടന്ന പ്രതിഷേധ മാര്‍ച്ചിന്‍റെ വീഡിയോയാണ് തെറ്റായ തലക്കെട്ട് നല്‍കി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ബ്രാഹ്മണനായതിനാലാണ് ശ്രീരാംവെങ്കിട്ടരാമനെതിരെ മുസ്‌ലിം സംഘടനകള്‍ പ്രതിഷേധിച്ചതെന്ന് ട്വിറ്ററില്‍ വ്യാപക പ്രചരണം.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: False