
കേരളത്തിലെ മാധ്യമങ്ങളില്‍ നിറയെ തെരുവുനായ ശല്യത്തെക്കുറിച്ചുള്ള വാർത്തകളാണ്. തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ തെരുവ് നായ്ക്കൾ നാട്ടിൽ ഇറങ്ങിയ ഒരു പുലിയെ ഓടിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.
പ്രചരണം
പുലി മരത്തിന്‍റെ മുകളിൽ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ട തെരുവ് നായ്ക്കൾ അതിനു നേരെ കുരയ്ക്കുന്നത് കാണാം. അപ്പോൾ പുലി മരത്തില്‍ നിന്നിറങ്ങി തെരുവ് നായ്ക്കലൂടെ നേരെ തിരിയുന്നതും തങ്ങള്‍ നേരിടാന്‍ ശ്രമിച്ച എതിരാളി ‘ചില്ലറക്കാരനല്ല’ എന്നു തിരിച്ചറിഞ്ഞതോടെ തെരുവുനായ്ക്കൾ ഓടിമറയുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ സംഭവം അഴീക്കോട് നടന്നതാണ് എന്ന് വാദിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “അഴീക്കോട് പുലി ഇറങ്ങി.. തൃശൂരിലെ പോലെയുള്ള ഓണ പുലിയല്ല.. ഒറിജിനൽ..12.9.2022 കണ്ണൂർ.”
എന്നാല്‍ ഞങ്ങള്‍ ദൃശ്യങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് നടത്തുന്നതെന്ന് വ്യക്തമായി.
വസ്തുത ഇങ്ങനെ
ദൃശ്യങ്ങളെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഫോറസ്റ്റ് സര്‍വീസില്‍ ഓഫീസറായ സുരേന്ദർ മെഹ്റ IFS ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കു വെച്ചതായി കണ്ടു. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്: “പെട്ടെന്നുള്ള കണ്ടുമുട്ടൽ…
ഇരുവർക്കും വേട്ടയാടുന്നതിൽ താൽപ്പര്യമില്ല.
ഒരു സ്വയം പ്രതിരോധത്തിനായുള്ള പ്രവർത്തനം മാത്രം..”
എന്നാൽ ഇത് എവിടെ നടന്നതാണ് എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഈ വീഡിയോ ആധാരമാക്കി നിരവധി മാധ്യമങ്ങൾ ദൃശ്യങ്ങളെ കുറിച്ച് വാർത്ത നൽകിയിട്ടുണ്ട്. ഒന്നിലും ഇത് എവിടെയാണ് നടന്നത് എന്ന് വ്യക്തമല്ല.
പോസ്റ്റിലെ വിവരണത്തിൽ ഇത് അഴീക്കോട് ആണ് നടന്നത് എന്ന് സൂചിപ്പിച്ചിരിക്കുന്നതിനാൽ ഞങ്ങൾ തൃശൂർ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസുമായി ബന്ധപ്പെട്ടു. തൃശൂര്‍ ഡിവിഷണൽ ഓഫീസർ സിവി രാജന്‍ അറിയിച്ചത് ഇങ്ങനെയാണ്: “അഴീക്കോട് ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല. മാത്രമല്ല, സംഭവം കേരളത്തിൽ ഒരിടത്തും നിന്നുള്ളതല്ല. വീഡിയോ പ്രചരിക്കുന്നത് ഞങ്ങളും കണ്ടിരുന്നു. കൃത്യമായി എവിടെ നിന്നുള്ളതാണ് എന്നറിയില്ല. പുറത്തെവിടെയോ നിന്നുള്ളതാണ് എന്ന് അനുമാനിക്കുന്നു.”
സുരേന്ദര്‍ മെഹ്റ ഐഎഫ്എസ് പങ്കുവെച്ച വീഡിയോയുടെ ചുവട്ടിൽ ഇത് പൂനെയുടെ അതിർത്തി ഭാഗത്ത് സംഭവിച്ചതാണ് എന്ന ഒരു കമന്‍റ് കണ്ടു. എന്നാൽ എവിടെയാണ് കൃത്യമായി സംഭവിച്ചതെന്ന് ഒരിടത്തും പരാമർശങ്ങളില്ല. സംഭവം നടന്നത് എവിടെയാണുന്നുള്ള വിശദാംശങ്ങള്‍ ലഭിച്ചാലുടന്‍ ഞങ്ങള്‍ ലേഖനത്തില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. നൽകിയിരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കേരളത്തിൽനിന്നുള്ളതല്ല. തെരുവ് നായ്ക്കൾ പുലിയെ ആക്രമിക്കാൻ ശ്രമിക്കുന്നതും പുലി തിരികെ ഓടിക്കുന്നതുമായ ദൃശ്യങ്ങൾ കേരളത്തിൽനിന്നുള്ളതല്ല എന്ന് വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:തെരുവ് നായ്ക്കളും പുലിയും തമ്മിലുള്ള എന്‍കൌണ്ടര്‍- ദൃശ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ല…
Fact Check By: Vasuki SResult: False
