ഇ‌വി‌എം തട്ടിപ്പ് നടന്നുവെന്ന് ആരോപിച്ച് മണിപ്പൂര്‍ ലോക്സഭാ തെരെഞ്ഞെടുപ്പ് പോളിംഗുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം

പോളിംഗ് ബൂത്തില്‍ നടക്കുന്ന തര്‍ക്കവും തുടര്‍ന്നുള്ള അക്രമ സംഭവങ്ങളുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. മണിപ്പൂരില്‍ പോളിംഗിനിടെ ഇ‌വി‌എം തട്ടിപ്പ് നടന്നത് കൈയ്യോടെ പിടികൂടിയ ദൃശ്യങ്ങളാണിത് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “മണിപ്പൂരിൽ ഏതിന് കുത്തിയാലും തമരയ്ക്ക് അവസാനം എല്ലാം അടിച് നിരപ്പാക്കി....”

FB postarchived link

എന്നാല്‍ വോട്ട് ചെയ്യാനെത്തിയ ഒരു വോട്ടര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ ഉണ്ടായ സാങ്കേതിക തടസ്സത്തെ തുടര്‍ന്നുണ്ടായ തര്‍ക്കവും പിന്നാലെ ഉണ്ടായ അക്രമത്തിന്‍റെയും ദൃശ്യങ്ങളാണിതെന്ന് അന്വേഷണത്തില്‍ ഫാക്റ്റ് ക്രെസന്‍ഡോ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ സമ്മാന ദൃശ്യങ്ങൾ ഉൾപ്പെടുത്തി എൻഡിടിവി X പ്ലാറ്റ്ഫോമില്‍ കൊടുത്തിട്ടുള്ള വാർത്ത ലഭിച്ചു.

പ്രോക്‌സി വോട്ട് ആരോപണത്തെ തുടർന്ന് മണിപ്പൂരിൽ ഇവിഎം നശിപ്പിച്ചു എന്നാണ് വീഡിയോയുടെ തലക്കെട്ട്. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് യുട്യൂബില്‍ പോസ്റ്റു ചെയ്ത വാര്‍ത്താ ബുള്ളറ്റിന്‍ ലഭിച്ചു.

“ഇംഫാൽ വെസ്റ്റിലെ ഖൈദെമിലെ ഒരു പോളിംഗ് ബൂത്തിൽ നിന്നുള്ള ദൃശ്യങ്ങൾ, 100 ഓളം ആളുകൾക്ക് വേണ്ടി ഒരു സായുധ സംഘം പ്രോക്സി വോട്ട് ചെയ്തു എന്നാരോപിച്ച് ഒരു കൂട്ടം ആളുകൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇവിഎം) തകർക്കുന്നത് കാണിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു.

ഉടൻ തന്നെ ഇന്നർ മണിപ്പൂർ കോൺഗ്രസ് സ്ഥാനാർത്ഥി എ ബിമോൾ അക്കോജം പോളിംഗ് ബൂത്തിലെത്തി സുരക്ഷാ ഉദ്യോഗസ്ഥരുമായും പോളിംഗ് ഏജൻ്റുമാരുമായും സംസാരിച്ചു.

അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ട മിക്ക സ്ഥലങ്ങളും കോൺഗ്രസിന്‍റെ ശക്തികേന്ദ്രങ്ങളാണെന്ന് ബിജെപി വൃത്തങ്ങൾ ആരോപിച്ചു. സംഭവങ്ങൾ നിരീക്ഷിച്ച സുരക്ഷാ വൃത്തങ്ങൾ അക്രമത്തിന്‍റെ വിശദാംശങ്ങൾ നൽകി.

ഇവിഎമ്മുകൾ നശിപ്പിക്കപ്പെട്ടത്:

ഇംഫാൽ ഈസ്റ്റിലെ ക്ഷേത്രിഗാവോ അസംബ്ലി മണ്ഡലത്തിലെ ബമോൺ കാമ്പു പോളിംഗ് സ്റ്റേഷൻ.

സെക്‌മൈജിൻ ഖുനാവോ മാമാങ് പോളിംഗ് സ്റ്റേഷൻ, കാച്ചിംഗ്.

തോങ്‌ജു അസംബ്ലി മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷൻ, ഇംഫാൽ ഈസ്റ്റ്.

ഇറോയിഷെംബ മാമാങ് ലെയ്കായി പോളിംഗ് സ്റ്റേഷനും ഉറിപോക്ക് അസംബ്ലി മണ്ഡലവും, ഇംഫാൽ വെസ്റ്റും.

ഇംഫാൽ ഈസ്റ്റിലെ തോങ്‌ജു അസംബ്ലി മണ്ഡലത്തിന് കീഴിലുള്ള ഖോങ്മാൻ സോൺ-V പോളിംഗ് സ്റ്റേഷൻ.

ഇംഫാൽ ഈസ്റ്റിലെ ഖുറൈ അസംബ്ലി നിയോജക മണ്ഡലത്തിന് കീഴിലുള്ള ഖുറൈ തോംഗം ലെയ്കായിയുടെ എസ് ഇബോബി പ്രൈമറി സ്കൂൾ” എന്ന വിവരണത്തോടെ എന്‍‌ഡി‌ടി‌വിയുടെ റിപ്പോര്‍ട്ട് ലഭ്യമായി.

archivedlink

അക്രമം നടന്ന സ്റ്റേഷനുകളില്‍ റീപോളിംഗ് നടത്താന്‍ മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ ഉത്തരവിട്ടതായി ഇലക്ഷന്‍ കമ്മീഷന്‍ സര്‍ക്കുലര്‍ സഹിതം എ‌എന്‍‌ഐ ന്യൂസ് വാര്‍ത്ത നല്കിയിട്ടുണ്ട്.

മണിപ്പൂരിലെ ഖുറൈ അസംബ്ലി മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷന് കീഴിലുള്ള എസ് ഇബോബി പ്രൈമറി സ്‌കൂളില്‍ ഇവിഎം നശിപ്പിച്ചുവെന്നാരോപിച്ച് എസ് സൂരജ് കുമാര്‍ എന്നയാള്‍ക്കെതിരെ കേസെടുത്തു. മണ്ഡലത്തിലെ വോട്ടറായ സൂരജ് കുമാറിന്‍റെ വോട്ട് മറ്റാരോ ചെയ്‌തെന്ന് മനസിലാക്കിയതോടെ പ്രിസൈഡിംഗ് ഓഫിസറോട് പരാതിപ്പെട്ടു. എന്നാല്‍ അവര്‍ നടപടി എടുത്തില്ല എന്നാരോപിച്ച്, പ്രകോപിതരായ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് കയറി പ്രതിഷേധിക്കുകയായിരുന്നു എന്നാണ് സൂരജ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

നിഗമനം

ഏതിന് കുത്തിയാലും ബി‌ജെ‌പിക്ക് വോട്ട് വീഴുന്ന തരത്തില്‍ ഇ‌വി‌എം ക്രമക്കേട് നടന്നതിനെ തുടര്‍ന്ന് മണിപ്പൂരില്‍ ലോക്സഭാ തെരെഞ്ഞെടുപ്പിനിടെ അക്രമം ഉണ്ടായി എന്ന തരത്തിലുള്ള പ്രചരണം തെറ്റാണ്. മണിപ്പൂരിലെ ഖുറൈ അസംബ്ലി മണ്ഡലത്തിലെ വോട്ടറായ സൂരജ് കുമാറിന്‍റെ വോട്ട് മറ്റാരോ ചെയ്‌തെന്ന് മനസിലാക്കിയതോടെ പ്രിസൈഡിംഗ് ഓഫിസറോട് പരാതിപ്പെട്ടു, എന്നാല്‍ അഭികാമ്യമായ പ്രതികരണം ഉണ്ടാകാതിരുന്നതിനാല്‍ പ്രകോപിതരായ വോട്ടര്‍മാര്‍ ഇ‌വി‌എം മെഷീനുകള്‍ നശിപ്പിക്കുകയും പോളിംഗ് ബൂത്ത് തകര്‍ക്കുകയും ചെയ്ത സംഭവത്തിന്‍റെ ദൃശ്യങ്ങളാണിത്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘മണിപ്പൂരില്‍ ഏതില്‍ കുത്തിയാലും ബി‌ജെ‌പിക്ക് വോട്ട് വീഴുന്നുവെന്ന് ആരോപിച്ച് അക്രമം...’ പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്...

Fact Check By: Vasuki S

Result: False