
കേരളത്തില്‍ ജനമൈത്രി പോലീസിന് എതിരെ നിരവധി ആരോപണങ്ങള്‍ പുറത്തു വരുന്നതിന് പിന്നാലെ പല സംസ്ഥാനങ്ങളില്‍ നിന്നും പോലിസ് സ്റ്റേഷനില്‍ നിന്നുള്ള സംഘര്‍ഷങ്ങളുടെ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഒരു യുവതിയും വനിതാ പൊലീസ് ഉദ്യോഗസ്ഥയും തമ്മിലുള്ള കൈയ്യേറ്റത്തിന്‍റെ വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
യുവതി പൊലീസുകാരിയെ പിടിച്ച് തള്ളുന്നതും അവര്‍ അടിതെറ്റി പിന്നിലേയ്ക്ക് മറിഞ്ഞു വീഴാന്‍ പോകുന്നതും തിരിഞ്ഞ് പോലീസുകാരി യുവതിയെ പിടിച്ച് തള്ളുന്നതും ദൃശ്യങ്ങളില്‍ കാണാം. വാഹനമോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ചില്ലെന്ന പേരില്‍ യുവതിയെ പൊലീസ് തടഞ്ഞുവച്ച് മര്‍ദ്ദിച്ചപ്പോള്‍ യുവതി തിരിച്ചടിച്ചുവെന്ന് സൂചിപ്പിച്ച് ഒപ്പുള്ള വിവരണം ഇങ്ങനെ: “ഹെൽമറ്റ് വച്ച് ഓടിക്കാത്തതിന് പോലീസ് തല്ലിയപ്പോൾ എടുത്തിട്ട് പെരുമാറി അനുസറ എന്ന യുവതി”
എന്നാല്‍, ഹെല്‍മറ്റ് വയ്ക്കാത്തതിനല്ല യുവതിയും പൊലീസുകാരിയും തമ്മില്‍ കൈയ്യാങ്കളി ഉണ്ടായതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീഫ്രെയ്മുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ സമാന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. 2025 ഓഗസ്റ്റ് 21ന് ന്യൂസ് 18 നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഉത്തര്‍പ്രദേശിലെ ആഗ്ര ട്രാന്‍സ് യമുന പൊലീസ് സ്റ്റേഷനില്‍ നടന്ന സംഭവമാണിത്. പൊലീസ് സ്റ്റേഷനില്‍ മോഷണ കേസിനെപ്പറ്റി അറിയാനെത്തിയ യുവതി വീഡിയോ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയായിരുന്നു.

സര്‍ജു യാദവ് എന്ന യുവതിയാണ് വീഡിയോയിലുള്ളത്. മുന്‍പ് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട വിവരം അറിയുന്നതിന് സ്റ്റേഷനിലെത്തിയ യുവതി വനിതാ സെല്ലിലെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. പരാതിയെ കുറിച്ച് ചോദിക്കുന്നതിനിടെ യുവതി വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചു. പൊലീസ് തടഞ്ഞതോടെ വാക്കു തര്‍ക്കവും പിന്നീട് സംഘര്‍ഷവുമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് പൊലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് സര്‍ജു യാദവ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ആഗ്ര പൊലീസ് കമ്മിഷണറേറ്റ് സംഭവത്തിന്‍റെ വീഡിയോ പുറത്തുവിട്ടു.

സ്റ്റേഷന്‍ ഇന്‍ ചാര്‍ജിനോട് മോശമായി പെരുമാറുകയും വനിതാ സബ് ഇന്‍സ്‌പെക്ടറെ ആക്രമിക്കുകയും ചെയ്തതിന് സര്‍ജുവിനെതിരെ പൊലീസ് കേസെടുത്തതായും ആജ് തക് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു. സര്‍ജു യാദവ് ഒരു മോഷണ കേസ് സ്റ്റേഷനില്‍ നല്‍കിയിരുന്നെന്നും 2025 ജനുവരിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയ കേസിനെപ്പറ്റി അന്വേഷിക്കാനെത്തിയപ്പോഴാണ് പ്രശ്‌നം നടന്നതെന്നും വാര്‍ത്തയിലുണ്ട്.
പോലിസ് സ്റ്റേഷനിലെ പുരുഷ പൊലീസ് ഉള്‍പ്പെടെ തന്നെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് സര്‍ജു സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റ് തെറ്റിദ്ധാരണ പരത്തിയതോടെയാണ് ആഗ്ര പൊലീസ് കമ്മിഷണറേറ്റ് എക്‌സ് പോസ്റ്റിലൂടെ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കാളിന്ദി വിഹാര്‍ സ്വദേശിയായ ത്രിഭുവന്‍റെ ഭാര്യയായ സര്‍ജു യാദവ് ഓഗസ്റ്റ് 19നാണ് സ്‌റ്റേഷനിലെത്തിയത്. ട്രാന്‍സ് യമുന സ്റ്റേഷനില്‍ 370/24 ക്രൈം നമ്പറായി രജിസ്റ്റര്‍ ചെയ്ത കേസിനെപ്പറ്റി അന്വേഷിക്കാനാണ് ഇവര്‍ എത്തിയതെന്നും കേസ് 2024 ജനുവരിയില്‍ തന്നെ അവസാനിപ്പിച്ചതാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
നിഗമനം
ഹെല്‍മറ്റ് വയ്ക്കാത്തതിനെ ചൊല്ലി ഒരു യുവതിയും വനിതാ പോലീസും തമ്മിലുണ്ടായ കൈയ്യേറ്റത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. മുമ്പ് നല്‍കിയ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ യുവതി പോലിസ് സ്റ്റേഷനില്‍ വീഡിയോ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയ്യേറ്റത്തിന് കാരണമായത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:വനിതാ പോലീസും യുവതിയും തമ്മിലുണ്ടായ കൈയ്യേറ്റം ഹെല്‍മെറ്റ് ധരിക്കുന്നതിനെ ചൊല്ലിയല്ല, സത്യമിങ്ങനെ…
Fact Check By: Vasuki SResult: False
