വിവരണം

മിനിഞ്ഞാന്ന് പോത്ത് വാങ്ങാന്‍ ക്യൂ നിന്നവനെ കളിയാക്കിയവരാണ് ഇന്ന് വെള്ളരിക്ക വാങ്ങാന്‍ കൂട്ടംകൂടി നില്‍ക്കുന്നത്. 😂😂😂😂 എന്ന പേരില്‍ വലിയൊരു ജനക്കൂട്ടം ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈസ്റ്റര്‍ ദിവസം ലോക്ക് ‍ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ പുറത്തിറങ്ങിയെന്ന വിമര്‍ശനത്തിന് മറുപടി എന്നതരത്തിലാണ് വിഷുവിക്കണിയൊരുക്കാന്‍ പ്രധാനമായും വെക്കുന്ന വെള്ളരി വാങ്ങാന്‍ ലോക്‌ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയെന്ന വ്യാജേന ചിത്രം പങ്കുവെച്ചിരിക്കുന്നത്. ജെയിംസ് കേരള എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് ഇതുവരെ 1,800ല്‍ അധികം ഷെയറുകളും 245ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ ലോക്‌ഡൗണ്‍ ലംഘിച്ച് വിഷുവിന് ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നവരുടെ ചിത്രമാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ലോക്‌ഡൗണ്‍ ലംഘനം എന്ന വ്യാജേന പ്രചരിപ്പിച്ചിരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചപ്പോള്‍ ചിത്രത്തിന്‍റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞു. കേരള കൗമുദി വെബ്‌സൈറ്റില്‍ വിഷുദിനത്തിരക്കിനെ കുറിച്ചുള്ള വാര്‍ത്തയുടെ ചിത്രമാണിതെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ ഇത് ഈ വര്‍ഷത്തെ വിഷുത്തിരക്കിന്‍റെ ചിത്രമല്ലെന്നതാണ് യഥാര്‍ത്ഥ്യം. 2019ലെ വിഷുവിന് കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ അനുഭവപ്പെട്ട തിരക്കിന്‍റെ ചിത്രമാണിതെന്ന് കേരള കൗമുദി പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്തയോടൊപ്പമുള്ള ചിത്രത്തിന് അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചിത്രം ലോക്‌ഡൗണ്‍ ലംഘിച്ച് ഇത്തവണത്തെ വിഷുവിന് പുറത്തിറങ്ങിയവരുടേതല്ലെന്ന് വ്യക്തം.

ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

കേരള കൗമുദി വാര്‍ത്ത റിപ്പോര്‍ട്ടിലെ യഥാര്‍ത്ഥ ചിത്രം-

Kerala Kaumudi ReportArchived Link

നിഗമനം

കോവിഡ് ലൗക്‌ഡൗണ്‍ പശ്ചാത്തലത്തില്‍ നടന്ന ലംഘനമെന്ന വ്യാജേന പ്രചരിക്കുന്ന ചിത്രം പഴയതാണെന്ന് കണ്ടെത്തിയത് കൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:വെള്ളരി വാങ്ങാന്‍ ലോക്‌ഡൗണ്‍ ലംഘനം നടത്തിയ ജനക്കൂട്ടത്തിന്‍റെ ചിത്രമാണോ ഇത്?

Fact Check By: Dewin Carlos

Result: False