
സിപിഎം സംസ്ഥാന സെക്രട്ടറിയും പാർട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗവുമായ എംവി ഗോവിന്ദന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
“…ഭരണകൂടത്തിന്‍റെ ഭാഗമാണ്. ഇവിടെ പിണറായി വിജയന്‍റെ ഭരണകൂടമാണ് എന്നു പറയുന്നുണ്ടെങ്കിലും അത് ശുദ്ധ അസംബന്ധമാണ്. അതായത് നരേന്ദ്ര മോദിയുടെ ഭരണകൂടം തന്നെയാണ് കേരളത്തിലും….” ഈ വാചകങ്ങള്‍ ഒരു അഭിമുഖത്തിനിടെ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നതായാണ് വീഡിയോയില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. അദ്ദേഹം മോദീയെ പുകഴ്ത്തി സംസാരിക്കുകയാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “വെറുതെയല്ല സതീശൻ പറഞ്ഞത്,ഗോവിന്ദൻ സത്യം അറിയാതെ വിളിച്ചു പറയുമെന്ന്”
എന്നാല്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുകയാണെന്നും വീഡിയോ അഞ്ചു വര്‍ഷം പഴയതാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ മനോരമ ന്യൂസിന്‍റെ ലോഗോ കാണാം. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ മനോരമ ന്യൂസിന്റെ യൂട്യൂബ് ചാനലില്‍ 2020 ജനുവരി 24ന് പങ്കുവെച്ച റിപ്പോര്‍ട്ട് ലഭിച്ചു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് രണ്ടു യുവാക്കള്‍ക്കെതിരെ യുഎപിഎ ചിമത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍. യുഎപിഎ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു നടപ്പിലാക്കുന്ന നിയമമാണെന്നും സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഇടപെടലുകള്‍ നടത്താനാകില്ലെന്നും അദ്ദേഹം പ്രതികരിക്കുകയായിരുന്നു.
“നരേന്ദ്രമോദിയുടെ ഭരണകൂടം തന്നെയാണ് കേരളത്തിലും. നരേന്ദ്രമോദിയുടെ ഭരണകൂടം തന്നെയാണ് തമിഴ്നാട്ടിലും, അത് തന്നെയാണ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലാകെ, ഇന്ത്യയിലാകെ… ആ ഭരണകൂടത്തിനൊരു വര്‍ഗനിലപാടുണ്ട്. ആ വര്‍ഗനിലപാട് അടിസ്ഥാനപ്പെടുത്തിയുള്ള നിയമനിര്‍മാണങ്ങളും കാര്യങ്ങളുമൊക്കെ വരും.. എല്ലാ നിയമനിര്‍മാണങ്ങളെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നില്ല. നിരവധി നിയമനിര്‍മാണങ്ങളെ ഞങ്ങള്‍ പാര്‍ലമെന്‍റിലും പുറത്തും എതിര്‍ത്തിട്ടുണ്ട്. ഇനിയും എതിര്‍ക്കും” – ഇതായ്ന് അദ്ദേഹം യഥാര്‍ഥത്തില്‍ പറഞ്ഞത്. മോഡിയെ കുറിച്ചു പറഞ്ഞ ഭാഗം മാത്രം എഡിറ്റ് ചെയ്തെടുത്ത് പ്രചരിപ്പിക്കുകയാണ്.
സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ നിലപാടിനെതിരെയാണ് എംവി ഗോവിന്ദന്‍ പ്രതികരിച്ചത്. മനോരമ ഓണ്‍ലൈന്‍ പതിപ്പില്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉണ്ട്.
എംവി ഗോവിന്ദന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങളാണ്.
നിഗമനം
2020 ല്‍ UAPA ചുമത്തി രണ്ടുപേരെ കോഴിക്കോട് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് എംവി ഗോവിന്ദന്‍ നടത്തിയ പ്രസ്താവനയില്‍ നിന്നും കുറച്ചു ഭാഗം മാത്രം എഡിറ്റ് ചെയ്തെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുകയാണ്. യുഎപിഎ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു നടപ്പിലാക്കുന്ന നിയമമാണെന്നും സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഇടപെടലുകള്‍ നടത്താനാകില്ലെന്നുമാണ് യഥാര്‍ഥത്തില്‍ അദ്ദേഹം പറഞ്ഞത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:എംവി ഗോവിന്ദന്‍ നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കുന്നു എന്നു പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇതാണ്…
Fact Check By: Vasuki SResult: ALTERED
