ഹഥ്രാസില്‍ സത്സംങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് നൂറിലേറെപ്പേര്‍ മരിക്കാനിടയായ ദൃശ്യങ്ങള്‍ എന്നു പ്രചരിപ്പിക്കുന്നത് പുരി രഥയാത്രയുടെ വീഡിയോ… 

ദേശീയം | National

ഉത്തര്‍പ്രദേശിലെ ഹഥ്രാസില്‍ ഈയിടെ ആത്മീയ ആചാര്യന്‍ നടത്തിയ സത്സംങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിക്കാനിടയായിരുന്നു. അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

തുറസ്സായ മൈതാനത്ത് സൂചി കുത്താന്‍ ഇടയില്ലാത്തവണ്ണം തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ കാണാം. ദൂരെയായി ക്ഷേത്രോല്‍സവത്തിലെ പോലുള്ള ഒരു രഥം കാണുന്നുണ്ട്. തിങ്ങിയ ജനക്കൂട്ടം ഉന്തും തള്ളും ഉണ്ടാക്കുന്നതും സുരക്ഷക്കായി കെട്ടിയിട്ടുള്ള ബാരിക്കേഡുകള്‍ തകര്‍ന്നു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഉത്തർപ്രദേശിലെ ഹത്രാസിൽ ഭോലേ ബാബ എന്നറിയപ്പെടുന്ന നാരായൺ സാക്കർ ഹരി നടത്തിയ സത്സംഗിനിടെ ദുരന്തം ഉണ്ടാകുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “വികസിത രാജ്യങ്ങളെക്കാൾ നൂറ് വർഷം പിറകിൽ സഞ്ചരിക്കുന്ന ഒരു ജനത..

(യു പി യിലെ ആൾ ദൈവം 130 പേരെ സ്വർഗത്തിലേക്ക് കൊണ്ട് പോകുന്നതിനു തൊട്ടു മുമ്പുള്ള വീഡിയോ )”

FB postarchived link

എന്നാല്‍ തെറ്റായ പ്രചരണമാണിതെന്നും പുരി രഥോല്‍സവത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളിൽ ഒന്നിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തന്‍റെ ഫേസ്ബുക്ക്/ ഇന്‍സ്റ്റഗ്രാം അക്കൌണ്ടുകളില്‍ സമാന വീഡിയോ പങ്കുവച്ചതായി കണ്ടു. പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോല്‍സവം 2024 ല്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. വൈറല്‍ വീഡിയോയിലെ അതേ രഥം അദ്ദേഹം പങ്കുവച്ച ദൃശ്യങ്ങളില്‍ കാണാം. 

2024 രഥോല്‍സവത്തിന്‍റെ വിവിധ വീഡിയോകള്‍ യുട്യൂബില്‍ പലരും പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിലെ അതേ വീഡിയോ ഞങ്ങള്‍ക്ക്  യുറ്റൂബില്‍ നിന്നും ലഭിച്ചു. 

“2024 രഥയാത്രയിലെ ജനസമുദ്രം” എന്ന അടിക്കുറിപ്പിലാണ് വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. വൈറല്‍ വീഡിയോയിലും യുട്യൂബ് വീഡിയോയിലും കാണുന്ന രഥവും മൈതാനത്തിലെ ചില കെട്ടിടങ്ങളും ഒന്നുതന്നെയാണ്.  

ദൃശ്യങ്ങള്‍ക്ക് ഹഥ്രാസ് ദുരന്തവുമായി ബന്ധമില്ലെന്ന് ഉറപ്പിക്കാം. ഹഥ്രാസ് ദുരന്തം നടന്ന സ്ഥലത്തിന്‍റെ ദൃശ്യങ്ങൾ അല്‍ജസീറ   റിപ്പോര്‍ട്ടില്‍ കാണാം: 

വൈറല്‍ വീഡിയോയില്‍ കാണുന്ന മൈതാനവുമായി ഹഥ്രാസിലെ അപകട സ്ഥലത്തിന് വ്യത്യാസമുണ്ട്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ഹഥ്രാസില്‍ ഭോലേ ബാബ എന്നറിയപ്പെടുന്ന നാരായൺ സാക്കർ ഹരി നടത്തിയ സത്സംഗിനിടെ തിക്കിലും തിരക്കിലും പെട്ട് 121പേര്‍ മരിക്കാനിടയായ സംഭവത്തിന്‍റെ തൊട്ടുമുമ്പത്തെ വീഡിയോ എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് പുരി ജഗന്നാഥ ക്ഷേത്രത്തിലെ 2024 രഥോല്‍സവത്തിന്റെ ദൃശ്യങ്ങളാണ്. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് ഹഥ്രാസുമായി യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഹഥ്രാസില്‍ സത്സംങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് നൂറിലേറെപ്പേര്‍ മരിക്കാനിടയായ ദൃശ്യങ്ങള്‍ എന്നു പ്രചരിപ്പിക്കുന്നത് പുരി രഥയാത്രയുടെ വീഡിയോ…

Fact Check By: Vasuki S 

Result: False