
വിവരണം
“വിജയ് യേശു ദാസിന്റെ മകൾ അമയ
ഹരിവരാസനം പാടുന്നു
നല്ല സ്വരം, നല്ല ശ്രുതി, നല്ല ഈണം, നല്ല രാഗം, നല്ല ഭാവം, നല്ല ലയം, നല്ല വിനയം, നല്ല എളിമ, നല്ല അനുസരണ,നല്ല ഗുണങ്ങൾ എല്ലാമുള്ള ഒരുകൊച്ചുസുന്ദരിക്കുട്ടി അതാണ് ദാസേട്ടന്റെ കൊച്ചു മിടുമിടുക്കി അമയ#%&?
അഗസ്തൃൻ ജോസഫ് മുതൽ അമയ വരെ നാല് തലമുറ വരെ മങ്ങാതെ നിൽക്കുന്ന സംഗീത മഴ” എന്ന വിവരണത്തോടെ ഒരു പെൺകുട്ടി ഹരിവരാസനം.. എന്ന് തുടങ്ങുന്ന മനോഹരമായി ആലപിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രചരിച്ചു പോരുന്നത് വാട്ട്സ് ആപ്പിലും ഫേസ്ബുക്കിലും എല്ലാവരും കണ്ടുകാണും.
archived link | FB post |
യേശുദാസിന്റെ കൊച്ചുമകൾ എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ശബരിമല സന്നിധാനത്ത് നടയടയ്ക്കുമ്പോൾ യേശുദാസ് ആലപിച്ച ഹരിവരാസനം എന്ന കീർത്തനമാണ് കേൾപ്പിക്കുന്നത് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. വിശ്വാസത്തേക്കാളുപരി മലയാളികളുടെ മനസ്സിൽ യേശുദാസിന്റെ നാദമാധുരിയിൽ അലിഞ്ഞു ചേർന്ന ഈ കീർത്തനം അദ്ദേഹത്തിൻറെ കൊച്ചുമകൾ ആലപിക്കുന്നു എന്ന് കേൾക്കുമ്പോൾ തീർച്ചയായും അതിന് ശ്രദ്ധ കൂടുതൽ ലഭിക്കും. അതിനു വേണ്ടി ആരോ നടത്തുന്ന വ്യാജ പ്രചാരണം മാത്രമാണിതെന്നും ഈ പെൺകുട്ടി യേശുദാസിന്റെ പേരക്കുട്ടി അല്ലെന്നും ആദ്യമേ തന്നെ അറിയിക്കുന്നു. പിന്നെ ഈ പെൺകുട്ടി ആരാണ്… എവിടെയുള്ളതാണ് എന്ന് നമുക്ക് അന്വേഷിച്ചറിയാം
വസ്തുതാ വിശകലനം
ഇതേ വീഡിയോ തമിഴ് ഭാഷയിൽ ഇതേ വിവരണവുമായി പ്രചരിച്ചപ്പോൾ ഞങ്ങളുടെ തമിഴ് ടീം വസ്തുതാ അന്വേഷണം നടത്തിയിരുന്നു, റിപ്പോർട്ട് ഇവിടെ വായിക്കാം.
பாடகர் கே.ஜே.யேசுதாஸ் பேத்தி இவரா?
യേശുദാസിനെപ്പോലെതന്നെ അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളും മലയാളികൾക്ക് സുപരിചിതരാണ്. ചില ടിവി ഷോകളിൽ അദ്ദേഹം ഭാര്യ പ്രഭയും മകൻ വിജയും കൊച്ചുമകൾ അമേയയുമായും പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൊച്ചുമകൾ അമേയയുടെ ചില ചിത്രങ്ങൾ താഴെ കൊടുക്കുന്നു.
അമേയയുമൊത്തുള്ള യേശുദാസിന്റെ ചില നിമിഷങ്ങളുടെ വീഡിയോ താഴെ കാണാം
വീഡിയോയിൽ കീർത്തനം ആലപിക്കുന്ന പെൺകുട്ടി ഡോ. കെജെ യേശുദാസിന്റെ പേരക്കുട്ടിയല്ല എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. പെൺകുട്ടിയുടെ വീഡിയോയിൽ നിന്നും ചില ചിത്രങ്ങൾ എടുത്ത് റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഞങ്ങൾക്ക് ലഭിച്ച ഫലങ്ങൾ ഇങ്ങനെയാണ്.
ഈ ഗായിക ആന്ധ്രയിലെ വിജയവാഡയിൽ നിന്നുമുള്ള ശ്രീലളിതാ ഭാമിഡിപ്പതിയാണ്. ഈ കുട്ടിയെപ്പറ്റി ഇന്റർനെറ്റിൽ വിവരങ്ങൾ ലഭ്യമാണ്. ചെറിയ പ്രായം മുതൽ വേദികളിൽ ഗാനങ്ങൾ ആലപിച്ചു കൊണ്ട് ശ്രദ്ധേയയാണ്. ശ്രീലളിതയുടെ ഫേസ്‌ബുക്ക് പേജിൽ ഇതേ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
താഴെ നൽകിയിരിക്കുന്ന ചിത്രം നോക്കിയാൽ പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം തെറ്റാണ് എന്ന് അനായാസം മനസിലാകും
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയിലെ ഗായിക യേശുദാസിന്റെ പേരക്കുട്ടിയല്ല. ആന്ധ്രയിലെ വിജയവാഡയിൽ നിന്നുമുള്ള ശ്രീലളിതാ ഭാമിഡിപ്പതി എന്ന ഗായികയാണ്. ഈ പെൺകുട്ടിക്ക് യേശുദാസുമായി യാതൊരു ബന്ധവുമില്ല. വാസ്തവമറിയാതെ തെറ്റിദ്ധരിച്ച് പലരും വീഡിയോ ഷെയർ ചെയ്യുകയാണ്.

Title:ഈ ഗായിക യേശുദാസിന്റെ പേരക്കുട്ടി അമേയയല്ല… ആന്ധ്രയിൽ നിന്നുമുള്ള ശ്രീലളിതയാണ്…
Fact Check By: Vasuki SResult: False
